'ദുല്‍ഖറിനും താങ്കള്‍ക്കുമിടയില്‍ എന്താണ് പ്രശ്നം?'; പൊട്ടിച്ചിരിയോടെ ടൊവിനോയുടെ മറുപടി; ദുൽഖറിനെ ഞാൻ ഇപ്പോൾ ലൈവിൽ വിളിക്കണോയെന്ന് താരം

Update: 2026-03-31 12:11 GMT

ചെന്നൈ: തെന്നിന്ത്യൻ സിനിമാലോകം ഏറെ ചർച്ച ചെയ്ത 'ലോക' എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ, താനും ദുൽഖർ സൽമാനും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന പ്രചരണങ്ങൾക്ക് ചുട്ട മറുപടിയുമായി നടൻ ടൊവിനോ തോമസ്. തന്റെ പുതിയ ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ തമിഴ്‌നാട് പ്രൊമോഷന്റെ ഭാഗമായി ചെന്നൈയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് താരം മനസ്സ് തുറന്നത്. ദുല്‍ഖറിനും താങ്കള്‍ക്കുമിടയില്‍ എന്താണ് പ്രശ്നം? എന്നായിരുന്നു ടൊവിനോട് മാധ്യമപ്രവർത്തകൻ ചോദിച്ചത്.

ചോദ്യം കേട്ടയുടൻ അമ്പരന്ന ടൊവിനോ, പിന്നാലെ ഒരു പൊട്ടിച്ചിരിയോടെയാണ് മറുപടി തുടങ്ങിയത്. "ദുൽഖറിനെ ഞാൻ ഇപ്പോൾ ഫോണിൽ വിളിക്കണോ?" എന്നായിരുന്നു താരത്തിന്റെ പ്രതികരണം. വർഷങ്ങളായുള്ള തങ്ങളുടെ ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ച് ടൊവിനോ തോമസ് വാർത്താസമ്മേളനത്തിൽ വാചാലനായി. ദുൽഖർ സൽമാൻ നായകനായ 'തീവ്രം' എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് താൻ തന്റെ സിനിമാ ജീവിതം തുടങ്ങിയതെന്ന് ടൊവിനോ ഓർമ്മിപ്പിച്ചു.

പിന്നീട് ദുൽഖറിന്റെ തന്നെ 'എബിസിഡി' എന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ചതു മുതലുള്ള ബന്ധമാണിതെന്നും, അന്ന് മുതൽ ഇന്ന് വരെ ഏറ്റവും മാന്യമായാണ് ദുൽഖർ തന്നോട് പെരുമാറിയിട്ടുള്ളതെന്നും താരം പറഞ്ഞു. തന്റെ വലിയ സൗഹൃദവലയത്തെക്കുറിച്ച് സൂചിപ്പിക്കവെ, 'ലോക'യുടെ സംവിധായകൻ അരുൺ ഡൊമിനിക്കിന്റെ ആദ്യ ചിത്രമായ 'തരംഗം' തനിക്കൊപ്പമായിരുന്നുവെന്നും കല്യാണി പ്രിയദർശനും നസ്‌ലെനുമെല്ലാം തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും, നസ്‌ലെൻ തനിക്ക് ഒരു സഹോദരനെപ്പോലെയാണെന്നും ടൊവിനോ വ്യക്തമാക്കി.

"ഞങ്ങളുടെ വാട്സ്ആപ്പ് ചാറ്റുകൾ വേണമെങ്കിൽ കാണിച്ചുതരാം, അപ്പോൾ മനസ്സിലാകും ബന്ധത്തിന്റെ ആഴം. പുറത്തിരുന്ന് ഇത്തരം ഗോസിപ്പുകൾ കൊളുത്തിവിടുന്നത് എളുപ്പമാണ്. പക്ഷേ ഇതൊക്കെ കണ്ട് ഞങ്ങൾ ചിരിക്കാറാണ് പതിവ്." ടൊവിനോ പറഞ്ഞു. 'ലോക'യുടെ പ്രൊമോഷൻ പരിപാടികളിൽ ടൊവിനോയുടെ സാന്നിധ്യം കുറവാണെന്ന ചർച്ചകൾക്കും താരം മറുപടി നൽകി.

സിനിമയുടെ ദുബായ് പ്രൊമോഷന് 'നീയും വാ' എന്ന് പറഞ്ഞ് തന്നെ വിളിച്ചത് ദുൽഖർ നേരിട്ടാണെന്നും മൂന്ന് ദിവസം അവിടെ ഒന്നിച്ച് ആഘോഷിച്ചാണ് മടങ്ങിയതെന്നും താരം വെളിപ്പെടുത്തി. ഇത്തരം കഥകൾ പടച്ചുവിടുന്നവർക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ലോക'യുടെ രണ്ടാം ഭാഗത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണെന്നും ആ ചിത്രം വരുമ്പോൾ തങ്ങളെല്ലാവരും ഒന്നിച്ച് വാർത്താസമ്മേളനത്തിന് എത്തുമെന്നും പറഞ്ഞാണ് ടൊവിനോ മറുപടി അവസാനിപ്പിച്ചത്.

Tags:    

Similar News