പലപ്രാവശ്യം സർ...ആ വാക്കുകൾ പറഞ്ഞപ്പോൾ എന്റെ ഹൃദയം വല്ലാതെ സന്തോഷിച്ചു; തുടക്കക്കാരി എന്ന നിലയിൽ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞത് നല്ലത് മാത്രം; കുറിപ്പുമായി നടി നീതു

Update: 2026-03-26 06:53 GMT

കൊച്ചി: സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രമായ 'പ്രതിഛായ'യിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന നടി നീതു കൃഷ്ണ, സംവിധായകനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ചലച്ചിത്രലോകത്ത് ഒരു തുടക്കക്കാരി എന്ന നിലയിൽ, ഉണ്ണികൃഷ്ണനിൽ നിന്ന് തനിക്ക് കരുണയും പരിഗണനയും സ്നേഹവും മാത്രമാണ് ലഭിച്ചതെന്ന് നീതു കൃഷ്ണ കുറിച്ചു.

യൂട്യൂബ് വെബ് സീരീസുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നീതു, താനൊരു തുടക്കക്കാരിയായിരുന്നിട്ടും ഉണ്ണികൃഷ്ണൻ ജോലിയിൽ തന്റെ നിലവാരത്തിലേക്ക് ഇറങ്ങിവന്ന് തന്നെ നയിച്ചതിന് നന്ദി രേഖപ്പെടുത്തി. "സർ നൽകിയ സുരക്ഷിതബോധത്തിനും ഏറ്റവും കംഫർട്ടബിൾ ആയ ഒരു സാഹചര്യത്തിൽ സിനിമയെ അനുഭവിക്കാൻ എനിക്ക് അവസരം നൽകിയതിനും നന്ദി പറയുന്നു," നീതു കുറിച്ചു. തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകരെക്കുറിച്ച് മറ്റ് അഭിനേതാക്കൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ, താൻ ആർക്കായിരിക്കും എന്നെങ്കിലും നന്ദി പറയുക എന്ന് പലപ്പോഴും ചിന്തിച്ചിരുന്നെന്നും, അത് ബി. ഉണ്ണികൃഷ്ണൻ ആയതിൽ അങ്ങേയറ്റം കൃതാർത്ഥയാണെന്നും നീതു കൂട്ടിച്ചേർത്തു.

"‘ഞാൻ അവതരിപ്പിക്കുന്ന കുട്ടിയാണ്’ എന്ന് സർ ഓരോ തവണ പറയുമ്പോഴും എന്റെ ഹൃദയം വലിയ സന്തോഷത്തോടും അഭിമാനത്തോടും കൂടി തുടിച്ചിരുന്നു. സാറിനൊപ്പം ചിലവിട്ട ഓരോ നിമിഷവും, പ്രത്യേകിച്ച് സാറിന്റെ വാക്കുകളേക്കാൾ അർത്ഥവത്തായ പ്രവർത്തികൾ കണ്ട നിമിഷങ്ങൾ ഞാൻ എന്നും കാത്തുസൂക്ഷിക്കും," നീതു കൃഷ്ണ വ്യക്തമാക്കി. 'പ്രതിഛായ' എന്ന സിനിമയിൽ 'റോസ ജയദേവൻ' എന്ന കഥാപാത്രത്തെയാണ് നീതു അവതരിപ്പിക്കുന്നത്.

Tags:    

Similar News