നിക്കാഹ് കഴിഞ്ഞ പാടേ സെയ്ദലിയോട് ഫാത്തിമ ചോദിച്ചത് ഒരേയൊരു കാര്യം; കല്യാണപ്പന്തലില്‍ നിന്നും വോട്ട് ചെയ്യാന്‍ പാഞ്ഞെത്തി നവദമ്പതികള്‍; കല്യാണ വേഷത്തില്‍ ബൂത്തിലെത്തിയപ്പോള്‍ രാജകീയ സ്വീകരണം! വോട്ട് പാഴാക്കില്ലെന്ന ഉറച്ച തീരുമാനത്തിന് കയ്യടി

കല്യാണപ്പന്തലില്‍ നിന്നും വോട്ട് ചെയ്യാന്‍ പാഞ്ഞെത്തി നവദമ്പതികള്‍

Update: 2026-04-09 13:15 GMT

കൊല്ലം: ജനാധിപത്യത്തിന്റെ വലിയ ഉത്സവത്തില്‍ പങ്കുചേരാന്‍ വിവാഹ വസ്ത്രത്തില്‍ തന്നെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി നവദമ്പതികള്‍. ഇരവിപുരം മണ്ഡലത്തിലെ ആക്കോലില്‍ കമ്മ്യൂണിറ്റി ഹാളിലെ 135-ാം നമ്പര്‍ ബൂത്തിലാണ് വധു ഫാത്തിമയും വരന്‍ സെയ്ദലിയും വിവാഹത്തിന് തൊട്ടുപിന്നാലെ എത്തിയത്.

ഫാത്തിമ സെയ്ദലിയോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം മാത്രം

ഇരവിപുരം കാവല്‍പ്പുര മണിയന്‍പറമ്പില്‍ സെയ്ദാലിയും വാളതുംഗല്‍ ആക്കോലി ചേരി ഫാത്തിമ മന്‍സിലില്‍ ഫാത്തിമയും തമ്മിലുള്ള വിവാഹം ഇന്നായിരുന്നു നടന്നത്. നിക്കാഹ് കഴിഞ്ഞ് തന്റെ പുത്തന്‍ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നതിന് മുന്‍പ് ഫാത്തിമ സെയ്ദലിയോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം മാത്രം: 'എന്റെ വോട്ട് പാഴാക്കാന്‍ എനിക്ക് ആഗ്രഹമില്ല, എന്നെ ഒന്ന് വോട്ട് ചെയ്യാന്‍ കൊണ്ടുപോകണം.' പ്രിയതമയുടെ ഈ അര്‍ത്ഥവത്തായ ആവശ്യം സെയ്ദലി സന്തോഷത്തോടെ സ്വീകരിച്ചു. വിവാഹപ്പന്തലില്‍ നിന്ന് നേരെ ആക്കോലിലെ പോളിംഗ് ബൂത്തിലേക്ക് ഇരുവരും യാത്ര തിരിച്ചു.



കല്യാണ വേഷത്തില്‍ ബൂത്തിലേക്ക്

തിരക്കേറിയ പോളിംഗ് ബൂത്തിലേക്ക് വിവാഹ വേഷത്തില്‍ ഫാത്തിമ എത്തിയത് വോട്ടര്‍മാരിലും ഉദ്യോഗസ്ഥരിലും കൗതുകമുണ്ടാക്കി. ആക്കോലില്‍ കമ്മ്യൂണിറ്റി ഹാളിലെ ബൂത്തില്‍ വരി നിന്ന് ഫാത്തിമ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു. 'ഒരു വോട്ട് എന്നത് അങ്ങനെ പാഴാക്കി കളയാനുള്ളതല്ല, അത് നമ്മുടെ അവകാശവും കടമയുമാണ്' എന്നായിരുന്നു വോട്ട് ചെയ്ത ശേഷം ഫാത്തിമയുടെ പ്രതികരണം. തന്റെ പങ്കാളിയുടെ പൗരബോധത്തിന് സെയ്ദലിയും പൂര്‍ണ്ണ പിന്തുണ നല്‍കി.

ആശംസകളുമായി നാട്

വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വധുവരന്മാരെ ആക്കോലില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ അസൈന്‍ പള്ളിമുക്കിന്റെ നേതൃത്വത്തില്‍ നാട്ടുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് വരവേറ്റു. ജനാധിപത്യത്തോടുള്ള ഇവരുടെ കടമയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ ആശംസകളുമായി എത്തി. കടമ നിര്‍വ്വഹിച്ച സംതൃപ്തിയോടെ, പിന്നീട് സെയ്ദലിയും ഫാത്തിമയും വിവാഹത്തിന്റെ ബാക്കി ആഘോഷങ്ങള്‍ക്കായി വേദിയിലേക്ക് മടങ്ങി.

ജനാധിപത്യ പ്രക്രിയയില്‍ ഓരോ വോട്ടും എത്രത്തോളം വിലപ്പെട്ടതാണെന്ന് സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിലൂടെ കാണിച്ചുതന്നിരിക്കുകയാണ് ഈ കൊല്ലം സ്വദേശികള്‍.

Tags:    

Similar News