'ലാലേട്ടൻ ഓസ്കറിന് അർഹൻ, ഭൂമിശാസ്ത്രപരമായി ശരിയായ ഇടത്തായിരുന്നുവെങ്കിൽ...'; വിദേശ ക്യാമറാമാന്റെ നിരീക്ഷണം ശരിയെന്ന് തബു; ഓസ്കർ ജനിച്ചത് തെറ്റായ സ്ഥലത്തെന്ന് ആരാധകർ

Update: 2026-04-07 13:47 GMT

കൊച്ചി: മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ അഭിനയ വിസ്മയത്തെക്കുറിച്ച് ലോകപ്രശസ്തരായ പലരും വാഴ്ത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു ഇൻസ്റ്റഗ്രാം പേജിൽ മോഹൻലാലിനെക്കുറിച്ച് വന്ന പോസ്റ്റിന് ബോളിവുഡ് താരം തബു നൽകിയ കമന്റാണ് സിനിമാ ലോകത്ത് ചർച്ചയാകുന്നത്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത 'വാനപ്രസ്ഥം' എന്ന ചിത്രത്തിലെ ചില രംഗങ്ങൾക്കൊപ്പം സിനിമയുടെ സ്വിസ് ഛായാഗ്രാഹകൻ റിനാറ്റോ ബെർത്ത മുൻപ് നടത്തിയ ഒരു നിരീക്ഷണമാണ് 'ഫിലിം ചിക്കോ' എന്ന പേജിൽ പോസ്റ്റ് ചെയ്തത്.

"ഭൂമിശാസ്ത്രപരമായി ശരിയായ ഇടത്താണ് ജനിച്ചിരുന്നതെങ്കിൽ മോഹൻലാലിന് ഒരു ഓസ്കർ ലഭിച്ചേനെ, അദ്ദേഹം ജനിച്ചത് തെറ്റായ സ്ഥലത്താണ്" എന്നായിരുന്നു ബെർത്തയുടെ ആ പഴയ വാക്കുകൾ. ഇതിനോട് നൂറുശതമാനം യോജിക്കുന്നുവെന്ന് വ്യക്തമാക്കിയ തബു, കയ്യടികളുടെ ഇമോജികളാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. തബുവിന്റെ കമന്റിന് പിന്നാലെ ആരാധകരും ഈ ചർച്ച ഏറ്റെടുത്തു. രസകരമായ പല നിരീക്ഷണങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്.

"ലാലേട്ടനല്ല, ഓസ്കറാണ് തെറ്റായ സ്ഥലത്ത് ജനിച്ചത്" എന്നാണ് ഒരു ആരാധകന്റെ കമന്റ്. പാശ്ചാത്യ ലോകത്തിന് മാത്രമാണ് ഓസ്കർ വലുതെന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ പ്രതിഭകളെ അളക്കാൻ ആ പുരസ്കാരം മതിയാകില്ലെന്നും മറ്റ് ചിലർ കുറിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത 'കാലാപാനി'യിൽ മോഹൻലാലിന്റെ നായികയായി തബു അഭിനയിച്ചിരുന്നു.

ഡോ. ഗോവർദ്ധൻ മേനോനും പാർവതിക്കുട്ടിയുമായി ഇരുവരും സ്ക്രീനിൽ നിറഞ്ഞാടിയ ചിത്രം ഇന്നും മലയാളി മനസ്സിനോട് ചേർന്നുനിൽക്കുന്നതാണ്. ലാലേട്ടന്റെ പ്രതിഭയെ അടുത്തറിഞ്ഞ സഹപ്രവർത്തക കൂടിയായ തബുവിന്റെ ഈ പിന്തുണ ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. കഥകളി നടൻ കുഞ്ഞിക്കുട്ടനായി മോഹൻലാൽ വിസ്മയിപ്പിച്ച 'വാനപ്രസ്ഥം' അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിക്കൊടുത്തിരുന്നു.

Tags:    

Similar News