'ഭർത്താവ് മരിച്ചയുടൻ കാമുകനെ തേടിപ്പോകണോ?'; ആ കഥാപാത്രത്തിന്റെ പേരിൽ നേരിട്ടത് രൂക്ഷവിമർശനങ്ങൾ; തുറന്നുപറഞ്ഞ് സംയുക്ത വർമ
കൊച്ചി: മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് വിസ്മയിപ്പിക്കുകയും വിവാഹശേഷം അഭിനയത്തിൽ നിന്ന് വലിയൊരു ഇടവേളയെടുത്ത താരമായ സംയുക്ത വർമയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. താൻ ചെയ്ത ചില കഥാപാത്രങ്ങളുടെ പേരിൽ പ്രേക്ഷകരിൽ നിന്ന്, പ്രത്യേകിച്ച് സ്ത്രീകളിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത ചോദ്യങ്ങളെക്കുറിച്ചാണ് താരം മനസ് തുറന്നത്. വർഷങ്ങൾക്കു മുൻപ് നൽകിയ ഒരു അഭിമുഖത്തിലെ ഭാഗങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
മാധവിക്കുട്ടിയുടെ കഥയെ ആസ്പദമാക്കി ഒരുക്കിയ 'മഴ' എന്ന ചിത്രത്തിലെ ഭദ്ര എന്ന കഥാപാത്രത്തെക്കുറിച്ചാണ് പ്രധാനമായും വിമർശനങ്ങൾ ഉയർന്നതെന്ന് സംയുക്ത പറയുന്നു. ഭർത്താവ് മരിച്ചതിന് പിന്നാലെ മുൻകാമുകനെ കാണാൻ പോകുന്ന നായികയുടെ പ്രവൃത്തിയെ പലരും ചോദ്യം ചെയ്തു.
"മഴ എന്ന സിനിമയിലെ എന്റെ കഥാപാത്രം ശരിക്കും മികച്ചതായിരുന്നു. മാധവിക്കുട്ടിയുടെ കഥ എന്നതായിരുന്നു ആ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. എന്നാൽ ആ കഥാപാത്രം കണ്ടിട്ട് ഒരുപാട് സ്ത്രീകൾ എന്നോട് ചോദിച്ചിട്ടുണ്ട് 'ഇതെന്തൊരു മോശം കഥാപാത്രമാണ്' എന്ന്. വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ഭർത്താവ് മരിച്ചയുടൻ കാമുകനൊപ്പം പോകുന്നത് ശരിയാണോ എന്നായിരുന്നു അവരുടെ ചോദ്യം."
സമാനമായ അനുഭവം 'മേഘമൽഹാർ' എന്ന ചിത്രത്തിലെ നന്ദിനി എന്ന കഥാപാത്രത്തിന്റെ കാര്യത്തിലും ഉണ്ടായെന്ന് താരം വെളിപ്പെടുത്തി. മലയാളികളുടെ പരമ്പരാഗത കാഴ്ചപ്പാടിൽ ഇത്തരം കഥാപാത്രങ്ങൾ നെഗറ്റീവ് ആണെന്നത് തന്നെയാണ് ഇതിന് കാരണം. "എന്തിനാണ് അങ്ങനെയൊരു വേഷം ചെയ്തത് എന്ന് പലരും നേരിട്ട് ചോദിച്ചു. അങ്ങനെയുള്ളവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, അത് ഞാനല്ല, സംയുക്തയല്ല; അതൊരു കഥാപാത്രമാണ്. നമ്മുടെ സമൂഹത്തിൽ പല സ്വഭാവമുള്ള സ്ത്രീകളുണ്ട്, അതിലൊരാൾ മാത്രമാണ് ആ കഥാപാത്രം."- സംയുക്ത വ്യക്തമാക്കി. ബിജു മേനോനുമായുള്ള വിവാഹശേഷം അഭിനയരംഗത്ത് സജീവമല്ലെങ്കിലും ഇന്നും മലയാളികൾ നെഞ്ചേറ്റുന്ന നടിമാരിലൊരാളാണ് സംയുക്ത വർമ.