വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട പാന്‍ കാര്‍ഡ് കുരുക്കായി; നെടുമ്പാശ്ശേരിയിലെ മുറുക്കാന്‍ കടക്കാരന്റെ ജീവിതം വഴിമുട്ടിച്ച് ജി എസ് ടി നോട്ടീസ്; 1.56 കോടി അടയ്ക്കാന്‍ ആവശ്യപ്പെട്ട് അധികൃതര്‍; നഷ്ടപ്പെട്ട പാന്‍ കാര്‍ഡിന്റെ വിവരങ്ങള്‍ ചോര്‍ത്തി പ്ലൈവുഡ് മാഫിയ നടത്തിയ വന്‍ തട്ടിപ്പിന്റെ ഇരയായി ബംഗാള്‍ സ്വദേശി
കൊച്ചി: നെടുമ്പാശ്ശേരിയിലെ ഒരു മുറുക്കാന്‍ കടക്കാരന്റെ ജീവിതം പാതിവഴിയിലായ അവസ്ഥയാണിപ്പോള്‍. ഒരുകോടി അമ്പത്തിയാറ് ലക്ഷം രൂപയുടെ ജിഎസ്ടി കുടിശ്ശികയടയ്ക്കണം എന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ ജിഎസ്ടി വിഭാഗത്തില്‍ നിന്ന് നോട്ടീസ് എത്തിയതോടെ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിദ്യുത് ഷെയ്ഖ്. പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് നടന്ന വന്‍ തട്ടിപ്പിന്റെ ഇരയായി മാറിയിരിക്കുകയാണ് ഈ പാവം കടക്കാരന്‍. അഞ്ച് സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ പാന്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് നടത്തിയ പ്ലൈവുഡ് ഇടപാടുകള്‍ക്ക് ജിഎസ്ടി അടച്ചില്ലെന്ന കാരണം കാണിച്ചാണ് പശ്ചിമ ബംഗാള്‍ സ്വദേശി ബിദ്യുത് ഷെയ്ഖിന് നോട്ടീസ് കിട്ടിയത്. ഈ ഇടപാടുകളായി ഒരു ബന്ധവുമില്ലാത്ത യുവാവ്, തന്റെ നഷ്ടപ്പെട്ട പാന്‍ കാര്‍ഡ് ആരോ തട്ടിപ്പിനായി ഉപയോഗിച്ചതാണെന്ന് സംശയിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് പൊലീസിലും ജിഎസ്ടി ഓഫീസിലും പരാതിയുമായി കയറി ഇറങ്ങുകയാണ് ബിദ്യുത് ഷെയ്ഖ്.
കഴിഞ്ഞ 16 വര്‍ഷമായി കൊച്ചി നെടുമ്പാശ്ശേരിയില്‍ മുറുക്കാന്‍ കട നടത്തി ഉപജീവനം കഴിക്കുന്നയാളാണ് ബിദ്യുത് ഷെയ്ഖ്. രണ്ടാഴ്ച മുന്‍പാണ് കൊല്‍ക്കത്തയിലെ ബിദ്യുത്തിന്റെ വീട്ടിലേക്ക് ജിഎസ്ടി അധികൃതരുടെ നോട്ടീസ് എത്തുന്നത്. ഭാര്യ വാട്‌സാപ്പില്‍ അയച്ചുതന്ന ആ നോട്ടീസ് വായിച്ച ബിദ്യുത് ഞെട്ടിപ്പോയി. ആന്ധ്രപ്രദേശ്, തമിഴ്നാട്, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളില്‍ ബിദ്യുത്തിന്റെ പാന്‍ കാര്‍ഡ് ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ പ്ലൈവുഡ് ഇടപാടുകള്‍ നടന്നിരിക്കുന്നു. ഇതിന്റെ നികുതിയായി 1,56,00,000 രൂപ ഉടന്‍ അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം.
ഈ ഇടപാടുകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിദ്യുത് ഷെയ്ഖ് ആവര്‍ത്തിച്ചു പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടിരുന്നു. പുതിയ കാര്‍ഡ് ലഭിക്കാനായി പഴയതിന്റെ കോപ്പി ഒരു ഏജന്‍സിയില്‍ ഏല്‍പ്പിച്ചിരുന്നു. അവിടെ നിന്നാകാം തന്റെ രേഖകള്‍ ചോര്‍ന്നതെന്ന് ബിദ്യുത് സംശയിക്കുന്നു. തട്ടിപ്പുകാര്‍ ബിദ്യുത്തിന്റെ പേരും പാന്‍ നമ്പറും ഉപയോഗിച്ച് ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കുകയും വിവിധ സംസ്ഥാനങ്ങളിലായി ബിസിനസ് നടത്തുകയുമായിരുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ തന്റെ അക്കൗണ്ട് വഴി ഇത്തരമൊരു പണമിടപാടും നടന്നിട്ടില്ലെന്ന് ബിദ്യുത്തിന് ബോധ്യമായിട്ടുണ്ട്.
ബിദ്യുത്തിന് നേരെ ഇത്തരം നോട്ടീസ് വരുന്നത് ഇതാദ്യമല്ല. 2019 ലും സമാനമായ രീതിയില്‍ നോട്ടീസ് ലഭിച്ചിരുന്നു. അന്ന് പരാതി നല്‍കിയപ്പോള്‍ കൂടുതല്‍ നടപടികളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വീണ്ടും വന്ന നോട്ടീസ് ഈ യുവാവിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. നെടുമ്പാശ്ശേരിയിലെ ടാക്‌സി ഡ്രൈവര്‍മാരും നാട്ടുകാരും ബിദ്യുത്തിന് നിയമസഹായം നല്‍കാന്‍ ഒപ്പമുണ്ടെങ്കിലും ജിഎസ്ടി ഓഫീസുകളില്‍ നിന്നുള്ള മറുപടി നിരാശാജനകമാണ്. ഇടപാടുകള്‍ നടന്ന അതാത് സംസ്ഥാനങ്ങളില്‍ പോയി പരാതി നല്‍കണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഒരു മുറുക്കാന്‍ കടയിലെ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്ന ബിദ്യുത്തിന് മറ്റു സംസ്ഥാനങ്ങളില്‍ പോയി കേസ് നടത്താനുള്ള സാമ്പത്തിക ശേഷിയില്ല. കട അടച്ചിട്ട് ഓഫീസുകള്‍ കയറിയിറങ്ങുന്നത് കുടുംബത്തെ പട്ടിണിയിലാക്കും. തന്റെ പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയവരെ കണ്ടെത്തണമെന്നും നിരപരാധിയായ തന്നെ ഈ വലിയ ബാധ്യതയില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് ബിദ്യുത് ഷെയ്ഖിന്റെ അപേക്ഷ.
