മനസ്സിന് തൃപ്തി തരുന്നത് എന്താണോ..അത് ചെയ്യുക; മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിച്ചാൽ അവസാനം നമ്മുടെ കിളി പോകും; സന്തോഷിക്കാന്‍ വേറെ നൂറ് വഴികളുണ്ട്; തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്

Update: 2026-03-22 02:40 GMT

കൊച്ചി: തന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കുമ്പോഴും മകൻ ബർണാഡിന് തന്റെ പേരിൽ ആരുടെയും മുന്നിൽ തലകുനിക്കേണ്ടി വരരുതെന്ന് തുറന്നുപറഞ്ഞ് നടി മഞ്ജു പത്രോസ്. മറ്റുള്ളവരെ ഉപദ്രവിക്കാതെ, സ്വന്തം മനസിന് തൃപ്തികരമായ കാര്യങ്ങൾ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ മകന്റെ അഭിമാനം ഇതിലൂടെ നഷ്ടപ്പെടരുതെന്നും മഞ്ജു പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

"മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ച് നമുക്ക് ഒരുപാട് കാലമൊന്നും ജീവിക്കാന്‍ പറ്റില്ല. അവസാനം നമുക്ക് ഭ്രാന്ത് പിടിച്ച്, കിളി പാറി പോകും. നമ്മുടെ മനസിന് തൃപ്തി തരുന്നത് എന്താണോ അത് ചെയ്യുക. മറ്റുള്ളവരെ ഉപദ്രവിക്കാതെ. എനിക്ക് ഒരു മകനുണ്ട്. അവന് എന്‍റെ പേരില്‍ നാളെ ഒരാളുടെ മുന്നിലും തലകുനിക്കേണ്ടി വരരുത്. ആ നിര്‍ബന്ധ ബുദ്ധി എനിക്കുണ്ട്," മഞ്ജു പറഞ്ഞു. തന്റെ സന്തോഷങ്ങളെ ഇല്ലാതാക്കിയിട്ടല്ല ഈ നിലപാടുകളെന്നും, സന്തോഷിക്കാൻ തനിക്ക് വേറെ നൂറ് വഴികളുണ്ടെന്നും, സ്വയം സ്നേഹിച്ച് ജീവിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ മഞ്ജു പത്രോസ്, പിന്നീട് നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. സോഷ്യൽ മീഡിയയിലും സജീവമായ താരം, 'ബ്ലാക്കീസ്' എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട്.

മഞ്ജുവിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. "എനിക്കൊരു മകനുണ്ട്, എൻ്റെ പേരിൽ നാളെ ഒരാളുടെ മുന്നിലും അവൻ തല കുനിക്കരുത്" എന്ന ഭാഗം നിരവധി പേരാണ് ഏറ്റെടുത്തത്. ഒട്ടുമിക്ക കമന്റുകളും പ്രശംസിച്ചുകൊണ്ടുള്ളതായിരുന്നു. ഇതാകണം അമ്മ എന്ന് അഭിപ്രായപ്പെട്ടവരും, വൈറലാകാൻ ശ്രമിക്കുന്ന പലരും മഞ്ജുവിന്റെ വാക്കുകൾ കേൾക്കണമെന്നും ചിലർ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ സന്തോഷങ്ങളും മകന്റെ അഭിമാനവും തമ്മിൽ സന്തുലിതാവസ്ഥ കണ്ടെത്താനുള്ള ഒരമ്മയുടെ ശ്രമമായാണ് ഈ പ്രതികരണങ്ങളെ പൊതുസമൂഹം നോക്കിക്കാണുന്നത്.

Tags:    

Similar News