'ആൺകുട്ടികൾക്ക് അമ്മ ഒരു വികാരമാണ്, അമ്മയാവുക എന്നത് ഈശ്വരാനുഗ്രഹം'; നിന്നെ ഞാൻ എന്റെ ചിറകിനടിയിൽ ഒതുക്കി വച്ച് വളർത്തി; അച്ഛന്‍റെ സ്നേഹം നിഷേധിച്ചിട്ടില്ല; കുറിപ്പുമായി അമേയ
കൊച്ചി: മാതൃത്വത്തിന്റെ മഹത്വവും ജീവിതത്തിലെ പ്രതിസന്ധികളിൽ മക്കൾ നൽകിയ കരുത്തും പങ്കുവെച്ച് നടി അമേയ. മകന്റെ ജന്മദിനത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് വികാരനിർഭരമായ വാക്കുകളുമായി താരം എത്തിയത്. അമ്മയാവുക എന്നത് ദൈവം നൽകിയ അനുഗ്രഹമാണെന്നും ഒരു സ്ത്രീ പൂർണ്ണതയിലെത്തുന്നത് അമ്മയാകുമ്പോഴാണെന്നും അമേയ കുറിച്ചു.
അമേയയുടെ കുറിപ്പ്
''ആൺകുട്ടികൾക്ക് അമ്മ ഒരു വികാരമാണ്. അമ്മയാവുക എന്നത് ഈശ്വരൻ അനുഗ്രഹിച്ച് കിട്ടുന്ന ഭാഗ്യവും. ഒരു സ്ത്രീ അവളുടെ പൂർണ്ണതയിൽ എത്തുന്നത് അമ്മ ആയിക്കൊണ്ടാണെന്ന് നിസംശയം പറയാം. പക്ഷെ ജന്മം തന്ന അമ്മയെ പോലെ അതേ തുല്യത ജന്മം തന്ന അച്ഛനുമുണ്ട്. ഇന്നത്തെ കുഞ്ഞുങ്ങൾക്ക് അധികവും അച്ഛനമ്മമാരുടെ സ്നേഹം ഒരുമിച്ച് അനുഭവിക്കാൻ ഭാഗ്യം ലഭിക്കുന്നില്ല എന്നത് വേദനാജനകമാണ്. വ്യക്തിപരമായ കാരണങ്ങളാൽ വേർപിരിഞ്ഞുവെങ്കിലും നിനക്കൊരിക്കലും നിന്റെ അച്ഛന്റെ സ്നേഹം ഞാൻ നിഷേധിച്ചിട്ടില്ല.
എന്റെ നിസ്വാർഥതയിൽ, തീരുമാനങ്ങളിൽ ഞാൻ എല്ലായ്പ്പോഴും അഭിമാനിക്കുന്നു. അത് നിന്നോടുള്ള എന്റെ കരുതലാണ്. ഒരിക്കൽ നിന്നെ ഞാൻ എന്റെ ചിറകിനടിയിൽ മാത്രം ഒതുക്കി വച്ച് വളർത്തിയിരുന്നു. അന്ന് നമുക്ക് നമ്മൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നമ്മുടേതായൊരു ബോണ്ട് ഇന്നും നിലനിൽക്കുന്നു. ഒന്നുമില്ലായ്മയിൽ നിലനിന്നിരുന്ന ശക്തമായ ബന്ധങ്ങൾക്ക് ഒരിക്കലും വിള്ളൽ വീഴില്ല. എന്നെ നിലനിർത്തിയതിനും ജീവിക്കാൻ പ്രേരിപ്പിച്ചതിനും എന്റെ മക്കൾക്ക് നന്ദി.
ഇന്ന് നീ എനിക്കൊരു മായാജാലം പോലെ തോന്നുന്നു. കാരണം എന്നെ അതിശയിപ്പിക്കുന്ന വേഗത്തിലാണ് നീ വളർന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വലിയ ലോകം നിനക്കായി നിന്റെ മുന്നിൽ തുറന്നിട്ടു കഴിഞ്ഞു ഞാൻ. ഈ ലോകത്തെ എല്ലാ സ്നേഹവും കരുതലും ബഹുമാന്യതയും നീ അർഹിക്കുന്നു. ഈ ലോകത്തിന്റെ കൊള്ളരുതായ്മകൾ നിന്റെ മേൽ പതിയ്ക്കാതിരിക്കാൻ ആഴത്തിൽ വേരോടിച്ച് തണൽ വിരിച്ച് എല്ലായിപ്പോഴും നിനക്ക് ഞാൻ കാവലുണ്ട്.... നീ വളരൂ... പിറന്നാൾ ആശംസകൾ''.
