ഇടയ്ക്ക് ഞാൻ അവളെ മടുത്തു; പിന്നെ ഈഗോയും വില്ലനായി; എന്നിട്ടും 32 വർഷം ഒരുമിച്ച് ജീവിച്ചു; എല്ലാത്തിനും പിന്നിൽ ചില ചിന്തകൾ; ലിസിയെ പിരിയാനുള്ള കാരണം വെളിപ്പെടുത്തി പ്രിയദർശൻ
ചെന്നൈ: സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ വാർത്തയായിരുന്നു സംവിധായകൻ പ്രിയദർശനും നടി ലിസിയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്നത്. നീണ്ട കാലത്തെ വേർപിരിയലിന് ശേഷം തങ്ങൾ വീണ്ടും ഒരുമിച്ചതായും ഒരുമിച്ച് ജീവിക്കുന്നതായും പ്രിയദർശൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, തങ്ങൾക്കിടയിലുണ്ടായ വിവാഹമോചനത്തിലേക്കും അകൽച്ചയിലേക്കും നയിച്ച യഥാർത്ഥ കാരണങ്ങളെക്കുറിച്ച് പ്രിയൻ മനസ് തുറന്നിരിക്കുകയാണ്.
ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ജീവിതത്തിലെ നിർണ്ണായകമായ ആ ഘട്ടത്തെക്കുറിച്ച് സംസാരിച്ചത്.
നീണ്ട 24 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2016-ലാണ് ഇരുവരും നിയമപരമായി വേർപിരിഞ്ഞത്. 32 വർഷത്തോളം (പ്രണയകാലം ഉൾപ്പെടെ) നീണ്ട ബന്ധം തകരാൻ കാരണം വെറും നിസ്സാരമായ മടുപ്പും ഈഗോയുമാണെന്ന് പ്രിയദർശൻ പറയുന്നു.
"ഞങ്ങൾ 32 വർഷം ഒരുമിച്ച് ജീവിച്ചു. ഒടുവിൽ ഒരുതരം മടുപ്പും ഈഗോയും ഞങ്ങളെ രണ്ടുപേരെയും ബാധിച്ചു. 'ഞാൻ കാരണമാണ് നീ വളർന്നത്, അല്ലെങ്കിൽ നീ കാരണമാണ് ഞാൻ ഇങ്ങനെയായത്' എന്നൊക്കെയുള്ള ചിന്തകൾ ഞങ്ങളുടെ ബന്ധത്തിൽ കയ്പുനിറച്ചു. അതുകൊണ്ടാണ് പിരിയുന്നതാണ് നല്ലതെന്ന് അന്ന് തീരുമാനിച്ചത്."
പരസ്പരമുള്ള കുറ്റപ്പെടുത്തലുകളും താൻ തന്നെയാണ് വലുതെന്ന ചിന്തയുമാണ് മനോഹരമായ ഒരു കുടുംബജീവിതത്തിൽ വിള്ളലുകൾ വീഴ്ത്തിയതെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു.
വിവാഹമോചനത്തിന് ശേഷം വർഷങ്ങളോളം തനിച്ചു കഴിഞ്ഞപ്പോഴാണ് ജീവിതത്തിൽ പങ്കാളിയുടെ പ്രാധാന്യം ഇരുവരും തിരിച്ചറിഞ്ഞത്. ആ വേർപിരിയൽ കാലമാണ് പരസ്പരം എത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു എന്ന് ബോധ്യപ്പെടുത്തിയതെന്ന് പ്രിയദർശൻ കൂട്ടിച്ചേർത്തു.
"വിവാഹമോചനത്തിന് ശേഷം കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും പരസ്പരം മിസ്സ് ചെയ്യുന്നതായി തോന്നി. എവിടെയോ യഥാർത്ഥ പ്രണയം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം. അങ്ങനെ ഞങ്ങൾ വീണ്ടും ഒന്നിച്ചു. ജീവിതത്തിൽ ഒരാളുടെ കൂട്ട് വളരെ പ്രധാനമാണ്."
പ്രിയദർശനും ലിസിയും വീണ്ടും ഒന്നിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ വർഷം തന്നെ സജീവമായിരുന്നു. സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ച് എത്തിയതാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. പിന്നീട് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ ലിസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ആരാധകർ ഇത് ഉറപ്പിച്ചു.
നിലവിൽ വിവാഹ സർട്ടിഫിക്കറ്റ് എന്ന സാങ്കേതികതയ്ക്ക് പുറത്ത്, പരസ്പര ധാരണയോടെ ഒരുമിച്ച് ജീവിക്കാനാണ് ഇരുവരുടെയും തീരുമാനം. 1990-ൽ വിവാഹിതരായ ഇവർക്ക് കല്യാണി പ്രിയദർശൻ, സിദ്ധാർത്ഥ് പ്രിയദർശൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മക്കളുടെ സന്തോഷവും തങ്ങളുടെ സ്വസ്ഥതയും മുൻനിർത്തി എടുത്ത ഈ തീരുമാനം സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് നേടുന്നത്. പ്രായോഗിക ബുദ്ധിയേക്കാൾ പ്രണയത്തിന് പ്രാധാന്യം നൽകിയ താരജോഡികളെ സിനിമാ ലോകം ഒന്നടങ്കം സ്വാഗതം ചെയ്യുകയാണ്.
