"അമ്പലപ്പുഴേ..." പാടാൻ ആരുണ്ടെന്ന ചോദ്യം, ബാരിക്കേഡ് ചാടിക്കടന്ന് മാളവിക; ക്യാമ്പസിനെ ഇളക്കിമറിച്ച നിമിഷം; എം.ജി. ശ്രീകുമാറിന്റെ സംഗീതനിശയിലെ ആവേശം സോഷ്യൽ മീഡിയയിൽ വൈറൽ

Update: 2026-03-29 14:15 GMT

തൃശൂർ: ഗായകൻ എം.ജി. ശ്രീകുമാറിന്റെ ലൈവ് ഷോയ്ക്കിടെ അരങ്ങേറിയ കൗതുകകരമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. തൃശൂർ വിദ്യ എൻജിനീയറിങ് കോളജിൽ നടന്ന സംഗീതനിശയ്ക്കിടെയാണ് തന്റെ പ്രിയ ഗായകനൊപ്പം പാടാനായി ഒരു ആരാധിക തടസ്സങ്ങളെല്ലാം മറികടന്ന് വേദിയിലേക്ക് ഓടിയെത്തിയത്.

വേദിയിൽ ആവേശം നിറഞ്ഞുനിൽക്കെ, തന്റെ സൂപ്പർഹിറ്റ് ഗാനമായ 'അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ...' ആലപിക്കാൻ കൂടെ ആരെങ്കിലും വരുന്നോ എന്ന് എം.ജി. ശ്രീകുമാർ കാണികളോട് ചോദിച്ചു. ചോദ്യം തീരും മുൻപേ സദസ്സിലിരുന്ന മാളവിക എന്ന പെൺകുട്ടി എഴുന്നേറ്റു. വേദിയിലേക്ക് എത്താൻ ബാരിക്കേഡുകൾ തടസ്സമായതോടെ മറ്റൊന്നും ആലോചിക്കാതെ താരം ബാരിക്കേഡ് ചാടിക്കടന്ന് സ്റ്റേജിലേക്ക് ഓടിക്കയറുകയായിരുന്നു.

പ്രേക്ഷകരെയും സംഘാടകരെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് നിമിഷങ്ങൾക്കകം എം.ജിക്ക് അരികിലെത്തിയ മാളവിക, യാതൊരു മടിയും കൂടാതെ മൈക്ക് ഏറ്റുവാങ്ങി. പ്രിയ ഗായകനൊപ്പം ചേർന്ന് മനോഹരമായി പാട്ടുപാടിയ മാളവികയെ വലിയ കയ്യടികളോടെയാണ് വിദ്യാർത്ഥികളും കാണികളും സ്വീകരിച്ചത്.

തന്റെ ആരാധകരെ നിരാശപ്പെടുത്താതെ കൂടെ ചേർത്തുപിടിക്കുന്ന എം.ജിയുടെ ലാളിത്യത്തെയും, ഒട്ടും പേടിയില്ലാതെ വേദിയിലെത്തി കഴിവ് തെളിയിച്ച മാളവികയെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. 90-കളിലെ ഹിറ്റ് പാട്ടുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച എം.ജി. ശ്രീകുമാർ ഇന്നും യുവതലമുറയ്ക്കിടയിൽ ചെലുത്തുന്ന സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു വിദ്യ കോളജിലെ ഈ സംഗീത നിശ.

Tags:    

Similar News