'കൺചിമ്മുന്ന വേഗത്തിൽ പോയത് 29 വർഷങ്ങൾ'; അനിയത്തിപ്രാവിന്റെ ഓർമ്മകളിൽ കുഞ്ചാക്കോ ബോബൻ; ഫാസിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം

Update: 2026-03-26 17:03 GMT

കൊച്ചി: 'അനിയത്തിപ്രാവ്' റിലീസായി 29 വർഷം തികയുന്ന വേളയിൽ തന്റെ കരിയറിലെ ഈ സുപ്രധാന നാഴികക്കല്ലിൽ, തന്നെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ ഗുരുനാഥൻ ഫാസിലിന് നന്ദി പറഞ്ഞ് താരം കുഞ്ചാക്കോ ബോബൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് താരം തന്റെ സിനിമായാത്രയെക്കുറിച്ച് മനസ്സ് തുറന്നത്. കുഞ്ചാക്കോ ബോബൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രവും കുറിപ്പും ശ്രദ്ധനേടുകയാണ്. ഫാസിലിനൊപ്പം നിൽക്കുന്ന സെൽഫി ചിത്രമാണ് നടൻ പങ്കുവെച്ചത്.

കുറിപ്പിന്റെ പൂർണ രൂപം:

"വർഷങ്ങൾ കൺചിമ്മുന്ന വേഗത്തിൽ കടന്നുപോയി... പക്ഷേ, എന്നെ ഇന്നത്തെ 'ഞാൻ' ആക്കി മാറ്റിയ ആ മനുഷ്യനോടുള്ള സ്നേഹവും ബഹുമാനവും എന്നും എന്നത്തെയും പോലെ പുതുമയോടെ, അല്ലെങ്കിൽ അതിനേക്കാൾ കരുത്തോടെ എന്നിലുണ്ട്!!!!

തലമുറകളായി തുടരുന്ന ഞങ്ങളുടെ പതിറ്റാണ്ടുകൾ നീണ്ട ഈ ബന്ധം തുടരുമ്പോൾ, എന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത ഈ ദിവസം അദ്ദേഹത്തിന്റെ അനുഗ്രഹം തേടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു.

അനിയത്തിപ്രാവിന് 29 വർഷങ്ങൾ

സ്നേഹം, സ്നേഹം മാത്രം. തിരശ്ശീലയ്ക്ക് അകത്തും പുറത്തും ഈ മാന്ത്രിക യാത്രയിൽ എനിക്കൊപ്പം നിന്ന ഓരോരുത്തരോടും നന്ദി പറയുന്നു. ഈ ജീവിതം ഇത്ര മനോഹരമാക്കിയ എല്ലാ സാങ്കേതിക പ്രവർത്തകർക്കും, സഹപ്രവർത്തകർക്കും, മാധ്യമങ്ങൾക്കും, പ്രിയപ്പെട്ട പ്രേക്ഷകർക്കും, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പ്രത്യേക സ്നേഹം അറിയിക്കുന്നു!"

ഫാസിലിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഓർമ്മകൾ പുതുക്കിയത്. കുറിപ്പിന് താഴെ ആരാധകരും സിനിമാ സുഹൃത്തുക്കളും ആശംസകളുമായി എത്തുന്നുണ്ട്. 'അനിയത്തിപ്രാവ്' തങ്ങളുടെ ജീവിതത്തിലെയും ഒരു വലിയ ഓർമ്മയാണെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്.

Tags:    

Similar News