'ഗർഭിണി സ്വർണ്ണമിട്ട് ഫോട്ടോ എടുക്കണ്ട', ഒരു സ്ത്രീ തന്നെയാണ് എന്നോടിത് പറഞ്ഞത്; സിനിമയിൽ തടിയുടെ പേരിൽ ഒഴിവാക്കി; വെളുപ്പിനും കറുപ്പിനും ഇന്നും വിവേചനം; വെളിപ്പെടുത്തലുമായി ഐമ റോസി
കൊച്ചി: മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത താരമാണ് ഐമ റോസി. 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം', 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ', 'ആർ.ഡി.എക്സ്' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഐമ ഇപ്പോൾ തന്റെ കരിയറിൽ നേരിടേണ്ടി വന്ന കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറയുകയാണ്. ശാരീരിക രൂപത്തിന്റെ പേരിലും ഗർഭിണിയായതിന്റെ പേരിലും തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയത്.
ഒരു സിനിമയ്ക്കായി താൻ നടത്തിയ കഠിനാധ്വാനവും ഒടുവിൽ ലഭിച്ച തിരിച്ചടിയും ഐമ ഓർത്തെടുത്തു. ആ സിനിമയ്ക്കായി ശരീരഭാരം കുറച്ചിട്ടും വണ്ണത്തിന്റെ പേരിൽ തന്നെ ഒഴിവാക്കിയെന്ന് താരം പറഞ്ഞു. "സിനിമയിൽ നിന്നും നേരിട്ട അവഗണനകൾ എന്നെ കുറച്ച് വിഷാദത്തിലാക്കി. ആ സിനിമയ്ക്കായി ഞാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. എന്നാൽ പെട്ടെന്നൊരു ദിവസം അവർ പറയുകയാണ്, നിനക്ക് ഭയങ്കര തടിയാണ് എന്ന്. അത്രയും വണ്ണം കുറച്ച ശേഷമാണ് എന്നെ മാറ്റുന്നത്. നിരസിക്കുന്നതിനും ഒരു രീതിയുണ്ട്. നിനക്ക് തടിയാണ്, നീ വെളുത്തിട്ടാണ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ദേഷ്യം വരും." - ഐമ റോസി
പഴയ കാലത്തെ അപേക്ഷിച്ച് ഇന്ന് സിനിമയിൽ രൂപത്തിന്റെ പേരിൽ ആളുകളെ ഒഴിവാക്കുന്നത് ഒരു മയവുമില്ലാതെയാണെന്നും ഐമ കൂട്ടിച്ചേർത്തു. കറുപ്പും വെളുപ്പും തിരിച്ചുള്ള വിവേചനം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അതിനോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്നും താരം വ്യക്തമാക്കി. സിനിമയിൽ മാത്രമല്ല, പരസ്യരംഗത്തും തനിക്ക് മോശം അനുഭവമുണ്ടായതായി ഐമ വെളിപ്പെടുത്തി. ഗർഭിണിയായിരുന്ന സമയത്ത് ഒരു സ്വർണ്ണക്കടയുടെ ഉദ്ഘാടനത്തിൽ നിന്നും തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് താരം പറഞ്ഞതിങ്ങനെ:
"ഒരു സ്വർണ്ണക്കടയുടെ ഉദ്ഘാടനം എനിക്ക് ലഭിച്ചിരുന്നു. എന്നാൽ ഒരു സ്ത്രീ പറഞ്ഞത്, നീ ഗർഭിണിയാണ് അതുകൊണ്ട് നിന്നെ എടുക്കാനാകില്ല എന്നാണ്. ഗർഭിണി സ്വർണ്ണമിട്ട് ഫോട്ടോ എടുക്കേണ്ടെന്ന് ഒരു സ്ത്രീ തന്നെ എന്നോട് പറഞ്ഞത് വലിയ വിഷമമായി. ഗർഭിണിയായതിനാൽ ആ സമയത്ത് താൻ കൂടുതൽ പ്രതികരിക്കാൻ നിന്നില്ലെന്നും താരം പറഞ്ഞു. ജെസു ജോർജുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ഐമയുടെ ഈ തുറന്നുപറച്ചിലുകൾ.
