'വാഴ 2' വിലെ 'കുട്ടിപ്പട്ടാളം' താരം; അന്ന് സുബിയുടെ കൂടെ വേദിയിൽ തരംഗമായ വേദ ശങ്കർ; ഇന്ന് സ്‌കൂൾ വിദ്യാർത്ഥിയായി വെള്ളിത്തിരയിൽ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

Update: 2026-04-06 10:37 GMT

കൊച്ചി: നവാഗതർ അണിനിരന്ന 'വാഴ 2' ബോക്സ് ഓഫീസിൽ വൻ വിജയം കൊയ്യുമ്പോൾ, ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയാണ്. കൂട്ടത്തിൽ സോഷ്യൽ മീഡിയയുടെ മനം കവരുന്നത് അഷ്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വേദ ശങ്കറാണ്. ചിത്രത്തിൽ ഇൻസ്റ്റഗ്രാം താരം അലൻ ബിൻ സിറാജ് അവതരിപ്പിച്ച അലന്റെ സഹോദരിയായി എത്തിയ വേദയെ മലയാളി പ്രേക്ഷകർ ഇതിനു മുൻപേ കണ്ടുപരിചിതരായതാണ്.

അന്തരിച്ച പ്രിയ താരം സുബി സുരേഷ് അവതാരകയായിരുന്ന സൂര്യ ടിവിയിലെ 'കുട്ടിപ്പട്ടാളം' എന്ന ഷോയിലൂടെയാണ് വേദ ആദ്യമായി ആസ്വാദക ശ്രദ്ധ നേടുന്നത്. വാഴ 2 ഹിറ്റായതോടെ വേദയുടെ ഷോയിലെ പഴയ കുസൃതികളും സിനിമയിലെ രംഗങ്ങളും ചേർത്തുവെച്ചുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പല വീഡിയോകൾക്കും താഴെ സാക്ഷാൽ വേദ തന്നെ കമന്റുകളുമായി എത്തുന്നതും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്.

സിനിമയിൽ പത്താം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കാലഘട്ടമാണ് വേദ അവതരിപ്പിക്കുന്നതെങ്കിലും ജീവിതത്തിൽ ഈ താരം ഇപ്പോഴും ഒരു സ്കൂൾ കുട്ടിയാണ്. വേനലവധിക്ക് ശേഷം വേദ എട്ടാം ക്ലാസിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ഈ വലിയ വിജയം തേടിയെത്തിയിരിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ പക്വതയാർന്ന അഭിനയത്തിലൂടെ വേദ പ്രേക്ഷകരുടെ കൈയടി നേടിക്കഴിഞ്ഞു.

2024-ൽ പുറത്തിറങ്ങി വൻ വിജയമായ 'വാഴ'യുടെ രണ്ടാം ഭാഗമായാണ് വാഴ 2 എത്തിയത്. ആദ്യ ഭാഗത്തിന്റെ ടാഗ്‌ലൈൻ 'ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്' എന്നായിരുന്നെങ്കിൽ, രണ്ടാം ഭാഗത്തിന് 'ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്' എന്നാണ് പേര് നൽകിയിരിക്കുന്നത്. ടാഗ്‌ലൈൻ സൂചിപ്പിക്കുന്നത് പോലെ തന്നെ സഹോദരബന്ധത്തിന്റെ ആഴവും നർമ്മവും ചർച്ച ചെയ്യുന്ന ചിത്രം സമീപകാലത്തെ ഏറ്റവും വലിയ ജനപ്രീതിയാർജ്ജിച്ച സിനിമകളിലൊന്നായി മാറിക്കഴിഞ്ഞു.

Tags:    

Similar News