ഇന്‍സ്റ്റഗ്രാം നോക്കി ലൊക്കേഷന്‍ പിടിച്ചു; പ്രണയപ്പകയില്‍ നടിയെ കടന്നുപിടിച്ചു; ഐടി മാനേജര്‍ വിപിന്‍ റോയ് കുടുങ്ങിയത് ഇങ്ങനെ; കൊച്ചി നടുങ്ങിയത് 'സൈക്കോ' ആക്രമണമോ? പ്രതിയെ പൊക്കിയത് വീട്ടില്‍ നിന്നും; പ്രണയപ്പകയില്‍ അകത്തായത് കാക്കാനാട്ടെ ടെക്കി

Update: 2026-03-21 05:01 GMT

കൊച്ചി: സിനിമാ നടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും പൊതുനിരത്തില്‍ കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ഐടി സ്ഥാപന മാനേജര്‍ വിപിന്‍ റോയ് പിടിയിലായത് പോലീസിന്റെ കരുതലോടെയുള്ള നീക്കത്തില്‍. കതൃക്കടവ് ആനിപ്പറമ്പില്‍ വിപിന്‍ റോയിയെ (39) പാലാരിവട്ടം പോലീസാണ് വീട്ടില്‍ക്കയറി പൊക്കിയത്. എംബിഎ ബിരുദധാരിയും കാക്കനാട്ടെ പ്രമുഖ ഐടി സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമായ പ്രതി, ഒരു സൈക്കോയെപ്പോലെ നടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

കഴിഞ്ഞ കുറച്ചു നാളുകളായി വിപിന്‍ നടിയെ നിരന്തരമായി ശല്യം ചെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നടി കലൂര്‍ സ്റ്റേഡിയം പരിസരത്ത് നടക്കാനിറങ്ങിയ വിവരം പ്രതി മനസ്സിലാക്കിയത് നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിന്നാണ്. ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കി സ്റ്റേഡിയം പരിസരത്തെത്തിയ വിപിന്‍, നടിയെ തടഞ്ഞുനിര്‍ത്തുകയും അനുവാദമില്ലാതെ ദേഹത്ത് സ്പര്‍ശിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തന്നോടുള്ള പ്രണയം നിരസിച്ചതിലുള്ള പകയാണ് അതിക്രമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതിക്രമത്തിന് പിന്നാലെ നടി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തന്നെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പിന്തുടരുന്ന വ്യക്തിയാണ് ഇയാളെന്ന് നടി മൊഴി നല്‍കിയതോടെ പ്രതിയെ തിരിച്ചറിയാന്‍ പോലീസിന് എളുപ്പമായി. തുടര്‍ന്ന് വിപിന്റെ കതൃക്കടവിലെ വീട്ടിലെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും മികച്ച ജോലിയുമുള്ള ഒരാള്‍ ഇത്തരത്തില്‍ ഒരു ക്രിമിനലിനെപ്പോലെ പെരുമാറിയത് പോലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയുള്ള 'സ്റ്റാക്കിംഗ്' എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. കൊച്ചി നഗരത്തിലെ തിരക്കേറിയ സ്റ്റേഡിയം പരിസരത്ത് വെച്ച് നടന്ന ഈ അതിക്രമം നഗരത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വീണ്ടും വലിയ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തുകയാണ്.

Similar News