'എല്ലാം ഒരുക്കിയത് രമേഷ് പിഷാരടി ചേട്ടനാണ്'; പ്രാർഥിക്കണം, പിന്തുണച്ചവരോടും നന്ദി; ഏപ്രിൽ ആറിനാണ് ശസ്ത്രക്രിയ; വീഡിയോയുമായി മിമിക്രി താരം കണ്ണൻ സാഗർ
ആലുവ: ബൈപ്പാസ് ശസ്ത്രക്രിയയ്ക്കായി തന്നെ ആലുവയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്ന് നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് തന്റെ ആരോഗ്യവിവരങ്ങൾ ആരാധകരെ അറിയിച്ചത്. ഏപ്രിൽ ആറിനാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.
തന്റെ രോഗാവസ്ഥയെക്കുറിച്ചും ചികിത്സയ്ക്കായി നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും കണ്ണൻ സാഗർ നേരത്തെ ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഹൃദയത്തിലെ ബ്ലോക്കിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്ന സാഹചര്യത്തിൽ മിമിക്രി കലാകാരന്മാരുടെ സംഘടനയായ ‘മാ’യിലെ സഹപ്രവർത്തകരും മറ്റ് സുഹൃത്തുക്കളും സഹായവുമായി എത്തുകയായിരുന്നു.
ശസ്ത്രക്രിയയ്ക്കായി വേണ്ടുന്ന പ്രധാന ക്രമീകരണങ്ങളെല്ലാം ഒരുക്കി നൽകിയത് നടൻ രമേഷ് പിഷാരടിയാണെന്ന് കണ്ണൻ സാഗർ വീഡിയോയിൽ പറഞ്ഞു. "ഈ സർജറിക്ക് വേണ്ട കാര്യങ്ങളെല്ലാം ഒരുക്കി തന്നത് രമേഷ് പിഷാരടി ചേട്ടനാണ്. സ്നേഹം കൊണ്ടും സാമ്പത്തികം കൊണ്ടും അന്വേഷണം കൊണ്ടും സഹായിച്ച എല്ലാ സഹോദരങ്ങളോടും പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടനയുടെ ഭാഗത്തുനിന്ന് കെ.എസ്. പ്രസാദ് ഉൾപ്പെടെയുള്ളവർ നിരന്തരം വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കുന്ന എല്ലാവരുടെയും പ്രാർഥന തനിക്കും കുടുംബത്തിനും ഒപ്പമുണ്ടാകണമെന്നും കണ്ണൻ സാഗർ അഭ്യർഥിച്ചു.