യുകെയില്‍ മലയാളി നഴ്‌സിനെ കുത്തിയ പ്രതി റോമോണ്‍ ഹഖിനെ വീണ്ടും കോടതിയില്‍ എത്തിച്ചു; കേസില്‍ അതിവേഗ നടപടികള്‍; പ്രതിയുടെ പ്രകോപനം വ്യക്തമല്ല; പ്രതിയെ ഏപ്രില്‍ 10 നു വീണ്ടും ഹാജരാക്കണം; വിചാരണ ജൂലൈ 14 ന് തുടങ്ങും

യുകെയില്‍ മലയാളി നഴ്‌സിനെ കുത്തിയ പ്രതി റോമോണ്‍ ഹഖിനെ വീണ്ടും കോടതിയില്‍ എത്തിച്ചു

Update: 2025-02-17 05:02 GMT

ലണ്ടന്‍: യുകെ മലയാളി നഴ്‌സിങ് സമൂഹത്തെ ഞെട്ടിച്ചു കളഞ്ഞ ആശുപത്രിയിലെ കൊലപാതക ശ്രമം നടത്തിയ കേസില്‍ അതിവേഗ നടപടികള്‍. മാഞ്ചസ്റ്റര്‍ മിന്‍സ്ഹാള്‍ ക്രൗണ്‍ കോര്‍ട്ടില്‍ പ്രതിയെ രണ്ടാം വട്ടവും വിഡിയോ കോണ്‍ഫറന്‍സിലൂടെ എത്തിച്ചാണ് ജഡ്ജ് വിചാരണ തിയതിയും പ്രഖ്യാപിച്ചത്. പ്രതി ഇനിയും കുറ്റത്തില്‍ നിക്ഷേധം നടത്താത്ത സാഹചര്യത്തില്‍ ഏപ്രില്‍ പത്തിന് ഒരിക്കല്‍ കൂടി കോടതിയില്‍ എത്തിക്കണം .ജൂലൈ 14 നു വിചാരണ നിശ്ചയിച്ചിരിക്കുന്ന കേസില്‍ പ്രതി അതുവരെ പുറംലോകം കാണില്ലെന്ന് വ്യക്തമായി.

കൊലപാതക ശ്രമത്തിനും മൂര്‍ച്ചയേറിയ ആയുധം കൈവശം വച്ചതിനും പ്രതിക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കാനുള്ള സാഹചര്യമാണ് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് യുകെയില്‍ മലയാളിയായ ആരോഗ്യ പ്രവര്‍ത്തകയെ വധിക്കാന്‍ ഉള്ള ശ്രമം ഉണ്ടായതു എന്നത് പതിനായിരക്കണക്കിന് മലയാളി ആരോഗ്യ പ്രവര്‍ത്തകരെ ഉല്‍ക്കണ്ഠപ്പെടുത്തിയ സംഭവമാണ്. പ്രതി ഏഷ്യന്‍ വംശജന്‍ ആണെന്നാണ് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനിടെ മാരകമായ മുറിവേറ്റ മലയാളി സീനിയര്‍ നഴ്സ് അച്ചാമ്മ ചെറിയാന്‍ അതിവേഗം സുഖം പ്രാപിച്ചു സാധാരണ നിലയിലേക്ക് മടങ്ങുകയാണ് എന്നും പോലീസ് വ്യക്തമാക്കുന്നു.

അച്ചാമ്മ ചെറിയാന്‍ സാധാരണ ജീവിതത്തിലേക്ക്

ജനുവരി 11 നു രാത്രി ഇപ്പോഴും പേടിപ്പെടുത്തുന്ന ഒരോര്‍മ്മയായി അച്ചാമ്മ ചെറിയാന്‍ എന്ന ഓള്‍ഡാം മലയാളി നഴ്‌സിന് ഒപ്പം ഉണ്ടെങ്കിലും ചികിത്സകളോട് മികച്ച നിലയില്‍ പ്രതികരിച്ച ഇവര്‍ അതിവേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. കുടുംബത്തിന്റെ സ്വകാര്യതയും അക്രമിയുടെ ഉദ്ദേശവും എന്തെന്ന് ഇനിയും തിരിച്ചറിയാത്ത സാഹചര്യത്തില്‍ പേരും പടവും പുറത്തു വരരുത് എന്ന ഇവരുടെ ആഗ്രഹത്തിലാണ് മാധ്യമങ്ങള്‍ തുടക്കത്തില്‍ അത് ഒഴിവാക്കിയത്.

എന്നാല്‍ പിന്നീട് ബ്രിട്ടീഷ് മാധ്യമങ്ങളും ഇന്ത്യന്‍ മാധ്യമങ്ങളും ഇവരുടെ ചിത്രം സഹിതമുള്ള റിപോര്‍ട്ടുകള്‍ നല്‍കിയിരുന്നു. പ്രതി തന്റെ മുഴുവന്‍ പേരും കോടതിയില്‍ വെളിപ്പെടുത്തിയെങ്കിലും മാധ്യമങ്ങള്‍ ഇപ്പോഴും പേരിന്റെ ഒരു ഭാഗം മാത്രമാണ് പ്രസിദ്ധപ്പെടുത്തുന്നത്. അതിനിടെ പ്രതി ഏഷ്യന്‍ വംശജന് ആണെന്ന സംശയവും ഇപ്പോള്‍ ബലപ്പെടുകയാണ്. സംഭവത്തില്‍ ഇതിനകം രണ്ടു തവണ കോടതിയില്‍ എത്തിയപ്പോഴും പ്രതി കുറ്റ നിക്ഷേധമോ മാപ്പപേക്ഷയോ നല്‍കിയിട്ടില്ല എന്നതും അസാധാരണമായി.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ മിന്‍സ്ല് ക്രൗണ്‍ കോടതിയില്‍ എത്തിയ പ്രതിയോട് വിഡിയോ കോണ്‍ഫ്രന്‍സില്‍ തന്നെ അടുത്ത ഏപ്രില്‍ പത്തിനും ഹാജരാകാന്‍ ജഡ്ജ് ആവശ്യപ്പെട്ടിരിക്കുകയാണ്. ജൂലൈ 21 മുതല്‍ വിചാരണയും നിശ്ചയിച്ചതോടെ അതിവേഗ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ ശിക്ഷിക്കാന്‍ ഉള്ള ഒരുക്കത്തിലാണ് കോടതി. തുടര്‍ച്ചയായി ആറു ദിവസം വിചാരണയ്ക്ക് തിയതി നല്‍കിയ ജഡ്ജ് മോറിസ് ഗ്രീന്‍ പ്രതിക്ക് പറയാനുള്ളത് ആ സമയത്തു കേള്‍ക്കാന്‍ തയാറെന്ന നിലപിടിലാണ്.

രണ്ടു വട്ടം കോടതിയില്‍ എത്തിച്ചപ്പോഴും പേരും വയസും മാത്രമാണ് കോടതി തിരക്കിയത്. രണ്ടാം വട്ടം കോടതിയില്‍ എത്തിയപ്പോഴും 37 കാരനായ ഓള്‍ഡാമില്‍ തന്നെയുള്ള പ്രതിക്ക് യാതൊരു സങ്കോചവും ഉണ്ടായില്ല എന്നതും പ്രത്യേകതയായി. ഒരേ സമയം രണ്ടു കത്രികകള്‍ കൊണ്ടാണ് പ്രതി അക്രമം നടത്തിയത്. കഴുത്തില്‍ കുത്തേറ്റ അച്ചാമ്മയുടെ നില തുടക്കത്തില്‍ ഗുരുതരം എന്നാണ് പുറത്തറിഞ്ഞതെങ്കിലും പിന്നീട് അതിവേഗം ചികിത്സകളോട് പൊരുത്തപ്പെടുക ആയിരുന്നു.

Tags:    

Similar News