സിനിമ പൂർത്തിയാക്കിയില്ല; സംവിധായകൻ ഗൗതം മേനോന് വൻ തിരിച്ചടി; നാലരക്കോടി രൂപ പലിശ സഹിതം തിരിച്ചടയ്ക്കാൻ കോടതി ഉത്തരവ്; നിർമാതാക്കൾക്ക് അനുകൂലമായി വിധി

Update: 2026-03-24 11:15 GMT

ചെന്നൈ: സംവിധായകൻ ഗൗതം വാസുദേവ് മേനോന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കടുത്ത തിരിച്ചടി. കരാറൊപ്പിട്ട സിനിമ നിശ്ചിത സമയത്തിനകം പൂർത്തിയാക്കിയില്ലെന്ന പരാതിയിൽ നിർമാതാക്കൾക്ക് 4.25 കോടി രൂപ പലിശ സഹിതം തിരിച്ചടയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവിനെതിരെ ഗൗതം മേനോനും അദ്ദേഹത്തിന്റെ പങ്കാളിത്തത്തിലുള്ള ഫോട്ടോൺ ഫാക്ടറിയും സമർപ്പിച്ച അപ്പീൽ ഹർജി കോടതി തള്ളി.

എൽറെഡ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ആർ.എസ്. ഇൻഫോടെയ്ൻമെന്റ് എന്ന നിർമാണ കമ്പനിയാണ് ഗൗതം മേനോനെതിരെ കോടതിയെ സമീപിച്ചത്. 2008 നവംബർ 27-നാണ് 'പ്രൊഡക്ഷൻ നമ്പർ 6' എന്ന് താത്കാലികമായി പേരിട്ട സിനിമയ്ക്കായി കരാർ ഒപ്പിട്ടത്. കരാർ പ്രകാരം 13.5 കോടി രൂപ നിർമാണച്ചെലവായി നൽകാൻ നിർമാതാക്കൾ സമ്മതിച്ചിരുന്നു. 2008 ഡിസംബറിൽ തുടങ്ങി 2009 ഏപ്രിലിൽ ചിത്രീകരണം പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ.

എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും സിനിമ പൂർത്തിയാക്കാൻ സംവിധായകൻ തയ്യാറായില്ലെന്ന് നിർമാതാക്കൾ പരാതിപ്പെട്ടു. 2013-ലാണ് നിർമാതാക്കൾ നിയമനടപടികളുമായി മുന്നോട്ടുപോയത്. നിലവിലെ കോടതി ഉത്തരവ് പ്രകാരം 2010 മുതൽ പ്രതിവർഷം 12 ശതമാനം പലിശ സഹിതം 4.25 കോടി രൂപ ഗൗതം മേനോനും ഫോട്ടോൺ ഫാക്ടറിയും ചേർന്ന് നൽകണം.

ഇതിനുപുറമെ കോടതി ഫീസായി 9.57 ലക്ഷം രൂപയും അഭിഭാഷക ഫീസായി 2.5 ലക്ഷം രൂപയും ഉൾപ്പെടെ 12 ലക്ഷം രൂപ അധികമായി നൽകാനും കോടതി നിർദേശിച്ചു. നേരത്തെ ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി പുറപ്പെടുവിച്ച വിധി ശരിവെച്ചുകൊണ്ട് ജസ്റ്റിസ് പി. വേൽമുരുകൻ, ജസ്റ്റിസ് കെ. ഗോവിന്ദരാജൻ എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച ഗൗതം മേനോന്റെ ഹർജി തള്ളിയത്.

Tags:    

Similar News