'പണത്തിന് വേണ്ടി കൊടുംകുറ്റത്തെയും ലഘൂകരിക്കുന്നു, നാണമില്ലേ ഈ മാധ്യമങ്ങൾക്ക്'; ഇത് ഇരയോടുള്ള അനാദരവാണെന്നും ചിന്മയി; യഷ് ദയാലിനെ വെള്ളപൂശാൻ ശ്രമമെന്ന് ഗായിക
ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ഗുരുതരമായ ആരോപണം നേരിടുന്ന ഐപിഎൽ താരം യഷ് ദയാലിനെ പിന്തുണയ്ക്കുന്ന മാധ്യമ നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി പിന്നണി ഗായിക ചിന്മയി ശ്രീപദ. പോക്സോ കോടതി ജാമ്യം നിഷേധിച്ച ഒരു കുറ്റകൃത്യത്തെ 'വ്യക്തിപരമായ സാഹചര്യം' എന്ന് വിശേഷിപ്പിക്കുന്നത് ഇരയായ പെൺകുട്ടിയോടുള്ള അനാദരവാണെന്നും കുറ്റകൃത്യത്തെ നിസ്സാരവൽക്കരിക്കലാണെന്നും ചിന്മയി തുറന്നടിച്ചു.
പ്രമുഖ മാധ്യമങ്ങൾ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ അധികാരമുള്ളവരെ സംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്ന് ചിന്മയി വിമർശിച്ചു. പണത്തിനും സ്വാധീനത്തിനും വേണ്ടി എത്ര വലിയ കുറ്റത്തെയും മൂടിവെക്കാൻ ശ്രമിക്കുന്നത് ലജ്ജാകരമാണ്. ജയ്പൂരിലെ പ്രത്യേക പോക്സോ കോടതി ജാമ്യം നിഷേധിച്ച കേസിനെപ്പോലും 'വ്യക്തിപരമായ പ്രശ്നം' എന്ന് വിളിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും താരം എക്സിൽ കുറിച്ചു.
പ്രശസ്തരായ വ്യക്തികളും ക്രിക്കറ്റ് താരങ്ങളും ഇത്തരം കേസുകളിൽ പെടുമ്പോൾ അവർക്ക് രണ്ടാമതൊരു അവസരം നൽകാൻ കാണിക്കുന്ന ധൃതിയും ഇരകളെ അവഗണിക്കുന്ന രീതിയും ശരിയല്ല. പണത്തിന് വേണ്ടി എന്തിനെയും വെള്ളപൂശുന്ന രീതി നാണക്കേടാണെന്നും ചിന്മയി വ്യക്തമാക്കി. മുൻപും സിനിമ-കായിക മേഖലകളിലെ അതിക്രമങ്ങൾക്കെതിരെ ചിന്മയി ശക്തമായി ശബ്ദമുയർത്തിയിട്ടുണ്ട്.
നിയമനടപടികൾ നേരിടുന്ന പശ്ചാത്തലത്തിൽ 2026 ഐപിഎൽ സീസണിൽ യഷ് ദയാൽ കളിക്കില്ലെന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഔദ്യോഗികമായി സ്ഥിരീകരിച്ചു. താരത്തിന്റെ കരാർ നിലവിൽ റദ്ദാക്കിയിട്ടില്ലെങ്കിലും നിയമപരമായ വ്യക്തത വരുന്നത് വരെ അദ്ദേഹം ടീമിനൊപ്പം ഉണ്ടാകില്ല. സീസണിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പുകളിൽ നിന്നും ദയാൽ വിട്ടുനിൽക്കുകയാണ്.