'78 ശതമാനവും കടന്ന പോളിങ്'; ഇടത് കേഡറുകൾ പ്രചോദിതരായ് പോളിങ്ങ് ബൂത്തിലെത്തിയോ?; കോൺഗ്രസിന്റെ 100 സീറ്റ് പ്രവചനം യാഥാർത്ഥ്യമാകുമോ?; കുറിപ്പുമായി ജി വേണുഗോപാല്‍
തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ഉയർന്ന പോളിങ്ങ് സാധാരണയായി ഭരണമുന്നണികളെ സമ്മർദ്ദത്തിലാക്കാറുള്ള ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട് ഗായകൻ ജി. വേണുഗോപാൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. രണ്ട് മുന്നണികൾ മാത്രം സജീവമായിരുന്ന കാലത്ത് ഉയർന്ന പോളിങ്ങ് പ്രതിപക്ഷത്തിന്റെ മുന്നേറ്റമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ മൂന്നാം മുന്നണിയുടെ സാന്നിധ്യം ഇത്തവണ ആർക്കാണ് ഗുണകരമാകുക എന്നത് കണ്ടറിയണം.
ജി വേണുഗോപാലിന്‍റെ കുറിപ്പ്:
കേരളത്തിൽ പോളിങ് ശതമാനം എഴുപത്തെട്ടും പിന്നിട്ട് മുന്നിലേക്ക് .
എഴുപത്താറ് ശതമാനം കഴിഞ്ഞാൽ ഏത് ഭരണമുന്നണിക്കും മുട്ടിടിപ്പ് കൂടാറുണ്ട് സാധാരണ !
വോട്ടിങ്ങ് ശതമാനം ഉയരുന്നതിന് പിന്നിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.
രണ്ട് മുന്നണികൾ മാത്രമുണ്ടായിരുന്ന ഒരു കാലത്ത്, ഇത് പ്രതിപക്ഷത്തിൻ്റെ വൻപിച്ച മുന്നേറ്റമായി കണക്കാക്കാവുന്നതായിരുന്നു. പക്ഷേ ഇവിടെ ഒരു മൂന്നാം മുന്നണിയുണ്ട്. ഭരണത്തിൻ വരാൻ സാധ്യത കുറവാണെങ്കിലും അവർ പിടിക്കുന്ന വോട്ടുകൾ ആർക്ക് ഗുണകരമായി ഭവിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
ഇക്കഴിഞ്ഞ ചെറിയ കാലയളവിൽ കേരളത്തിൽ നടന്ന ബൈ ഇലക്ഷനുകളിലും, പാർലമെൻ്ററി തിരഞ്ഞെടുപ്പിലും, ലോക്കൽ ബോഡി പോളിലും പ്രതിപക്ഷത്തിന് ലഭിച്ച തിളക്കമാർന്ന ജയത്തിൻ്റെ ശോഭ കെടുത്തുന്ന മറ്റെന്തെങ്കിലും വിഷയങ്ങൾ ഈ നിയമസഭാ വോട്ടിങ്ങിന് മുൻപ് സംഭവിച്ചിട്ടുണ്ടോ?
ശ്രീ പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഇടത് കേഡറുകളെ പ്രചോദിതരായ്, നവ സന്ദേശത്തോടെ പോളിങ്ങ് ബൂത്തിലെത്തിക്കാൻ സാധിച്ചതായിരിക്കുമോ ഈ ഉയർന്ന പോളിങ്ങ് ശതമാനം?
അതോ, മറ്റ് ഇലക്ഷനുകളെല്ലാം കൃത്യമായി പ്രവചിച്ച്, കോൺഗ്രസ് പാർട്ടിയെ മുന്നിൽ നിന്ന് യുദ്ധവീര്യം പകർന്ന് നയിച്ച്, ശ്രീ വി.ഡി. സതീശൻ നടത്തിയ നൂറ് സീറ്റ് യാഥാർത്ഥ്യമാകുമോ? കോൺഗ്രസ് പാർട്ടിയിൽ സ്വന്തം രാഷ്ട്രീയ ഭാവി ത്രാസിൽ വച്ചുള്ള സതീശൻ്റെ പ്രവചനം ശരിയെങ്കിൽ, കെ.കരുണാകരന് ശേഷം ശക്തിയും രാഷ്ടീയ പ്രായോഗികതയും, ദീർഘവീക്ഷണവുമുള്ള ഒരു നേതാവിൻ്റെ ഉദയമാകുമോ കോൺഗ്രസ്സിൽ?
ഇന്നലെ രാത്രി വളരെ വൈകും വരെ പോളിങ്ങ് ബൂത്തുകളിൽ ക്ഷമയോടെ, മണിക്കൂറുകൾ താണ്ടി, നിരനിരയായ് വോട്ട് ചെയ്യാൻ നിന്നവരുടെ മുഖത്തെ നിശ്ചയദാർഢ്യം സൂചിപ്പിക്കുന്നതെന്തായിരിക്കാം?
മേയ് നാല് വരെ നമുക്ക് കാത്തിരിക്കാം. അല്ലേ?
