'ആയിരം കോടി ക്ലബിനായി വെറുപ്പ് വിൽക്കരുത്'; നോട്ട് നിരോധനത്തിലെ ദുരിതങ്ങൾ സിനിമയിലൂടെ ബോധപൂർവ്വം മാറ്റിയെഴുതുന്നു; 'ഹേറ്റ് പ്രൊപ്പഗണ്ട'യ്‌ക്കെതിരെ സംവിധായകൻ വെട്രിമാരൻ

Update: 2026-03-30 11:14 GMT

ചെന്നൈ: നോട്ട് നിരോധനത്തിന്റെ ആഘാതങ്ങളെ പ്രൊപ്പഗണ്ട സിനിമകളിലൂടെ ബോധപൂർവ്വം മാറ്റിയെഴുതാൻ ശ്രമം നടക്കുകയാണെന്ന് പ്രശസ്ത തമിഴ് സംവിധായകൻ വെട്രിമാരൻ. ക്യൂവിൽ നിന്ന് ജനങ്ങൾ മരിച്ചുവീണ ആ കാലഘട്ടത്തിലെ ദുരിതപൂർണ്ണമായ ഓർമ്മകളെ ഇല്ലാതാക്കാനാണ് ഇത്തരം സിനിമകൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചെന്നൈയിൽ 'നീലിര' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമീപകാലത്ത് തരംഗമായ ചില പ്രൊപ്പഗണ്ട സിനിമകളെ പരോക്ഷമായി വിമർശിച്ച വെട്രിമാരൻ, സിനിമകൾ വെറുപ്പ് പ്രചരിപ്പിക്കാനോ ഒരു പ്രത്യേക രാഷ്ട്രീയ ആശയത്തെ ന്യായീകരിക്കാനോ ഉള്ള ഉപകരണമാകരുതെന്ന് ഓർമ്മിപ്പിച്ചു.

"നോട്ട് നിരോധന കാലത്ത് ആരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയതെന്ന് നമുക്കെല്ലാവർക്കും അറിയാം. ബാങ്കുകൾക്ക് മുന്നിലെ ക്യൂവിൽ നിന്ന് എത്രയോ പേർ മരിച്ചുവീണു. എന്നാൽ ഇന്ന് സിനിമകളിലൂടെ ആ ഇംപാക്ടിനെ വളരെ എളുപ്പത്തിൽ മാറ്റിയെഴുതുകയാണ്. ഇത്തരം 'ഹേറ്റ് പ്രൊപ്പഗണ്ടകൾക്ക്' മനുഷ്യന്റെ ഓർമ്മകളെ സ്വാധീനിക്കാനുള്ള വലിയ ശക്തിയുണ്ട്. ഇതിനെ പ്രതിരോധിക്കാൻ നല്ല സിനിമകൾ നിർമ്മിച്ച് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഏക പോംവഴി"- വെട്രിമാരൻ പറഞ്ഞു.

സിനിമയിൽ പണം സമ്പാദിക്കാൻ വെറുപ്പിനെയും വയലൻസിനെയും കൂട്ടുപിടിക്കുന്ന പ്രവണതയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ആയിരം കോടി ക്ലബിൽ കയറാനായി ഇത്തരം ആശയങ്ങൾ മുൻനിർത്തി സിനിമകൾ നിർമ്മിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ 'നീലിര' എന്ന ചിത്രം താൻ രണ്ടുതവണ കണ്ടിട്ടുണ്ടെന്നും, സെൻസർഷിപ്പ് വഴി സിനിമയുടെ പ്രധാന ആശയങ്ങൾ പലതും വെട്ടിമാറ്റപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.

വെട്രിമാരന്റെ പ്രസംഗം വൈറലായതോടെ സൈബർ ഇടങ്ങളിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകളും പ്രതിഷേധങ്ങളും ആരംഭിച്ചിട്ടുണ്ട്. അസുരൻ, വിടുതലൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ജാതിവ്യവസ്ഥയ്ക്കും അധികാരവർഗത്തിനുമെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള സംവിധായകനാണ് വെട്രിമാരൻ. അദ്ദേഹത്തിന്റെ പുതിയ പ്രസ്താവനയും തമിഴ്നാടിന് പുറമെ ദേശീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

Tags:    

Similar News