ഭാര്യയുടെ ഫോണില്‍ കണ്ടത് സ്വന്തം മരണവാറണ്ട്; 'സിമന്റും നീല ഡ്രമ്മും' എന്ന അടിക്കുറിപ്പിന് പിന്നില്‍ വന്‍ ഗൂഢാലോചന; മീററ്റ് മോഡല്‍ കൊലപാതകം മുന്നില്‍ കണ്ട് ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലേക്ക്; തന്റെയും സഹോദരങ്ങളുടെയും ജീവന്‍ രക്ഷിക്കാന്‍ നിര്‍ണായക നീക്കം; ബുലന്ദ്ഷഹറില്‍ സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ്!
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സിനിമാക്കഥകളെ പോലും വെല്ലുന്ന നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. തന്റെ ജീവന് ഭാര്യയില്‍ നിന്നും ഭീഷണിയുണ്ടെന്ന് ഭയന്ന യുവാവ് ഒടുവില്‍ ഭാര്യയെ അവരുടെ കാമുകനൊപ്പം തന്നെ വിട്ടയച്ചു. ബുലന്ദ്ഷഹര്‍ സ്വദേശിയായ രാജ്കുമാറാണ് തന്റെയും സഹോദരങ്ങളുടെയും ജീവന്‍ രക്ഷിക്കാന്‍ ഇത്തരമൊരു വിചിത്രമായ തീരുമാനമെടുത്തത്. ഭാര്യയുടെ ഫോണില്‍ കണ്ട ചില ചിത്രങ്ങളും അടിക്കുറിപ്പുകളുമാണ് രാജ്കുമാറിനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
രാജ്കുമാറും ഭാര്യയും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമായിരുന്നു പ്രധാന കാരണം. കഴിഞ്ഞ ജൂലൈയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഒരു മാസത്തോളം യുവതി കാമുകനൊപ്പമാണ് കഴിഞ്ഞതെന്ന് രാജ്കുമാര്‍ തിരിച്ചറിഞ്ഞത്. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്കുകള്‍ പതിവായിരുന്നു. അടുത്തിടെ ഭാര്യ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ സംശയം തോന്നിയ രാജ്കുമാര്‍ ഫോണ്‍ തട്ടിപ്പറിച്ചു പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
ഫോണില്‍ ഭാര്യയുടെ ചില സ്വകാര്യ ചിത്രങ്ങള്‍ക്കൊപ്പം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഭയാനകമായ ചില കൊലപാതക വാര്‍ത്തകളും രാജ്കുമാര്‍ കണ്ടെത്തി. 'സിമന്റും ഡ്രമ്മും' എന്ന അടിക്കുറിപ്പോടെയുള്ള വാര്‍ത്തകള്‍ക്കൊപ്പം രാജ്കുമാറിന്റെ ഫോട്ടോയും 'നീല ഡ്രമ്മും സിമന്റും' എന്ന വാചകവും ഫോണിലുണ്ടായിരുന്നു. വഴക്കിനിടെ തന്നെ കൊലപ്പെടുത്തി നീല ഡ്രമ്മിലാക്കുമെന്ന് ഭാര്യ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായി രാജ്കുമാര്‍ പറയുന്നു. ഈ വാചകങ്ങള്‍ തന്റെ കൊലപാതകത്തിനുള്ള ആസൂത്രണമാണെന്ന് രാജ്കുമാര്‍ ഉറച്ചു വിശ്വസിച്ചു. ഫോണ്‍ പിടിച്ചുവാങ്ങിയതോടെ തന്നെയും തന്റെ മൂന്ന് സഹോദരങ്ങളെയും കൊല്ലുമെന്ന് ഭാര്യ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഈ സംഭവത്തിന് പിന്നിലെ ഭീതിക്ക് മറ്റൊരു കാരണം കൂടിയുണ്ട്. 2025 മാര്‍ച്ചില്‍ മീററ്റില്‍ നടന്ന അതിക്രൂരമായ ഒരു കൊലപാതകവുമായി ഈ വാചകങ്ങള്‍ക്ക് ബന്ധമുണ്ടായിരുന്നു. അന്ന് മുസ്‌കാന്‍ എന്ന യുവതി കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവായ സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തി 15 കഷണങ്ങളാക്കി മുറിച്ച ശേഷം സിമന്റ് നിറച്ച നീല ഡ്രമ്മിനുള്ളിലാക്കി സീല്‍ ചെയ്തിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായ ഈ കൊലപാതക രീതി തന്റെ കാര്യത്തിലും സംഭവിക്കുമെന്ന് ഭയന്നാണ് രാജ്കുമാര്‍ പോലീസിനെ സമീപിച്ചത്.
തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ തനിക്ക് കാമുകനൊപ്പം പോകാനാണ് താല്‍പര്യമെന്ന് യുവതി വെളിപ്പെടുത്തി. തന്റെ ജീവന് ഭീഷണിയുള്ള സാഹചര്യത്തില്‍ ഭാര്യയെ തടഞ്ഞുവെക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലാക്കിയ രാജ്കുമാര്‍, ഭാര്യയുടെ കാമുകനെ നേരിട്ട് കണ്ട് സംസാരിച്ച ശേഷം അവരെ കാമുകനൊപ്പം വിട്ടയക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഭാര്യയെ കാമുകനൊപ്പം വിട്ടയച്ച യുവാവിന്റെ വാര്‍ത്ത ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
