'നാലുമണിക്കൂർ പോയതറിഞ്ഞില്ല, രൺവീർ വേറെ ലെവൽ'; ഇന്ത്യയിൽ ഇങ്ങനെയൊന്ന് ആദ്യം; 'ധുരന്ധർ 2' വിനെ പ്രശംസിച്ച് വിരാട് കോലി

Update: 2026-04-07 13:14 GMT

മുംബൈ: ബോളിവുഡിനെ ഇളക്കിമറിച്ച സൂപ്പർഹിറ്റ് ചിത്രം 'ധുരന്ധർ 2' വിന് പ്രശംസയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. തനിക്ക് ലഭിച്ച ഏറ്റവും മികച്ച സിനിമാ അനുഭവമായിരുന്നു ധുരന്ധറെന്ന് കോലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചിത്രത്തിന്റെ സംവിധായകൻ ആദിത്യയെയും നായകൻ രൺവീർ സിങ്ങിനെയും താരം വാനോളം പുകഴ്ത്തി.

"ഇന്ത്യയിൽ നിർമിച്ച ഇത്തരത്തിലൊരു ചിത്രം ഞാൻ ആദ്യമായാണ് കാണുന്നത്. നാലുമണിക്കൂർ നേരം പോയതറിഞ്ഞില്ല. ആദിത്യ, നിങ്ങളുടെ പ്രതിഭ ഈ സിനിമയിൽ ഉടനീളം നിഴലിക്കുന്നുണ്ട്. സിനിമയിലെ എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചുവെങ്കിലും രൺവീർ വേറെ ലെവലാണ്. അസാമാന്യ പ്രകടനം!". അതിശയം എന്നായിരുന്നു ചിത്രം കണ്ട അനുഷ്ക ശർമയുടെ പ്രതികരണം.

ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന കഥാപാത്രത്തെ ഒട്ടും പിഴവില്ലാതെ രൺവീർ അവതരിപ്പിച്ചുവെന്നും ആർ. മാധവൻ, അർജുൻ രാംപാൽ, രാകേഷ് ബേദി എന്നിവരുടെ പ്രകടനം ചിത്രത്തിന്റെ മാറ്റുകൂട്ടിയെന്നും അനുഷ്ക കൂട്ടിച്ചേർത്തു. റിലീസ് ചെയ്ത് ഒരു മാസം തികയാറാകുമ്പോൾ ആഗോളതലത്തിൽ റെക്കോർഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1622 കോടി രൂപയാണ് ചിത്രം വാരിയത്. ഏപ്രിൽ ആറിലെ റിപ്പോർട്ടുകൾ പ്രകാരം വിദേശത്തുനിന്ന് മാത്രം 394 കോടി രൂപ ലഭിച്ചു.

ഇന്ത്യയിൽ നിന്നുള്ള വരുമാനം 1228 കോടി കടന്നു. ആക്ഷനും ദേശീയതയും ഒത്തിണങ്ങുന്ന ചിത്രം വൻ വിജയമാകുമ്പോഴും, ഇതൊരു പ്രൊപ്പഗാൻഡ സിനിമയാണെന്ന തരത്തിലുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. എന്നിരുന്നാലും, സൂപ്പർതാരങ്ങളുടെ പിന്തുണ കൂടി ലഭിച്ചതോടെ വരും ദിവസങ്ങളിലും ചിത്രം ബോക്സ് ഓഫീസിൽ തരംഗമാകുമെന്നുറപ്പാണ്.

Tags:    

Similar News