'സിനിമ കാണാൻ വരുന്നവനെ ആട്ടിയാൽ പിന്നെ എങ്ങനെ പടം ഓടും?; എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മനസ്സിലാകുന്നില്ല; പേര് കേൾക്കുമ്പോൾ തന്നെ ചിരി വരും; 'ഭഭബ'യെ പരിഹസിച്ച് ബാലചന്ദ്ര മേനോൻ

Update: 2026-03-24 13:33 GMT

കൊച്ചി: മലയാള സിനിമയിലെ പുതുകാലത്തെ ടൈറ്റിലുകളെ പരിഹസിച്ച് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ. സിനിമകളുടെ പേര് കേൾക്കുമ്പോൾ തനിക്ക് ചിരിയാണ് വരുന്നതെന്നും ഇത്തരം പേരുകൾ കൊണ്ട് സിനിമയ്ക്ക് എന്ത് ഗുണമാണ് ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. പഴയ സിനിമകളുടെ അർത്ഥവത്തായ പേരുകളിൽ നിന്ന് മാറി വിചിത്രമായ പേരുകളിലേക്കാണ് പുതിയ കാലം പോകുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

"ആശാൻ, ശുക്രൻ, ഭഭബ എന്നൊക്കെയാണ് സിനിമകളുടെ പേരുകൾ. പടം കാണാൻ വരുന്നവനെ 'ഭ ഭ' എന്ന് ആട്ടിയാൽ പിന്നെ ആ സിനിമ എങ്ങനെ ഓടും? ഇതൊക്കെ എന്താണെന്ന് എനിക്കറിയില്ല, എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മനസ്സിലാകുന്നില്ല," ബാലചന്ദ്ര മേനോൻ പറഞ്ഞു. തന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ 'സമാന്തരങ്ങൾക്ക്' ലഭിക്കേണ്ടിയിരുന്ന വലിയ നേട്ടങ്ങൾ ഒരു മലയാളി ജൂറി അംഗം ഇടപെട്ട് ഇല്ലാതാക്കിയെന്ന ഗുരുതര ആരോപണവും അദ്ദേഹം അഭിമുഖത്തിൽ ഉന്നയിച്ചു. 1997-ലെ ദേശീയ പുരസ്കാര വേളയിൽ നടന്ന കാര്യങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

"സമാന്തരങ്ങള്‍ക്ക് ദേശീയ പുരസ്കാരം കിട്ടിയ വര്‍ഷത്തെ അവാര്‍ഡ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഒരു ജൂറി അംഗം പറഞ്ഞതാണ്. ആ വര്‍ഷം വിധിനിര്‍ണയം നടന്നപ്പോള്‍ ഇന്ത്യയിലെ ഏറ്റവും നല്ല ഫീച്ചര്‍ ഫിലിം സമാന്തരങ്ങള്‍ ആയിരുന്നു. ഏറ്റവും നല്ല നടന്‍ ബാലചന്ദ്ര മേനോന്‍ മാത്രമായിരുന്നു. ഏറ്റവും നല്ല സംവിധായകനും ബാലചന്ദ്ര മേനോന്‍ ആയിരുന്നു. എന്നാൽ ജൂറിയിലുണ്ടായിരുന്ന കേരളത്തിൽ നിന്നുള്ള ഒരു അംഗം ഇതിനെ ശക്തമായി എതിർത്തു. ചിത്രത്തിന് പല കുഴപ്പങ്ങളുമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പുരസ്കാരങ്ങൾ തടഞ്ഞു. അന്നത്തെ ആ തീരുമാനങ്ങൾ അംഗീകരിക്കപ്പെട്ടിരുന്നെങ്കിൽ ഇന്ത്യന്‍ സിനിമയിലെ ഒരു ഇതിഹാസമായിട്ട് നമ്മള്‍ വന്നേനെ. ആ വ്യക്തി ഇപ്പോൾ ജീവിച്ചിരിപ്പില്ല, അതുകൊണ്ട് പേര് പറയുന്നില്ല." - ബാലചന്ദ്ര മേനോൻ വ്യക്തമാക്കി.

1997-ൽ 'സമാന്തരങ്ങളിലൂടെ' മികച്ച നടനുള്ള ദേശീയ പുരസ്കാരം ബാലചന്ദ്ര മേനോൻ സ്വന്തമാക്കിയിരുന്നു. കൂടാതെ മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള അവാർഡും ആ സിനിമയ്ക്ക് ലഭിച്ചു. എന്നാൽ ഇതിലും വലിയ നേട്ടങ്ങൾ ലഭിക്കേണ്ടിയിരുന്നു എന്നാണ് അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News