നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ് തുടരുന്നു; 3.30 വരെ രേഖപ്പെടുത്തിയത് 62.71 ശതമാനം പോളിംഗ്; ഏറ്റവും കനത്ത പോളിംഗ് കുന്നത്തുനാട്; വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളില്‍ കനത്ത തിരക്ക്; പോളിംഗ് ശതമാനം 90 കടക്കാനും സാധ്യതയെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസര്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ് തുടരുന്നു; 3.30 വരെ രേഖപ്പെടുത്തിയത് 62.71 ശതമാനം പോളിംഗ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് എത്തുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 40 ശതമാനം കടന്നിരുന്നു. ഉച്ച കഴിഞ്ഞ് 3.30 മണി ആയപ്പോള്‍ കണക്ക് പ്രകാരം 62.71 ശതമാനമാണ് പോളിങ്. രാവിലെ മുതല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
പോളിംഗ് ശതമാനം 90ലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ന് രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. എസ്‌ഐആര്‍ പശ്ചാത്തലത്തിലാണ് ഈ സാധ്യത നിലനില്‍ക്കുന്നത്. ഇക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ഖര്‍ പറഞ്ഞു. 883 സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ 2,71,42,952 വോട്ടര്‍മാറുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പല ബൂത്തുക്കളിലും മോക് പോള്‍ 6.30 ഓടെ തുടങ്ങിയിരുന്നു.
തിരുവനന്തപുരം 61.38 ശതമാനം, കൊല്ലം 61.44 ശതമാനം, പത്തനംതിട്ട 59.25 ശതമാനം, ആലപ്പുഴ 62.16 ശതമാനം, കോട്ടയം 61.46 ശതമാനം, ഇടുക്കി 62.35 ശതമാനം, എറണാകുളം 66.00 ശതമാനം, തൃശൂര്‍ 63.17 ശതമാനം, പാലക്കാട് 64.69 ശതമാനം, മലപ്പുറം 62.27 ശതമാനം, കോഴിക്കോട് 64.17 ശതമാനം, വയനാട് 61.43 ശതമാനം, കണ്ണൂര്‍ 62.11 ശതമാനം, കാസര്‍കോട് 61.32 ശതമാനം എന്നിങ്ങനെയാണ് വിവിധ ജില്ലയിലെ പോളിങ് ശതമാനം.
പോളിങ്ങില്‍ എസ്.ഐ.ആര്‍ പ്രതിഫലിക്കുന്നുണ്ടെന്നും 90 ശതമാനം പോളിങ് പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ഖേല്‍ക്കര്‍ പറഞ്ഞു. 140 മണ്ഡലങ്ങളിലെ 30495 പോളിംഗ് ബൂത്തുക്കളിലേക്കുള്ള പോളിംഗ് സാധനങ്ങളുടെ വിതരണം ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയായി. പത്തു വര്‍ഷത്തെ വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മനസ്‌കൊണ്ട് അംഗീകാരം നല്‍കി ജനങ്ങള്‍ ഭരണത്തുടര്‍ച്ച നല്‍കുമെന്ന ഉത്തമവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. ഭരണവിരുദ്ധ വികാരം ജനങ്ങളിലെത്തിക്കാന്‍ നടത്തിയ അശ്രാന്തപരിശ്രമം തങ്ങളെ അധികാരത്തില്‍ തിരിച്ചെത്തിക്കുമെന്ന ദൃഢനിശ്ചയമാണ് യു.ഡി.എഫിന്.
വീണ്ടും അക്കൗണ്ട് തുറക്കലല്ല, വളര്‍ച്ചയുടെ ആക്കം മറ്റുള്ളവര്‍ക്ക് ബോദ്ധ്യപ്പെടുത്തലാണ് ഇത്തവണ എന്‍.ഡി.എ ലക്ഷ്യം. പരസ്യ പ്രചാരണം കഴിഞ്ഞുള്ള അവസാനഘട്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ശേഷം മൂന്ന് മുന്നണികളും അമിത ആത്മവിശ്വാസത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, നടന്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ആസിഫ് അലി, മുകേഷ്, കുഞ്ചാക്കോ ബോബന്‍, തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ പോളിങ് പൊതുവേ സമാധാനപരമായിരുന്നു.
ഇതിനിടെ വാണിയംപാറ ഇകെഎം യുപി സ്‌കൂളില്‍ 37-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. കൊമ്പട രാമന്‍ചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കന്‍-65)ആണ് മരിച്ചത്. രാവിലെ 10.45-നായിരുന്നു സംഭവം. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പോളിങ് ഓഫീസറുടെ നേതൃത്വത്തില്‍ വീല്‍ചെയറില്‍ ഇരുത്തുന്ന സമയത്ത് കുഴഞ്ഞുവീണു. ഉടന്‍തന്നെ ആംബുലന്‍സില്‍ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
