'ആട്ടിയോടിച്ച സമൂഹത്തിന് മുന്നിൽ തലയുയർത്തി നിൽക്കാൻ കഴിഞ്ഞത് പോരാട്ടവീര്യം കൊണ്ട്'; അന്ന് താമസം കക്കൂസിനോട് ചേർന്ന ഷെഡിൽ; അഖിൽ മാരാർ പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു

Update: 2026-03-24 09:07 GMT

കൊച്ചി: ഇന്നത്തെ ആഡംബര ജീവിതത്തിനും വിജയങ്ങൾക്കും പിന്നിൽ കണ്ണീരും വിയർപ്പും കലർന്ന വലിയൊരു അതിജീവനത്തിന്റെ കഥയുണ്ടെന്ന് ബിഗ് ബോസ് ജേതാവും സംവിധായകനുമായ അഖിൽ മാരാർ. തന്റെ പഴയ വീടിനോട് ചേർന്നുള്ള ഒരു ഷെഡിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്‌ബുക്കിൽ കുറിച്ച കുറിപ്പിലാണ് താരം മനസുതുറന്നത്. ആട്ടിയോടിച്ച സമൂഹത്തിന് മുന്നിൽ ഇന്ന് തലയുയർത്തി നിൽക്കാൻ കഴിയുന്നത് തന്റെ പോരാട്ടവീര്യം കൊണ്ടാണെന്നും അഖിൽ പറയുന്നു.

സിനിമ സംവിധായകനാകുന്നതിന് മുൻപുള്ള തന്റെ കഷ്ടപ്പാടുകൾ അഖിൽ കുറിപ്പിൽ വിവരിക്കുന്നുണ്ട്. 800 സ്ക്വയർ ഫീറ്റ് മാത്രമുള്ള വീട്ടിൽ അച്ഛനും അമ്മയും അടങ്ങുന്ന വലിയ കുടുംബത്തോടൊപ്പമായിരുന്നു താമസം. ലക്ഷ്യങ്ങൾക്ക് പിന്നാലെ പോയതുകൊണ്ട് ഒരു ഘട്ടത്തിൽ ഭാര്യവീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നതായും അഖിൽ വെളിപ്പെടുത്തി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്ന് നിങ്ങൾ കാണുന്ന അഖിൽ മാരാർക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബരം വാഹനങ്ങൾ ഉണ്ട് തരക്കേടില്ലാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ട്.. ആരെയും പറ്റിച്ചോ, നാട്ടുകാരെ ചതിച്ചോ ഉണ്ടാക്കിയല്ല സ്വന്തം നിലയിൽ എന്റെ കഴിവും, കഷ്ട്ടപാടും കൊണ്ട് നേടി എടുത്തതാണ്.. ആട്ടിയോടിച്ച സമൂഹത്തിനു മുന്നിൽ തല ഉയർത്തി നിക്കാൻ കഴിഞ്ഞത് ഈശ്വരന്റെ അനുഗ്രഹവും എന്നിലെ പോരാളിയുടെ പോരാട്ട വീര്യവുമാണ്. എന്നാൽ ചിലർക്ക് പുതിയ അഖിലിനെ മാത്രമേ അറിയൂ.

അവർക്ക് വേണ്ടി മാത്രം, ഈ കാണുന്നത് ഒരു കാലത്ത് അഖിലിന്റെ കൊട്ടാരമായിരുന്നു... അധികം വർഷം ഒന്നും പുറകോട്ട് പോകണ്ട സിനിമ സംവിധായാകൻ ആകും മുൻപ് എന്റെ താമസം ഈ ഷെഡിൽ ആയിരുന്നു.. എന്റെ വീട് ആകെ 800 sq ft അതിൽ അച്ഛൻ, അമ്മ, അമ്മൂമ്മ, അനുജൻ അവന്റെ 2 കുട്ടികൾ അടങ്ങുന്ന കുടുംബം. കുറച്ചു നാൾ ഭാര്യ വീട്ടിൽ താമസിച്ചു. ഭാര്യയെയും മക്കളെയും നോക്കാതെ ലക്ഷ്യങ്ങൾക്ക് പിന്നാലെ നടന്നത് കൊണ്ട് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. ആ സമയം താമസിച്ചത് വീടിനു പുറത്തെ കക്കൂസിനോട് ചേർന്ന ഈ ഷെഡിൽ ആണ്. ഈ ഷെഡിൽ നിന്നാണ് സിനിമ സംവിധായകൻ ആവാനുള്ള യാത്ര തുടങ്ങുന്നത്. മരണത്തെ തോൽപ്പിച്ചു ഞാൻ ഒരു സിനിമ എടുത്തപ്പോൾ ആ സിനിമ തീയേറ്ററിൽ പരാജയപെട്ടതിന്റെ പേരിൽ ആൾക്കാർ പരിഹസിക്കുമ്പോൾ അവർക്കറിയില്ലല്ലോ ഞാൻ എന്റെ ജീവിതത്തിൽ നേടിയ വിജയത്തിന്റെ ആഴം.

ബിഗ് ബോസിൽ ഞാൻ വിജയിച്ചത് ചുറ്റും നിന്നവരുടെ പിന്തുണ കൊണ്ടല്ല പ്രേക്ഷകരായ നിങ്ങൾ എന്റെ നന്മ തിരിച്ചറിഞ്ഞത് കൊണ്ടാണ്.. ഭൂമിയിൽ ആ നന്മ തിരിച്ചറിഞ്ഞത് ഈശ്വരനാണ്. എന്നെ നയിക്കുന്നത് ആ ശക്തിയാണ്. ഏതൊരുവനെ എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതും എന്റെ അനുഭവങ്ങൾ കൊണ്ടാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളെ മനസ്സിലാക്കാൻ ഉള്ള മനസ് മതിയെങ്കിൽ മറ്റാരേക്കാളും മുന്നിലാണ് ഞാൻ. എനിക്കറിയാം കഷ്ട്ടപെട്ടവന്റെ വേദനയും രക്ഷപെട്ടവന്റെ നിലനിൽക്കാനുള്ള കഷ്ടപാടും.

Tags:    

Similar News