റീന പോയ രാത്രി ആ വലിയ വീട്ടിൽ ഞാൻ ഒറ്റയ്ക്കായി, വികാരങ്ങൾ അടക്കാനായില്ല'; ഒന്നര വർഷം മദ്യത്തിൽ അഭയം തേടി; ഓരോ രാത്രിയും കുടിച്ചുതീർത്തത് ഓരോ കുപ്പി; വെളിപ്പെടുത്തലുമായി ആമിർ ഖാൻ

Update: 2026-04-10 09:50 GMT

മുംബൈ: വിവാഹമോചനത്തിന് പിന്നാലെ മദ്യപാനത്തിന് അടിമയായ ആ കാലത്തെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം ആമിർ ഖാൻ. ആദ്യ ഭാര്യ റീന ദത്തയുമായുള്ള വേർപിരിയലാണ് തന്നെ മദ്യപാനിയാക്കിയതെന്ന് താരം തുറന്നുപറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആമിർ തന്റെ ജീവിതത്തിലെ കഠിനമായ ആ ഘട്ടത്തെക്കുറിച്ച് മനസ്സ് തുറന്നത്.

റീനയുമായുള്ള ദാമ്പത്യം അവസാനിക്കുന്നതുവരെ മദ്യപിക്കുന്ന ശീലമേ തനിക്കില്ലായിരുന്നുവെന്ന് ആമിർ പറയുന്നു. "കുട്ടികളുമായി റീന വീടുവിട്ടിറങ്ങിയ ദിവസം ഞാൻ ആ വലിയ വീട്ടിൽ ഒറ്റയ്ക്കായിപ്പോയി. വികാരങ്ങളെ നിയന്ത്രിക്കാൻ എനിക്കായില്ല. അതുവരെ സിനിമകളിൽ മദ്യപാനിയായി അഭിനയിച്ചിട്ടുണ്ടെന്നല്ലാതെ മദ്യത്തോട് താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ ആ രാത്രി വീട്ടിലിരുന്ന മദ്യം ഞാൻ ഉപയോഗിച്ചു. പിന്നീട് ഒന്നര വർഷത്തോളം എല്ലാ രാത്രിയും ഓരോ കുപ്പി വീതം ഞാൻ കുടിച്ചു തീർക്കുമായിരുന്നു," ആമിർ പറഞ്ഞു.

മദ്യപിക്കാത്ത ഒരാളിൽ നിന്ന് ദിവസവും ഒരു കുപ്പി മദ്യം അകത്താക്കുന്ന അവസ്ഥയിലേക്കുള്ള മാറ്റം ഭീകരമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. നേരത്തെ 'കോഫി വിത്ത് കരൺ' എന്ന പരിപാടിയിലും റീനയുമായുള്ള വേർപിരിയലിനെക്കുറിച്ച് ആമിർ സംസാരിച്ചിരുന്നു. 16 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നത് തങ്ങൾക്കും ഇരു കുടുംബങ്ങൾക്കും ഒരുപോലെ വേദനാജനകമായിരുന്നു.

എങ്കിലും പരസ്പരമുള്ള സ്നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ സമാധാനപരമായ രീതിയിൽ പിരിയാൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. റീനയുമായി പിരിഞ്ഞ ശേഷം 2005-ലാണ് ആമിർ കിരൺ റാവുവിനെ വിവാഹം കഴിക്കുന്നത്. 16 വർഷം നീണ്ട ഈ ബന്ധവും 2021-ൽ അവസാനിച്ചു. അടുത്തിടെ താൻ ഗൗരി സ്പ്രാറ്റുമായി പ്രണയത്തിലാണെന്ന വാർത്ത ആമിർ ഖാൻ സ്ഥിരീകരിച്ചിരുന്നു. ഗൗരിയെ താരം ലോകത്തിന് മുൻപിൽ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

Tags:    

Similar News