മകനെ വെടിവെച്ചു കൊന്നവനെ എന്‍കൗണ്ടറിലൂടെ തീര്‍ക്കണം! മൃതദേഹം സംസ്‌കരിക്കാതെ പിതാവിന്റെ പ്രതിഷേധം; കോളേജ് ക്യാമ്പസ് കൊലപാതകത്തില്‍ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി യു പി പൊലീസ്
വാരണാസി: വാരണാസിയിലെ ഉദയ് പ്രതാപ് കോളേജില്‍ സഹപാഠിയുടെ വെടിയേറ്റു മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച് പിതാവിന്റെ പ്രതിഷേധം. പ്രതിയെ എന്‍കൗണ്ടറിലൂടെ വധിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നാണ് പിതാവ് പ്രതിഷേധിക്കുന്നത്. വ്യക്തിപരമായ തര്‍ക്കത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് ക്യാമ്പസിനെ നടുക്കിയ കൊലപാതകം നടന്നത്. വ്യക്തിപരമായ തര്‍ക്കത്തെ തുടര്‍ന്ന് 23 കാരനെ സഹപാഠി വെടിവെച്ച് കൊലപ്പെടുത്തിയത്. ബിഎ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ സൂര്യ പ്രതാപ് സിങാണ് കൊല്ലപ്പെട്ടത്.
കോളേജിലെ സോഷ്യല്‍ സയന്‍സസ് ഫാക്കല്‍റ്റി കെട്ടിടത്തിന്റെ ഇടനാഴിയില്‍ വെച്ച് സഹപാഠിയായ മഞ്ജീത് ചൗഹാന്‍ സൂര്യ പ്രതാപിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ലക്ഷ്യമാക്കി നാല് റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സൂര്യ പ്രതാപിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി തോക്ക് അടുത്തുള്ള മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച് ഒളിവില്‍ പോയി. പോലീസ് നടത്തിയ തിരച്ചിലില്‍ ആയുധം കണ്ടെടുത്തു. വിവരമറിഞ്ഞ സൂര്യ പ്രതാപ് സിങ്ങിന്റെ പിതാവ്, പ്രതിയെ എന്‍കൗണ്ടറിലൂടെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് മകന്റെ മൃതദേഹം ദഹിപ്പിക്കാന്‍ വിസമ്മതിച്ചു.
മകന്റെ മരണവിവരമറിഞ്ഞ പിതാവ് ഋഷിദേവ് സിങ് കടുത്ത നിലപാടാണ് സ്വീകരിച്ചത്. പ്രതിയെ പോലീസ് വെടിവെച്ചുകൊല്ലുന്നത് വരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷവും സംസ്‌കാരത്തിന് തയ്യാറാകാതിരുന്ന കുടുംബത്തെ ഒടുവില്‍ പോലീസിന്റെ നിരന്തരമായ ഇടപെടലിനെത്തുടര്‍ന്നാണ് മൃതദേഹം ശിവ്പൂരിലെ വസതിയിലേക്ക് മാറ്റാന്‍ സമ്മതിപ്പിച്ചത്.
ഗാസിപൂര്‍ ജില്ല സ്വദേശിയായ സൂര്യ പ്രതാപ് പഠനത്തിനായാണ് വാരണാസിയില്‍ താമസിച്ചിരുന്നത്. അതുലാനന്ദ് സ്‌കൂളിലെ ജീവനക്കാരായ ഋഷിദേവ് സിങ്ങിന്റെയും കിരണ്‍ സിങ്ങിന്റെയും ഏക മകനാണ് കൊല്ലപ്പെട്ട സൂര്യ പ്രതാപ്. മകന്റെ വിയോഗത്തോടെ തങ്ങളുടെ കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് തകര്‍ന്നതെന്ന് പിതാവ് കണ്ണീരോടെ പറഞ്ഞു. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.