'ട്വിസ്റ്റ് ആൻഡ് ടേൺസിന് ശേഷം ട്രാക്കിലേക്ക്'; സ്നേഹം പിടിച്ചുവാങ്ങാൻ കഴിയില്ല, ആർക്കും ബാധ്യതയാകാൻ താല്പര്യവുമില്ല; ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് നടി ഗൗരി കൃഷ്ണൻ
കൊച്ചി: ഭർത്താവുമായി വേർപിരിഞ്ഞാണ് കഴിയുന്നതെന്ന് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ഗൗരി കൃഷ്ണൻ. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിലൂടെയും അതിന് താഴെ വന്ന കമന്റുകൾക്ക് നൽകിയ മറുപടിയിലൂടെയുമാണ് താരം ഈ വിവരം വെളിപ്പെടുത്തിയത്. പൗർണമിത്തിങ്കൾ എന്ന സീരിയലിന്റെ സംവിധായകനായ മനോജുമായാണ് ഗൗരി വിവാഹിതയായത്. എന്നാൽ തങ്ങളിപ്പോൾ വേർപിരിഞ്ഞാണ് കഴിയുന്നതെന്ന് ഗൗരി വ്യക്തമാക്കി.
ജീവിതത്തിലെ വലിയൊരു പ്രതിസന്ധി ഘട്ടത്തിന് ശേഷം താൻ ട്രാക്കിലേക്ക് തിരിച്ചു വരികയാണെന്ന് ഗൗരി വീഡിയോയിൽ പറയുന്നു. "ജീവിതത്തിലെ വലിയൊരു ട്വിസ്റ്റ് ആൻഡ് ടേൺസിനും റോളർ കോസ്റ്റർ റൈഡിനും ശേഷം അവസാനം ഞാൻ ട്രാക്കിലേക്ക് തിരിച്ചെത്തുകയാണ്. ഒരുപാട് പേർ ചോദിച്ചിരുന്നു എന്താണ് വീഡിയോകൾ ഇടാത്തതെന്ന്. ജീവിതം തന്നെ മൊത്തത്തിൽ ഒന്ന് ബ്രേക്കിലായിരുന്നു. ആ ബ്രേക്കിൽ നിന്ന് വീണ്ടുമൊരു റീ സ്റ്റാർട്ട് പോലെ തുടങ്ങുകയാണ്," ഗൗരി പറഞ്ഞു.
പുതിയ വീഡിയോയ്ക്ക് താഴെ ഭർത്താവ് മനോജിനെക്കുറിച്ച് ആരാധകർ ഉന്നയിച്ച തുടർച്ചയായ ചോദ്യങ്ങൾക്കാണ് ഗൗരി കൃത്യമായ മറുപടി നൽകിയത്. തങ്ങളിപ്പോൾ ഒരുമിച്ചല്ല താമസിക്കുന്നതെന്ന് താരം ഇതിലൂടെ തുറന്നുപറഞ്ഞു. സ്നേഹം എന്നത് ആരിൽ നിന്നും പിടിച്ചുവാങ്ങാൻ കഴിയുന്ന ഒന്നല്ലെന്നും ആരുടെയും ജീവിതത്തിൽ ഒരു ബാധ്യതയായി തീരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മറുപടിയായി താരം കുറിച്ചു. സോഷ്യൽ മീഡിയയിൽ കാണുന്നതുപോലെയല്ല ആരുടെയും യഥാർത്ഥ ജീവിതമെന്നും തന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് ഗൗരി ആരാധകരെ ഓർമ്മിപ്പിച്ചു.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന 'പൗർണമിത്തിങ്കൾ' എന്ന ഹിറ്റ് സീരിയലിലൂടെയാണ് ഗൗരി ശ്രദ്ധിക്കപ്പെടുന്നത്. ഈ സീരിയലിന്റെ സംവിധായകനായിരുന്നു മനോജ്. സെറ്റിലെ സൗഹൃദം പിന്നീട് പ്രണയമാവുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയുമായിരുന്നു. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഗൗരി. ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന വിശേഷങ്ങളാണ് പുതിയ വ്ളോഗിൽ താരം ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിസന്ധികളിലും തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും ഗൗരി നന്ദി അറിയിച്ചു.
