'എന്താണ് ഇവിടെ സംഭവിക്കുന്നത്?'; ഇത് യുദ്ധമല്ല, വംശഹത്യയാണ്; യുഎസും ഇസ്രയേലും ഭീകരവാദ-ഫാസിസ്റ്റ് രാജ്യങ്ങൾ; പൊട്ടിക്കരഞ്ഞ് മിയ ഖലീഫ, വൈറലായി വീഡിയോ
ബെയ്‌റൂട്ട്: ലെബനനിൽ ഇസ്രയേൽ നടത്തുന്ന അതിശക്തമായ വ്യോമാക്രമണങ്ങളിൽ വികാരാധീനയായി മിയ ഖലീഫ. തന്റെ ജന്മനാടായ ലെബനനിലെ ദുരവസ്ഥ കണ്ട് പൊട്ടിക്കരയുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇപ്പോൾ നടക്കുന്നത് വെറും യുദ്ധമല്ലെന്നും മറിച്ച് വംശഹത്യയാണെന്നും മിയ ആരോപിച്ചു. യുഎസിൽ താമസിക്കുന്ന താൻ നൽകുന്ന നികുതിപ്പണം സ്വന്തം നാടിനെ നശിപ്പിക്കാനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മിയ ഖലീഫ വ്യക്തമാക്കി.
"എന്താണ് ഇവിടെ സംഭവിക്കുന്നത്? ലോകം ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ ഇവിടെ പരസ്പരം ബോംബെറിയുകയാണ്. ഇത് ശുദ്ധ ഭ്രാന്താണ്," വീഡിയോയിൽ താരം പറയുന്നു. യുഎസിനെയും ഇസ്രയേലിനെയും രൂക്ഷമായ ഭാഷയിലാണ് മിയ വിമർശിച്ചത്. യുദ്ധക്കുറ്റങ്ങളിൽ പരസ്പരം മത്സരിക്കുന്ന ഭീകരവാദ-ഫാസിസ്റ്റ് രാജ്യങ്ങളാണിവയെന്നും ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ ഇവരെ വിചാരണ ചെയ്യേണ്ടതുണ്ടെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് മിയ കുറിച്ചു.
യുഎസും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ കരാറിലെത്തിയതിന് പിന്നാലെയാണ് ഇസ്രയേൽ ലെബനനിൽ ആക്രമണം ശക്തമാക്കിയത്. ഇറാനുമായുള്ള കരാറിൽ ലെബനനെ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ഇസ്രയേലിന്റെ വാദം. ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആക്രമണങ്ങളിൽ ഇതുവരെ 203 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
