സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുമ്പോള്‍ നൂറില്‍ പരം സിനിമ ചെയ്തു എന്ന് പറയേണ്ടി വരുന്നത് ഗതികേട്; അഭിനേതാക്കളെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നത് പോലെയാണോ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നത്; സ്‌നേഹ ശ്രീകുമാര്‍

സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുമ്പോള്‍ നൂറില്‍ പരം സിനിമ ചെയ്തു എന്ന് പറയേണ്ടി വരുന്നത് ഗതികേട്

Update: 2026-03-21 08:19 GMT

കൊച്ചി: സിനിമാ താരങ്ങളെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തി നടിയും നര്‍ത്തകിയുമായ സ്‌നേഹ ശ്രീകുമാര്‍. അഭിനേതാക്കളെ അവര്‍ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ടം കൊണ്ട് ഉദ്ഘാടനത്തിന് ക്ഷണിക്കുന്നത് പോലെയാണോ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നതെന്നും സ്‌നേഹ ചോദിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സ്‌നേഹ തന്റെ അഭിപ്രായം പറഞ്ഞത്.

സ്ഥാനാര്‍ഥികളുടെ പേര് വോട്ടേഴ്സ് ലിസ്റ്റില്‍ ഉണ്ടെന്നു ഉറപ്പിക്കാനുള്ള അറിവ് അവര്‍ക്കില്ലെങ്കിലും അവരെ ഇതിനു ഇറക്കിയ ടീമിന് എങ്കിലും നോക്കാനുള്ള ഉത്തരവാദിത്തം ഇല്ലേ എന്നാണ്, ഒരു സാധാരണ വോട്ടര്‍ എന്ന രീതിയില്‍ ഉള്ള അഭിപ്രായം ആണിതെന്നും സ്‌നേഹ പറയുന്നു.

സ്‌നേഹ ശ്രീകുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ജനിച്ചപ്പോള്‍ മുതല്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ആയതു കൊണ്ട് തന്നെ, അവിടത്തെ രാഷ്ട്രീയവും സാംസ്‌കാരികവുമായ കാര്യങ്ങളെ നേരിട്ട് കണ്ടു പരിചയമുണ്ട്. എന്തുകൊണ്ട് ആണ് ഇവിടെ സീറ്റ് 20/20ക്കു കൊടുത്തത്? ഉറപ്പായും തൃപ്പൂണിത്തുറയില്‍ ബി.ജെ.പിയുടെ നല്ല പ്രവര്‍ത്തകര്‍ ഇല്ലാത്തതുകൊണ്ടല്ല, വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്ത് പരിചയമുള്ളവര്‍ ധാരാളം നില്‍ക്കുമ്പോള്‍ തന്നെ ഇങ്ങനെ ഒരു തീരുമാനം എന്തിന്?

അഭിനേതാക്കള്‍ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് ഉറപ്പായും അവരെ ഉദ്ഘാടനം, കല്യാണം, പിറന്നാള്‍ തുടങ്ങിയ പരിപാടികള്‍ക്ക് പരിചയംകൊണ്ടോ അല്ലെങ്കില്‍ പൈസ കൊടുത്തിട്ടോ ക്ഷണിക്കാറുണ്ട്. പക്ഷെ അത് പോലെ ഇലക്ഷന് വിളിച്ചു സ്ഥാനാര്‍ഥിയായി നിര്‍ത്താനുള്ള തീരുമാനം എത്രത്തോളം ഈ നാടിനും രാജ്യത്തിനും ഗുണം ചെയ്യും എന്നതില്‍ ആശങ്കയുണ്ട്..

ഒരു സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുമ്പോള്‍ ഇത്രവര്‍ഷമായി പൊതുരംഗത്തു നില്‍ക്കുന്ന, പ്രവര്‍ത്തിക്കുന്ന എന്ന് പറയുന്നതിന് പകരം 100ല്‍ പരം സിനിമ ചെയ്തു എന്ന് പറയേണ്ടി വരുന്നത് ഗതികേട് തന്നെയാണ്. സ്ഥാനാര്‍ഥികളുടെ പേര് വോട്ടേഴ്സ് ലിസ്റ്റില്‍ ഉണ്ടെന്നു ഉറപ്പിക്കാനുള്ള അറിവ് അവര്‍ക്കില്ലെങ്കിലും അവരെ ഇതിനു ഇറക്കിയ ടീമിന് എങ്കിലും നോക്കാനുള്ള ഉത്തരവാദിത്തം ഇല്ലേ എന്നാണ്, ഒരു സാധാരണ വോട്ടര്‍ എന്ന രീതിയില്‍ ഉള്ള അഭിപ്രായം ആണിത്.. കലാരംഗവും പൊതുപ്രവര്‍ത്തനവും ഒന്നിച്ചു കൊണ്ടുപോകുന്ന സ്ഥാനാര്‍ഥികളോട് ബഹുമാനം എന്ന് കൂടി പറയാന്‍ ആഗ്രഹിക്കുന്നു.

Tags:    

Similar News