'മന്ദബുദ്ധിയെന്ന് വിളിച്ചാൽ കുട്ടികൾ അത് വിശ്വസിച്ചു തുടങ്ങും'; വിക്കിന്റെ പേരിൽ പരിഹാസങ്ങൾ നേരിട്ടു; കുട്ടിക്കാലത്തെ മുറിവുകളെക്കുറിച്ച് വെളിപ്പെടുത്തലുമായി സമീറ റെഡ്ഡി
ഹൈദരാബാദ്: കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന വിക്കും അതിനെത്തുടർന്നുണ്ടായ പരിഹാസങ്ങളും തന്റെ ആത്മവിശ്വാസത്തെ എങ്ങനെയെല്ലാം ബാധിച്ചുവെന്ന് തുറന്നുപറഞ്ഞ് നടി സമീറ റെഡ്ഡി. വർഷങ്ങൾ നീണ്ട തെറാപ്പിയിലൂടെയാണ് താൻ ആത്മവിശ്വാസം വീണ്ടെടുത്തതെന്നും താരം വെളിപ്പെടുത്തി. കുട്ടിക്കാലത്തെ കളിയാക്കലുകൾ ഇന്നും തന്നെ ബാധിക്കാറുണ്ടെന്ന് സമീറ പറയുന്നു.
"എനിക്ക് കുട്ടിക്കാലത്ത് വിക്കുണ്ടായിരുന്നു. അതിന്റെ പേരിൽ ഒരുപാട് പരിഹാസങ്ങൾ നേരിട്ടു. ഇന്നും സംസാരിക്കുമ്പോൾ വിക്കൽ അനുഭവപ്പെടുകയും ആരെങ്കിലും അതിനോട് പ്രതികരിക്കുകയും ചെയ്താൽ അത് എന്നെ വല്ലാതെ ബാധിക്കും. കുട്ടിക്കാലത്ത് മറ്റുള്ളവർ വിളിക്കുന്ന പേരുകൾ അത്രത്തോളം ആഴത്തിലാണ് മനസ്സിനെ സ്വാധീനിക്കുന്നത്."
സാധാരണമായി വിളിക്കുന്ന പേരുകൾ പോലും ഒരു കുട്ടിയുടെ ആത്മവിശ്വാസം തകർക്കുമെന്ന് സമീറ ചൂണ്ടിക്കാട്ടി. 'മന്ദബുദ്ധി', 'ദുർബലൻ' എന്നിങ്ങനെയുള്ള വിളികൾ തുടർച്ചയായി കേൾക്കുമ്പോൾ കുട്ടികൾ അത് വിശ്വസിച്ചു തുടങ്ങുമെന്നും, പിന്നീട് പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ പോലും അവർ ഭയപ്പെടുമെന്നും താരം ഓർമ്മിപ്പിച്ചു.
തന്റെ മക്കളോട് തുറന്നു സംസാരിക്കാൻ താൻ എപ്പോഴും സമയം കണ്ടെത്താറുണ്ടെന്ന് സമീറ പറഞ്ഞു. "ഒരു മേഖലയിൽ നേരിടുന്ന ബുദ്ധിമുട്ട് ഒരിക്കലും ഒരു കുട്ടിയെ നിർവചിക്കുന്ന ഘടകമാകരുത്. കുട്ടികളെ പരസ്പരം താരതമ്യം ചെയ്യുന്നത് ഒഴിവാക്കണം. എന്റെ മകന് സാധിക്കുന്നതെല്ലാം ആറ് വയസ്സുകാരിയായ മകൾക്ക് സാധിക്കണമെന്നില്ല. നിരന്തരമായ മത്സരവും താരതമ്യവും കുട്ടികളുടെ വളർച്ചയെ ദോഷകരമായി ബാധിക്കും."
സമൂഹത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങാതെ, സ്വന്തം കുട്ടികൾക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാൻ മാതാപിതാക്കളും അധ്യാപകരും ശ്രമിക്കണമെന്നും വെല്ലുവിളികളെ പഠിക്കാനുള്ള അവസരങ്ങളായി കാണാൻ അവരെ പഠിപ്പിക്കണമെന്നും സമീറ റെഡ്ഡി കൂട്ടിച്ചേർത്തു.