മലപ്പട്ടത്ത് ടികെ ഗോവിന്ദനെയും ഭാര്യയെയും തടഞ്ഞുനിര്‍ത്തി കൂവി വിളിച്ചു; 'വര്‍ഗ്ഗവഞ്ചകരെ എന്ന് വിളിച്ച് സിപിഎം പ്രതിഷേധം; വോട്ട് ചെയ്യാനെത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍; തളിപ്പറമ്പില്‍ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി

ടികെ ഗോവിന്ദനെയും ഭാര്യയെയും മലപ്പട്ടത്ത് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി

Update: 2026-04-09 17:07 GMT

കണ്ണൂര്‍: മുന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ടികെ ഗോവിന്ദനെയും ഭാര്യ കെപി രമണിയെയും സ്വന്തം നാടായ മലപ്പട്ടത്ത് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി കൂവുകയും 'വര്‍ഗ വഞ്ചകരെ' എന്ന് വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ദിനത്തില്‍ മലപ്പട്ടം രാമര്‍ഗുരു മെമ്മോറിയല്‍ യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് ഇവര്‍ക്ക് നേരെ പ്രതിഷേധമുണ്ടായത്.

വോട്ടിംഗ് കേന്ദ്രത്തില്‍ ഓപ്പണ്‍ വോട്ടുകളുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെ ടികെ ഗോവിന്ദനും ഭാര്യ കെപി രമണിയും എത്തിയതോടെയാണ് സ്ഥലത്ത് തമ്പടിച്ചിരുന്ന സിപിഎം പ്രവര്‍ത്തകര്‍ ഇവരെ ലക്ഷ്യമിട്ട് മുദ്രാവാക്യം വിളികളും കൂവലുമായി രംഗത്തെത്തിയത്. വോട്ട് ചെയ്ത ശേഷം കെപി രമണി വീണ്ടും പോളിങ് സ്റ്റേഷനകത്ത് പ്രവേശിച്ചത് നിയമവിരുദ്ധമാണെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിക്കുകയും അവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വെക്കുകയും ചെയ്തു.

സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കിയതിനെത്തുടര്‍ന്ന് ടികെ ഗോവിന്ദനും ഭാര്യയും അവിടെനിന്ന് മടങ്ങി. പോളിംഗ് ദിനത്തില്‍ ടികെ ഗോവിന്ദനും ഭാര്യയ്ക്കും പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. തളിപ്പറമ്പിലെ പലയിടങ്ങളിലും നാട്ടിലില്ലാത്തവരുടെ ഐഡി കാര്‍ഡുകള്‍ വാങ്ങി സിപിഎം പ്രവര്‍ത്തകര്‍ വോട്ട് ചെയ്തതായും ടികെ ഗോവിന്ദന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കടുത്ത വിഭാഗീയതയുടെ സൂചനകളാണ് ഈ സംഭവം നല്‍കുന്നത്.

Tags:    

Similar News