വീട്ടില പ്രസവത്തില്‍ കുഞ്ഞ് മരിച്ച സംഭവം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ അമ്മയും മരിച്ചു: യുവതിയുടെ മരണം അണുബാധയും മറ്റ് ശാരീരികാസ്വസ്ഥതകളും മൂലം
വീട്ടില പ്രസവത്തില്‍ കുഞ്ഞ് മരിച്ച സംഭവം; അണുബാധയെത്തുടർന്ന് അമ്മയും മരിച്ചു
ചാവക്കാട്: എടക്കഴിയൂരില്‍ വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തിന് പിന്നാലെ അമ്മയും മരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് യുവതിയുടെ മരണം. അണുബാധയും മറ്റ് ശാരീരികാസ്വസ്ഥതകളും കാരണം തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണപ്പെട്ടത്. ചാവക്കാട് എടക്കഴിയൂര്‍ ഹൈസ്‌കൂളിന് സമീപം കല്ലുവളപ്പില്‍ ഇബ്രാഹിമിന്റെ ഭാര്യ മുഹ്‌സിന(37)യാണ് മരിച്ചത്. മുഹ്‌സിനയുടെ വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് നാലാം നാള്‍ കുട്ടി മരിച്ചിരുന്നു. ഇതിനു ശേഷമാണ് ആരോഗ്യനില വഷളായ മുഹ്‌സിനയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അണുബാധയെ തുടര്‍ന്ന് ആരോഗ്യനില മോശമായതോടെ നാലുദിവസം മുമ്പാണ് യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. ചാവക്കാട് പോലീസ് ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും. അസ്വാഭാവിക മരണത്തിന് കേസെടുത്തു. വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് ദമ്പതികളുടെ രണ്ട് കുട്ടികള്‍ നേരത്തെ മരിച്ചിട്ടുണ്ട്. എന്നിട്ടും മൂന്നാമത്തേതും ഇവര്‍ വീട്ടിലെ പ്രസവം തന്നെ തിരഞ്ഞെടുക്കുക ആയിരുന്നു.
കഴിഞ്ഞ ജനുവരി മാസം ആദ്യമാണ് യുവതി വീട്ടില്‍ പ്രസവിച്ചത്. നാലു ദിവസങ്ങള്‍ക്ക് ശേഷം പത്താം തിയതിയാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞ് മരിച്ചത് മതിയായ ചികിത്സ കിട്ടാതെയാണെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പുതുപൊന്നാനി സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ പാലയ്ക്കല്‍ ഹംസത്ത് മുഹമ്മദ് ചാവക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഗര്‍ഭസമയത്തോ പ്രസവസമയത്തോ അതിനുശേഷമോ മാതാവിനും കുഞ്ഞിനും വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള കുത്തിവെപ്പുകളോ വൈദ്യസഹായമോ നല്‍കിയിട്ടില്ലെന്നും പരാതിയിലുണ്ടായിരുന്നു. എന്നാല്‍, സംഭവത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.
ദമ്പതിമാരുടെ രണ്ടു കുട്ടികള്‍ നേരത്തേ മരിച്ചു. ഇതിലും അന്വേഷണം വേണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ദമ്പതിമാര്‍ വ്യാജ അക്യുപങ്ചര്‍ ചികിത്സ പിന്തുടര്‍ന്നിരുന്നവരാണെന്നും പരാതിയിലുണ്ടായിരുന്നു. ഒരു വര്‍ഷംമുമ്പ് ഇവരുടെ മൂന്നുവയസ്സുള്ള മകള്‍ മരിച്ചത് ചികിത്സ കിട്ടാതെയാണെന്നും ഇക്കാര്യം അന്ന് പോലീസില്‍ അറിയിച്ചെങ്കിലും വേണ്ട രീതിയില്‍ അന്വേഷണം നടന്നില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു.
