'ഞാനും ഒരു മനുഷ്യനാണ്, എല്ലാവർക്കും ഞാൻ വെറും കണ്ടന്റ് മാത്രം'; സ്ട്രെസ് താങ്ങാനാവാതെ ഞാൻ ആത്മഹത്യ ചെയ്തേക്കാം; ഈ വീഡിയോ ആഘോഷിക്കാനും ആളുണ്ടാകും; പൊട്ടിക്കരഞ്ഞ് രേണു സുധി

Update: 2026-03-29 12:37 GMT

കൊച്ചി: തനിക്കെതിരെ ഉയരുന്ന മോശം കമന്റുകളും പരിഹാസങ്ങളും സഹിക്കാവുന്നതിലപ്പുറമാണെന്നും മാനസികമായി താൻ തകർന്നിരിക്കുകയാണെന്നും രേണു സുധി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് രേണു തന്റെ അവസ്ഥ വിവരിച്ചത്. താന്‍ ആത്മഹത്യയുടെ വക്കിലാണെന്നാണ് രേണു പറയുന്നത്. "എന്റെ ജീവിതാവസാനത്തിൽ... അവസാനത്തെ ഉത്തരം ലഭിക്കട്ടെ..." എന്നാണ് വീഡിയോക്ക് നൽകിയ ക്യാപ്ഷൻ. 

സോഷ്യൽ മീഡിയ തുറക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് രേണു പറയുന്നു. പലരും തന്നെ ഒരു 'കണ്ടന്റ്' ആയി മാത്രമാണ് കാണുന്നത്. "ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും തുറന്നാൽ നിറയെ മോശം കമന്റുകളാണ്. ഞാൻ എന്തോ വലിയ അപരാധം ചെയ്തു എന്ന മട്ടിലാണ് പലരുടെയും പ്രതികരണം. എന്നെക്കുറിച്ച് വീഡിയോ ചെയ്യുന്നവർക്ക് മാസം നല്ല വരുമാനം കിട്ടുന്നുണ്ടാകാം, പക്ഷേ അത് എന്നെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് ആരും ചിന്തിക്കുന്നില്ല," രേണു പറഞ്ഞു.

താൻ ആത്മഹത്യയുടെ വക്കിലാണെന്നും രേണു പറയുന്നു. "എനിക്ക് വേണമെങ്കിൽ ഇപ്പോൾ ആത്മഹത്യ ചെയ്യാം. കാരണം കേൾക്കാവുന്നതിന്റെ അപ്പുറം ഞാൻ കേട്ടു കഴിഞ്ഞു. ചില കാര്യങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ അതിന് മുതിരാത്തത്. പക്ഷേ ഈ സ്ട്രെസ് താങ്ങാനാവാതെ ചിലപ്പോൾ ഞാൻ അത് ചെയ്തേക്കാം. നിങ്ങൾ എന്ത് അറിഞ്ഞിട്ടാണ് എന്നെ തെറിവിളിക്കുന്നത്?" - രേണു ചോദിക്കുന്നു.

തന്റെ ഈ വീഡിയോ പുറത്തുവന്നാലും ആളുകൾ അതിനെ പരിഹസിക്കുമെന്ന് രേണുവിന് ആശങ്കയുണ്ട്. "ഈ വീഡിയോ ഇട്ടാലും ആഘോഷിക്കാൻ ആളുണ്ടാകും. അവൾ കള്ളക്കരച്ചിലുമായി ഇറങ്ങി, മുതലക്കണ്ണീർ എന്നൊക്കെയായിരിക്കും കമന്റുകൾ. ഞാനും ഒരു മനുഷ്യനാണെന്ന് ആരും ഓർക്കുന്നില്ല," വികാരാധീനയായി താരം കൂട്ടിച്ചേർത്തു.

കൊല്ലം സുധിയുടെ മകൻ കിച്ചു സുധി (രാഹുൽ) പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് രേണുവിന്റെ പ്രതികരണം. താൻ ജീവിതത്തിൽ നേരിട്ട അവഗണനകളെക്കുറിച്ചും വീട്ടിൽ ഒറ്റപ്പെട്ടുപോയതിനെക്കുറിച്ചും കിച്ചു വീഡിയോയിൽ സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ രേണുവിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നത്.

Tags:    

Similar News