ദുബായ് പോലീസ് അറസ്റ്റ് ചെയ്തെന്ന പ്രചാരണം പച്ചക്കള്ളം, ചിലരുടെ 'നാണംകെട്ട പണി'; വ്ലോഗർമാർക്ക് മറുപടിയുമായി രേണു സുധി; ഏപ്രിൽ 2 വരെ ദുബായിൽ തുടരുമെന്നും താരം
ദുബായ്: താൻ ദുബായിൽ അറസ്റ്റിലായെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സോഷ്യൽ മീഡിയ താരവും ഇൻഫ്ലുവൻസറുമായ രേണു സുധി. ദുബായ് പോലീസ് തന്നെ അറസ്റ്റ് ചെയ്തെന്നും വസ്ത്രധാരണത്തിന്റെ പേരിൽ കേസ് എടുത്ത് നാട്ടിലേക്ക് കയറ്റിവിട്ടെന്നുമുള്ള വാർത്തകൾക്കെതിരെയാണ് രേണു പ്രതികരിച്ചത്. ചില വ്ലോഗർമാർ വ്യൂസിനു വേണ്ടി പടച്ചുവിടുന്ന നാണംകെട്ട നുണക്കഥകളാണിതെന്ന് താരം വ്യക്തമാക്കി.
ഒരു റെസ്റ്റോ ബാർ ഉദ്ഘാടനത്തിന്റെ ഭാഗമായി രണ്ടു ദിവസം മുൻപാണ് രേണു സുധി ദുബായിലെത്തിയത്. പിന്നാലെയാണ്, താരം അല്പവസ്ത്രധാരിയായി പൊതുസ്ഥലത്ത് നടന്നെന്നും പോലീസ് പിടികൂടിയെന്നുമുള്ള തരത്തിൽ വീഡിയോകൾ പ്രചരിച്ചത്. ഇനി ദുബായിലേക്ക് കടക്കാനാകാത്ത വിധം നിയമനടപടികൾ നേരിട്ടെന്നായിരുന്നു വീഡിയോകളിലെ അവകാശവാദം.
എന്നാൽ, ഈ പ്രചരണങ്ങളെല്ലാം തള്ളിയ രേണു, താൻ ഇപ്പോഴും ദുബായിൽ തന്നെയാണെന്നും പ്രമോഷൻ പരിപാടികളുമായി തിരക്കിലാണെന്നും അറിയിച്ചു. "ഞാനിപ്പോഴും ദുബായിൽ തന്നെയുണ്ട്. ഏപ്രിൽ രണ്ടാം തീയതി വരെ എനിക്ക് ഇവിടെ പ്രമോഷൻ വർക്കുകളുണ്ട്. അതു കഴിഞ്ഞേ നാട്ടിലേക്ക് മടങ്ങുകയുള്ളൂ. ചിലർ നൽകിയ തംബ്‌നെയിലുകൾ കണ്ടു, ഇതെല്ലാം വ്യാജമാണ്," രേണു സുധി വ്യക്തമാക്കി.