വി ഡി സതീശന്‍ ബിജെപിയെ ഇപ്പോഴേ വിജയിപ്പിച്ചു കഴിഞ്ഞു; ബി.ജെ.പി- സി.പി.എം ഡീല്‍ ആരോപണം തോല്‍വി മുന്നില്‍ കണ്ടുള്ള മുന്‍കൂര്‍ ജ്യാമ്യമെടുപ്പെന്ന് ശോഭ സുരേന്ദ്രന്‍; ആ കൂട്ടുകെട്ട് പരസ്യമായ രഹസ്യമെന്ന് രമേഷ് പിഷാരടിയും; പാലക്കാട്ട് ത്രികോണ പോര് മുറുകുമ്പോള്‍ സംഭവിക്കുന്നത്

വി ഡി സതീശന്‍ ബിജെപിയെ ഇപ്പോഴേ വിജയിപ്പിച്ചു കഴിഞ്ഞു

Update: 2026-03-21 05:11 GMT

പാലക്കാട്: പാലക്കാട് ബി.ജെ.പിയെ ജയിപ്പിക്കാന്‍ സി.പി.എമ്മുമായി ഡീലുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം മണ്ഡലത്തിലെ തിരഞ്ഞെടുപ്പു രംഗത്തെ ചൂടുപിടിപ്പിക്കുന്നു. ആരോപണം തള്ളിക്കളഞ്ഞ ശോഭാ സുരേന്ദ്രന്‍ തോല്‍വി മുന്നില്‍ കണ്ടുള്ള മുന്‍കൂര്‍ ജ്യാമ്യമെടുപ്പാണ് സതീശന്റെ പ്രതികരണമെന്നും പറഞ്ഞു. പാലക്കാട് സി.പി.എം ദുര്‍ബലനായ ആളെ സ്ഥാനാര്‍ഥിയാക്കിയത് സി.പി.എം- ബി.ജെ.പി ഡീലിന്റെ ഭാഗമായാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. പാലക്കാടിന് പകരം 10 സീറ്റില്‍ ബി.ജെ.പി സിപി.എമ്മിനെ സഹായിക്കുമെന്നും അദ്ദേഹം ആരോപണമുന്നമുന്നയിച്ചിരുന്നു.

കോണ്‍ഗ്രസ് വോട്ടുകള്‍ ചോരുമെന്ന ഭയമാണ് സതീശനുള്ളത്. കോണ്‍ഗ്രസ് പരാജയ ഭീതിയില്‍ മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ്.മറ്റു സ്ഥാനാര്‍ഥികള്‍ ജനകീയ വിഷയങ്ങളില്‍ ഇടപെടാത്തവരാണ്.സ്ത്രീസുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ ഒരു നിലപാടും പറയാത്തവരാണ് എതിരാളികളെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലാണ് ഡീലെന്ന് വി മുരളീധരന്‍ പറഞ്ഞു. ജയിക്കുന്ന സീറ്റുകള്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഘടകകക്ഷികള്‍ക്ക് നല്‍കുന്നില്ലേ.സിപിഎം അധികാരത്തില്‍ വരണം എന്ന് ആഗ്രഹിക്കുന്ന ചേരി ബിജെപിയില്‍ ഇല്ല.ബിജെപി അധികാരത്തില്‍ വരണം എന്ന് ആഗ്രഹിക്കുന്ന ഒറ്റചേരി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തെരഞ്ഞെടുപ്പില്‍ ബിജെപി സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയും പ്രതികരിച്ചു. പാലക്കാട് മാത്രമല്ല പാലയിടത്തും ഈ കൂട്ടുകെട്ട് പ്രകടമാണെന്ന് രമേഷ് പിഷാരടി പ്രതികരിച്ചു. സിനിമാസുഹൃത്തുകളെ പ്രചാരണത്തിന് കൊണ്ടുവരില്ലെന്നും അവരെ സൈബര്‍ അക്രമണത്തിന് എറിഞ്ഞ് കൊടുക്കില്ലെന്നും പിഷാരടി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം തെരഞ്ഞെടുപ്പില്‍ തിരിച്ചടി ആകില്ലെന്നും രമേഷ് പിഷാരടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. സെലിബ്രിറ്റി സ്ഥാനാര്‍ഥിയായി രമേഷ് പിഷാരടിയെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കിയത്. ശോഭാ സുരേന്ദ്രനാണ് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രമുഖ ഹോട്ടല്‍ വ്യവസായി എന്‍എംആര്‍ റസാഖിനെയാണ് ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഇത്തവണയും സരിന് അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തിയത്. എന്‍ എം ആര്‍ റസാഖിനെ സ്വതന്ത്രനായി നിര്‍ത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടുന്നത്.

Tags:    

Similar News