'ട്രംപിന്റെ നിലപാടുകൾക്ക് പിന്നിൽ എഐ ബുദ്ധിയോ?'; അമേരിക്കൻ പ്രസിഡന്റിനെ പരിഹസിച്ച് രാം ഗോപാൽ വർമ; നയതന്ത്ര മാറ്റങ്ങളെയും പരുക്കൻ ഭാഷയിലും ആശങ്ക പ്രകടിപ്പിച്ച് സംവിധായകൻ
മുംബൈ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളെയും നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് സംവിധായകൻ രാം ഗോപാൽ വർമ. ട്രംപിന്റെ നയതന്ത്ര നീക്കങ്ങൾ മനുഷ്യസഹജമായ തീരുമാനങ്ങളാണോ അതോ കൃത്രിമബുദ്ധി (എ.ഐ) ഉപയോഗിച്ചുള്ളതാണോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയായിരുന്നു വർമയുടെ പ്രതികരണം.
ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കങ്ങളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിക്കുന്ന പരസ്പരവിരുദ്ധമായ നിലപാടുകളെയാണ് രാം ഗോപാൽ വർമ പ്രധാനമായും ചോദ്യം ചെയ്യുന്നത്. ഒരു നിമിഷം ഭീകരമായ യുദ്ധത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ട്രംപ്, തൊട്ടടുത്ത നിമിഷം അതൊരു ചെറിയ നീക്കം മാത്രമാണെന്ന് ലഘൂകരിക്കുകയും, തൊട്ടുപിന്നാലെ ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്യുന്നു. ഒരു ഭരണാധികാരിക്ക് ഇത്രവേഗത്തിൽ തന്റെ നിലപാടുകൾ മാറ്റാൻ സാധാരണഗതിയിലുള്ള നയതന്ത്ര ഉപദേശങ്ങൾ വഴി സാധിക്കില്ലെന്നും, ഇതിനു പിന്നിൽ കൃത്രിമബുദ്ധി നൽകുന്ന അൽഗോരിതങ്ങളാകാമെന്നുമാണ് വർമ വാദിക്കുന്നത്.
മനുഷ്യന്റെ വേഗതയിലുള്ള നയതന്ത്ര ചർച്ചകളല്ല ഇപ്പോൾ നടക്കുന്നതെന്ന് വർമ നിരീക്ഷിക്കുന്നു. തത്സമയ വിവരങ്ങൾ അപഗ്രഥിച്ച് ആയിരക്കണക്കിന് സാധ്യതകൾ നിമിഷങ്ങൾക്കുള്ളിൽ നൽകാൻ എഐയ്ക്ക് സാധിക്കും. അത്തരത്തിൽ ചുരുങ്ങിയ കാലയളവിലെ നേട്ടങ്ങൾക്കായി കൃത്രിമബുദ്ധി തയ്യാറാക്കി നൽകുന്ന തിരക്കഥയാണോ ട്രംപ് വായിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ബുദ്ധിശക്തിയുള്ള ഒരു സംവിധാനം നൽകുന്ന വിവരങ്ങൾ വിവേകത്തോടെ ഉപയോഗിക്കാൻ ട്രംപിന് കഴിയുന്നുണ്ടോ എന്ന കാര്യത്തിൽ രൂക്ഷമായ വ്യക്തിപരമായ വിമർശനവും വർമ ഉയർത്തി.
ട്രംപിന്റെ പരുക്കൻ ഭാഷാപ്രയോഗങ്ങളെയും വർമ കടുത്ത ഭാഷയിൽ വിമർശിച്ചു. ഒരു രാജ്യത്തിന്റെ തലവൻ പരസ്യമായി അസഭ്യവാക്കുകൾ ഉപയോഗിക്കുമ്പോൾ, രക്ഷിതാക്കളും അധ്യാപകരും ഇത് കുട്ടികൾക്ക് എങ്ങനെ വിശദീകരിച്ചു കൊടുക്കുമെന്ന് അദ്ദേഹം ചോദിച്ചു. സമൂഹത്തിന് മാതൃകയാകേണ്ടവർ ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് സാമൂഹിക മൂല്യങ്ങളെ തകർക്കുമെന്ന ആശങ്കയോടെയാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ അവസാനിപ്പിക്കുന്നത്.
Is Trump only listening to A I?
— Ram Gopal Varma (@RGVzoomin) April 6, 2026
One moment he shouts: “Major combat operations over” to say later: “A short term excursion” nearing completion.
Then threatens to bomb power plants and bridges “Will throw Iran back to the Stone Ages” … if the Strait of Hormuz isn’t opened…
ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്നും ഇറാനെ "ശിലായുഗത്തിലേക്ക്" തള്ളിക്കളയുമെന്നും ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള വിപണിയെയും സുരക്ഷയെയും സാരമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്.
