കടം നൽകിയ പണം തിരികെ ചോദിച്ചപ്പോൾ പീഡനാരോപണം; മുൻ ഭർത്താവിന്റെ സഹോദരിക്കെതിരെ 2 കോടിയുടെ മാനനഷ്ടക്കേസുമായി ഹൻസിക മോട്‌വാനി; പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യം
മുംബൈ: ബിസിനസുകാരൻ സൊഹേൽ ഖതൂരിയയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ, മുൻ ഭർത്താവിന്റെ സഹോദരിക്കെതിരെ നിയമപോരാട്ടവുമായി നടി ഹൻസിക മോട്‌വാനി. സൊഹേലിന്റെ സഹോദരി മുസ്‌കാൻ നാൻസി ജെയിംസിനെതിരെ രണ്ട് കോടി രൂപയുടെ മാനനഷ്ടക്കേസാണ് താരം മുംബൈ സെഷൻസ് കോടതിയിൽ ഫയൽ ചെയ്തത്. തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നത് മുസ്‌കാനെ വിലക്കണമെന്നും പരസ്യമായി മാപ്പ് പറയാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
തനിക്കും സഹോദരൻ പ്രശാന്ത് മോട്‌വാനിക്കുമെതിരെ മുസ്‌കാൻ ഉന്നയിച്ച ഗാർഹിക പീഡന പരാതികൾ വ്യാജമാണെന്ന് ഹൻസിക കോടതിയിൽ വാദിച്ചു. താൻ കടം നൽകിയ 27 ലക്ഷം രൂപ തിരികെ നൽകാതിരിക്കാനാണ് ഇത്തരത്തിൽ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് താരത്തിന്റെ പക്ഷം. ഹൻസികയുടെ സഹോദരൻ പ്രശാന്തുമായുള്ള വിവാഹസമയത്താണ് മുസ്‌കാൻ ഈ തുക കടം വാങ്ങിയത്. പലതവണ ആവശ്യപ്പെട്ടിട്ടും തുക മടക്കിനൽകാൻ മുസ്‌കാൻ തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു.
സഹോദരന്റെ ദാമ്പത്യ കാര്യങ്ങളിൽ താൻ ഇടപെട്ടിട്ടില്ലെന്നും വിവാഹശേഷം അവർക്കൊപ്പമല്ല താമസിച്ചിരുന്നതെന്നും ഹൻസിക വ്യക്തമാക്കി. കാലക്രമേണ അവർ തമ്മിലുള്ള ബന്ധം വഷളായതിൽ തനിക്ക് പങ്കില്ല. സിവിൽ മാനനഷ്ടക്കേസിന് പുറമെ, മുസ്‌കാനെതിരെ അന്ധേരി മജിസ്‌ട്രേറ്റ് കോടതിയിൽ ക്രിമിനൽ മാനനഷ്ടക്കേസും ഹൻസിക ഫയൽ ചെയ്തിട്ടുണ്ട്.
നാല് വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ അടുത്തിടെയാണ് ഹൻസികയും സൊഹേലും വേർപിരിഞ്ഞത്. ജീവനാംശമായി ഒരു രൂപ പോലും വേണ്ടെന്ന ഹൻസികയുടെ നിലപാട് വലിയ ചർച്ചയായിരുന്നു. ഇതിനിടെയാണ് പുതിയ നിയമക്കുരുക്കുകൾ. നേരത്തെ മുസ്‌കാന്റെ പരാതിയിൽ ഹൻസികയ്ക്കും സഹോദരനുമെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെതിരെ താരം ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.