'വീട്ടിൽ കറന്റ് പോലുമില്ലാത്ത കാലത്താണ് അവൾ ഒളിച്ചോടി വന്നത്'; എൽഎൽബി പഠനം മുടങ്ങിയതിൽ വലിയ വിഷമമുണ്ടായിരുന്നു; ഒടുവിൽ ആ ആഗ്രഹം സാക്ഷാത്കരിച്ചുവെന്ന് നോബി മാർക്കോസ്

Update: 2026-03-26 10:31 GMT

തിരുവനന്തപുരം: തന്റെ പ്രിയതമയുടെ സ്വപ്നം സാക്ഷാത്കരിച്ചതിനെക്കുറിച്ചും മനസ്സ് തുറന്ന് നടനും മുൻ ബിഗ് ബോസ് താരവുമായ നോബി മാർക്കോസ്. എൽഎൽബി വിദ്യാർത്ഥിയായിരിക്കെ തന്നോടൊപ്പം ഇറങ്ങിവന്ന ഭാര്യ വർഷങ്ങൾക്ക് ശേഷം നിയമപഠനം പൂർത്തിയാക്കി വക്കീലായതിന്റെ സന്തോഷമാണ് നോബി പങ്കുവെച്ചത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. തങ്ങളുടേത് പ്രണയിച്ച് ഒളിച്ചോടിയുള്ള വിവാഹമായിരുന്നുവെന്ന് നോബി ഓർക്കുന്നു.

"ഭാര്യയുടേത് ആവശ്യത്തിന് സൗകര്യങ്ങളുള്ള കുടുംബമായിരുന്നു. എന്നാൽ അവൾ എന്നോടൊപ്പം വരുമ്പോൾ എന്റെ വീട്ടിൽ വൈദ്യുതി പോലും ഉണ്ടായിരുന്നില്ല. ഇന്റർകാസ്റ്റ് വിവാഹമായതുകൊണ്ടും ഒളിച്ചോടി വന്നതുകൊണ്ടുമുള്ള ബുദ്ധിമുട്ടുകൾ അന്നുണ്ടായിരുന്നു. എൽഎൽബി പഠിച്ചുകൊണ്ടിരിക്കെയാണ് അവൾ വന്നത്. പിന്നീട് പഠനം തുടരാൻ അവൾ തയ്യാറായില്ല. അത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു." നോബി പറഞ്ഞു.

ഒരാളുടെയും ജീവിതം നശിപ്പിക്കരുതെന്ന നിർബന്ധം തനിക്കുണ്ടായിരുന്നുവെന്നും പഠിക്കാൻ മിടുക്കിയായ ഭാര്യയുടെ ആഗ്രഹം വൈകിയാണെങ്കിലും നടപ്പിലായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടക്കത്തിൽ പഠിക്കാൻ നിർബന്ധിച്ചിട്ടും വഴങ്ങാതിരുന്ന ഭാര്യ പിന്നീട് സ്വന്തം താല്പര്യപ്രകാരം പഠനം തുടരാമെന്ന് അറിയിക്കുകയായിരുന്നു. ആ സമയത്ത് അവളെ പഠിപ്പിക്കാനുള്ള സാമ്പത്തിക ചുറ്റുപാട് തനിക്കുണ്ടായിരുന്നുവെന്നും നോബി പറയുന്നു.

"ഇപ്പോൾ അവൾ നിയമപഠനം പൂർത്തിയാക്കി വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. ഇപ്പോഴും പല പരീക്ഷകളും എഴുതുന്നുണ്ട്. എന്റെ വീട്ടുകാർക്ക് എന്നെ വലിയ നിലയിൽ പഠിപ്പിക്കണമെന്നുണ്ടായിരുന്നു, പക്ഷേ എനിക്ക് പഠിക്കാൻ അത്ര ബുദ്ധിയില്ലായിരുന്നു. 'വാഴ'യിലെ കഥാപാത്രത്തിന്റെ അതേ സ്വഭാവമാണ് എനിക്ക്."– നോബി തമാശ കലർത്തി പറഞ്ഞു. തുടക്കത്തിൽ എതിർപ്പുകളുണ്ടായിരുന്നെങ്കിലും ഇപ്പോൾ രണ്ട് കുടുംബങ്ങളും വലിയ സ്നേഹത്തിലും സഹകരണത്തിലുമാണ് മുന്നോട്ട് പോകുന്നതെന്നും താരം വ്യക്തമാക്കി.

Tags:    

Similar News