ഇത് മൂന്ന് മുന്നണി മത്സരിക്കുന്ന അവസാന തെരഞ്ഞെടുപ്പ്; ഇത് കഴിഞ്ഞാല്‍ ഒരുവശത്ത് സിപിഎം-കോണ്‍ഗ്രസ് സഖ്യവും മറുവശത്ത് എന്‍.ഡി.എയുമായിരിക്കും ഉണ്ടാവുക; നേമത്ത് ഞങ്ങളെല്ലാം നന്നായി അധ്വാനിച്ചിട്ടുണ്ട്; ഇനിയിപ്പോ ഉറപ്പിക്കേണ്ടത് ജനങ്ങളാണ്: പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍

ഇത് മൂന്ന് മുന്നണി മത്സരിക്കുന്ന അവസാന തെരഞ്ഞെടുപ്പ്

Update: 2026-04-10 05:27 GMT

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപിയുടെ സാഹചര്യം വിലയിരുത്തി പാര്‍ട്ടി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പ് ആയിരിക്കും ഇതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 'ഞാന്‍ ഏറെ റെസ്‌പോണ്‍സിബിലിറ്റിയോടെ പറയുകയാണ്, ഇത് അവസാനത്തെ ഇലക്ഷന്‍ ആണ്. മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന അവസാനത്തെ ഇലക്ഷന്‍ ആയിരിക്കും. ഇത് കഴിഞ്ഞാല്‍ ഇവിടെ രണ്ട് പോള്‍സ് ആയിരിക്കും. ഒരുവശത്ത് സി.പി.എം-കോണ്‍ഗ്രസ് സഖ്യവും മറുവശത്ത് എന്‍.ഡി.എയുമായിരിക്കും ഉണ്ടാവുക' -അദ്ദേഹം പറഞ്ഞു.

എത്ര സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷ എന്ന ചോദ്യത്തിന് '140ന് മുകളില്‍ ഞങ്ങള്‍ ഞങ്ങള്‍ക്ക് സീറ്റ് കിട്ടില്ല. അതാണ് ഞങ്ങളുടെ പ്രതീക്ഷ' -എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. '140 സീറ്റിലും ജനങ്ങളുടെ വിശ്വാസം നേടാന്‍ ഞങ്ങള്‍ കഴിഞ്ഞ ഒരു മാസം അധ്വാനിച്ചു. അത് ഇനി തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അത് മേയ് നാലാം തീയതി നമുക്ക് കിട്ടും' -അദ്ദേഹം പറഞ്ഞു.

'ഇലക്ഷന്‍ കഴിഞ്ഞാല്‍ എല്ലാവരും ഒരു രാഷ്ട്രീയ വിദ്വാന്‍ ആയിട്ട് മാറുമല്ലോ. നമ്മുടെയും നമ്മുടെ കുട്ടികളുടെയും ഭാവി തീരുമാനിക്കേണ്ട ഒരു തെരഞ്ഞെടുപ്പാണിത് എന്ന രീതിയില്‍ ഈ തെരഞ്ഞെടുപ്പിനെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. വോട്ടിങ് ശതമാനം കൂടാന്‍ പ്രധാന കാരണം അതാണെന്നാണ് എന്റെ അഭിപ്രായം.

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന അവസാനത്തെ ഇലക്ഷന്‍ ആയിരിക്കും ഇതെന്ന് ഞാന്‍ ഉത്തരവാദിത്തത്തോടെ പറയുകയാണ്. ഇത് കഴിഞ്ഞാല്‍ ഇവിടെ രണ്ട് കക്ഷികള്‍ തമ്മിലുള്ള മത്സരമാവും. ഒരുവശത്ത് സി.പി.എം-കോണ്‍ഗ്രസ് സഖ്യവും മറുവശത്ത് എന്‍.ഡി.എയുമായിരിക്കും ഉണ്ടാവുക. ബാക്കി 27 സംസ്ഥാനങ്ങളിലും എട്ട് യൂണിയന്‍ ടെറിട്ടറികളിലും ഇപ്പോള്‍ ഉള്ള കോണ്‍ഗ്രസ് -സിപിഎം ഇന്‍ഡ്യ മുന്നണി 2031ലെ തെരഞ്ഞെടുപ്പില്‍ ഇവിടെയും വരും. അങ്ങനെയാണ് ഞാന്‍ കാണുന്നത്. അതില്‍ ഒരു സംശയവുമില്ല. കാരണം കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഒരു വ്യത്യാസവുമില്ല. അവരുടെ രാഷ്ട്രീയം, അവരുടെ ഐഡിയോളജി, അവരുടെ ട്രാക്ക് റെക്കോര്‍ഡ് തുടങ്ങിയവ നോക്കിയാല്‍ ഒരു വ്യത്യാസവുമില്ല. ഒരു വലിയ മാറ്റം വരും. ഇതൊരു ബൈപോളര്‍ പൊളിറ്റിക്‌സ് ആയിട്ട് മാറും. അതിന്റെ ഒരു പോള്‍ ബിജെപി- എന്‍ഡിഎ ആകുമെന്നതില്‍ ഒരു സംശയവുമില്ല.

ഭരണം ആര് നിയന്ത്രിക്കണം എന്ന് തീരുമാനിക്കുന്ന ശക്തിയായിട്ട് ബിജെപി മാറുമെന്നൊന്നും പറയാനില്ല. അതെല്ലാം ജനങ്ങള്‍ തീരുമാനിക്കും. ഞങ്ങള്‍ അങ്ങനെ അഹങ്കാരത്തോടെ പൂട്ടും താക്കോല് എടുത്ത് നടക്കുന്ന പാര്‍ട്ടിയോ മുന്നണിയോ ഒന്നുമല്ല. അത് അവര്‍ ചെയ്യട്ടെ ഞങ്ങള്‍ ഞങ്ങളുടെ അഭിപ്രായം പറയും. ഒരു മാറ്റം വരും എന്നുറപ്പാണ്. അത് എങ്ങനെയായിരിക്കും, ബിജെപി -എന്‍ഡിഎക്ക് എത്രത്തോളം റോള്‍ ജനങ്ങള്‍ തരും എന്ന് നമുക്ക് മേയ് നാലാം തീയതി കാണാം.

നേമത്ത് ഞങ്ങളെല്ലാം നന്നായി അധ്വാനിച്ചിട്ടുണ്ട്. ജനങ്ങളുടെ മുമ്പില്‍ പോയി ആത്മാര്‍ത്ഥമായി ഞങ്ങളുടെ കാഴ്ചപ്പാട് അറിയിച്ചിട്ടുണ്ട്. ഒരു അവസരം തന്നാല്‍ ഞങ്ങള്‍ എന്ത് ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. ഇനിയിപ്പോ ഉറപ്പിക്കേണ്ടത് ജനങ്ങളാണ്, വോട്ടര്‍മാരാണ്. നല്ല പ്രതീക്ഷ തന്നെയാണുള്ളത്. ഞാന്‍ എത്രയോ വീട്ടില്‍ കയറി ഇറങ്ങിയ വ്യക്തിയാണ്. കൂടാതെ 140 മണ്ഡലത്തില്‍നിന്നും എന്‍ഡിഎ നേതൃത്വത്തിന് ഫീഡ്ബാക്കും കിട്ടിയിട്ടുണ്ട്. അതിനാല്‍, എനിക്ക് ആത്മവിശ്വാസം ഉണ്ട്. ഇത് ഒരു നിര്‍ണായകമായ ഇലക്ഷന്‍ ആയിട്ടാണ് എല്ലാവരും കാണുന്നത്' -രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Tags:    

Similar News