ഉയര്‍ന്ന പോളിംഗ് ശതമാനം എല്‍ഡിഎഫിന് അനുകൂലമെന്ന് എം.വി. ഗോവിന്ദന്‍; പയ്യന്നൂരിലെ കള്ളവോട്ട് ആരോപണം യുഡിഎഫ് കാലങ്ങളായി ഉന്നയിക്കുന്നത്; ഇക്കുറി അത് കുഞ്ഞികൃഷ്ണന്‍ ഏറ്റെടുത്തെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

ഉയര്‍ന്ന പോളിംഗ് ശതമാനം എല്‍ഡിഎഫിന് അനുകൂലമെന്ന് എം.വി. ഗോവിന്ദന്‍

Update: 2026-04-09 12:07 GMT

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിംഗ് ശതമാനം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എല്‍ഡിഎഫ്) അനുകൂലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. പയ്യന്നൂരിലെ കള്ളവോട്ട് ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. മോറാഴ സി എച്ച് കമ്മാരന്‍ മാസ്റ്റര്‍ സ്മാരക യു പി സ്‌കൂളിലാണ് എം.വി.ഗോവിന്ദന്‍ വോട്ട് ചെയ്തത്.

എല്‍ഡിഎഫ് വോട്ടുകള്‍ ഭൂരിഭാഗവും ഉച്ചയ്ക്ക് മുമ്പ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. പയ്യന്നൂരിലെ കള്ളവോട്ട് ആരോപണങ്ങള്‍ ഐക്യജനാധിപത്യ മുന്നണി (യുഡിഎഫ്) കാലങ്ങളായി ഉന്നയിക്കുന്ന ഒന്നാണെന്നും, ഇത്തവണ യുഡിഎഫുകാരനായ വി. കുഞ്ഞികൃഷ്ണന്‍ ഈ ആരോപണം ഏറ്റെടുക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മികച്ച പോളിംഗോടെ അവസാന മണിക്കൂറുകളിലേക്ക് കടന്നിരുന്നു. ഉച്ചയോടെ പോളിംഗ് 40 ശതമാനം പിന്നിടുകയും, വൈകുന്നേരം 3 മണിവരെയുള്ള കണക്കുകള്‍ പ്രകാരം 62.71 ശതമാനം പോളിംഗ് രേഖപ്പെടുത്തുകയും ചെയ്തു. രാവിലെ മുതല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. 2.71 കോടി വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് ജനവിധി രേഖപ്പെടുത്തിയത്. 23 ദിവസം നീണ്ട ചൂടേറിയ പ്രചാരണത്തിനൊടുവില്‍ 883 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, നടന്‍ മോഹന്‍ലാല്‍ എന്നിവരടക്കമുള്ള പ്രമുഖരും സ്ഥാനാര്‍ത്ഥികളും രാവിലെ തന്നെ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

Tags:    

Similar News