അമേരിക്കയിലേക്ക് പറക്കുംമുമ്പെ വോട്ടിടാന്‍ മുടവന്‍മുഗള്‍ സ്‌കൂളിലെത്തി മോഹന്‍ലാല്‍; ചെന്നൈയില്‍ നിന്നും കൊച്ചിയില്‍ പറന്നിറങ്ങി മമ്മൂട്ടിയും; സുരേഷ് ഗോപി വോട്ട് ചെയ്തത് ഗുരുവായൂരില്‍; കുടുംബത്തിനൊപ്പം പൃഥ്വിരാജും ടൊവിനോയും; തെലുങ്ക് ചിത്രത്തിന്റെ സെറ്റില്‍ നിന്ന് ഫഹദ്; ചാക്കോച്ചനും ആലപ്പുഴയില്‍; സ്റ്റാര്‍ ബൂത്തായി സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

Update: 2026-04-09 15:09 GMT

തിരുവനന്തപുരം: തിരക്കുകള്‍ക്കിടയിലും ജനാധിപത്യത്തില്‍ മഹോത്സവത്തില്‍ പങ്കുചേര്‍ന്ന് മലയാളത്തിന്റെ പ്രിയ താരങ്ങള്‍. പൗരാവകാശം വിനിയോഗിക്കാന്‍ ഷൂട്ടൗംഗ് സെറ്റുകളില്‍ നിന്നും പറന്നെത്തിയവരായിരുന്നു ഏറെയും. തിരക്കേറിയ ബൂത്തില്‍ വരി നിന്ന് വോട്ട് രേഖപ്പെടുത്തിയാണ് പല താരങ്ങളും മടങ്ങിയത്. അമേരിക്കയിലേക്ക് യാത്ര തിരിക്കും മുമ്പാണ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തി നടന്‍ മോഹന്‍ലാല്‍ വോട്ട് ചെയ്ത് മടങ്ങിയത്. നടന്‍ മമ്മൂട്ടിയാകട്ടെ വോട്ട് ചെയ്യാനായി മാത്രം ചെന്നൈയില്‍ കൊച്ചിയില്‍ പറന്നിറങ്ങുകയായിരുന്നു.

നേമം മണ്ഡലത്തിലെ മുടവന്‍മുഗള്‍ സ്‌കൂള്‍ ബൂത്ത് 36ല്‍ എത്തിയാണ് മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്തതിന്റെ ചിത്രം മോഹന്‍ലാല്‍ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിരുന്നു. ''ഞാന്‍ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം, കേരളമേ വോട്ട് ചെയ്യാന്‍ പോകുക''.-സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം മോഹന്‍ലാല്‍ കുറിച്ചു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മോഹന്‍ലാല്‍ പോളിങ് ബൂത്തില്‍ എത്തിയിരുന്നു. ക്യൂ നിന്ന് തന്നെയാണ് നടന്‍ വോട്ട് രേഖപ്പെടുത്തിയത്. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോണ്‍വെന്റ് സ്‌കൂളിലെ 106-ാം നമ്പര്‍ ബൂത്തിലെത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുല്‍ഫത് ഒപ്പം ഉണ്ടായിരുന്നു . ജനാധിപത്യ പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂര്‍ മണ്ഡലത്തിലെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 137-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്തു. ഗുരുവായൂരില്‍ വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും കേരളത്തില്‍ ഇത്തവണ വലിയ രാഷ്ട്രീയ മാറ്റങ്ങളും അത്ഭുതങ്ങളും ഉണ്ടാകുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ബിജെപി ഇത്തവണ നിര്‍ണ്ണായക ശക്തിയായി മാറുമെന്നും വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സുരേഷ് ഗോപി വ്യക്തമാക്കി. നേമം മണ്ഡലത്തിലെ കാലടി സ്‌കൂളിലെ ബൂത്തിലെത്തിയാണ് നടന്‍ ജഗദീഷ് വോട്ട് ചെയ്തത്. ഒന്നാം പിണറായി സര്‍ക്കാര്‍ നിപയും പ്രളയവുമടക്കം നേരിട്ട് രണ്ടാം ഭരണത്തിലേക്ക് നയിച്ചു. ഇത്തവണ അങ്ങനെയുണ്ടാവില്ല, ചിലര്‍ക്ക് സര്‍ക്കാരിനോട് വിരുദ്ധ അഭിപ്രായം ഉണ്ടാകാം മൂന്നാമത് വരുന്ന സ്ഥാനാര്‍ഥി പലയിടത്തും വിജയം തീരുമാനിക്കുമെന്ന് വോട്ട് ചെയ്തതിന് ശേഷം ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി സംവിധായകന്‍ ഫാസില്‍, താരങ്ങളായ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂളിലെത്തി. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും ഹൈദരാബാദില്‍ നിന്നും എറണാകുളത്തുനിന്നുമായി യാത്ര ചെയ്താണ് ഫഹദും കുഞ്ചാക്കോ ബോബനും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇടതാണെങ്കിലും വലതാണെങ്കും നേരെയാവട്ടെ നല്ല വ്യക്തിത്വങ്ങള്‍ വിജയിക്കട്ടെ എന്നാണ് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. ചലച്ചിത്ര ലോകത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേ കേന്ദ്രമായി മാറി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍. സംവിധായകന്‍ ഫാസില്‍, താരങ്ങളായ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വലിയൊരു നിര തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയതോടെ പോളിംഗ് സ്റ്റേഷന്‍ വിഐപി കേന്ദ്രമായി മാറി. ഫാസില്‍ രാവിലെ 11-ഓടെ 218-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

കുഞ്ചാക്കോ ബോബന്‍ എറണാകുളത്തെ ഷൂട്ടിംഗ് സെറ്റില്‍ നിന്നും നേരിട്ടെത്തിയാണ് വോട്ട് ചെയ്തത്. ഉച്ചയോടെയാണ് നടന്‍ ഫഹദ് ഫാസിലും സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലും വോട്ടുചെയ്യാനെത്തിയത്. ഹൈദരാബാദില്‍ തെലുങ്ക് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്ന് വിമാനമാര്‍ഗം കൊച്ചിയിലേക്കും അവിടെനിന്ന് റോഡുമാര്‍ഗം ആലപ്പുഴയിലെത്തിയാണ് സമ്മതിദാനം വിനിയോഗിച്ചത്. ക്യൂ നിന്നാണ് ഇരുവരും സമ്മതിദാനാവകാശം വിനിയോഗിച്ചത്. സംസ്ഥാന അവാര്‍ഡ് ജേതാവായ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ഇതേ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ രൂപത ബിഷപ്പും ഇതേ സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് എത്തിയത്. ജോലിത്തിരക്കുകള്‍ക്കിടയിലും ദൂരദേശങ്ങളില്‍ നിന്ന് യാത്ര ചെയ്ത് വോട്ട് രേഖപ്പെടുത്താന്‍ താരങ്ങള്‍ എത്തിയത് വോട്ടെടുപ്പിന് മാറ്റുകൂട്ടി.

നടന്‍ പൃഥ്വിരാജ് സുകുമാരനും ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോനും എറണാകുളം മണ്ഡലത്തിലെ ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളിലെ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കുമൊപ്പം എത്തിയാണ് നടന്‍ ടൊവിനോ തോമസ് വോട്ട് രേഖപ്പെടുത്തിയത്. നടി നവ്യ നായരും വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രങ്ങള്‍ പങ്കുവെച്ചു. കളമശ്ശേരി അംബേദ്കര്‍ തൊഴില്‍ പരിശീലന കേന്ദ്രം ബൂത്ത് നമ്പര്‍ 190ല്‍ സിനിമ താരം അജു വര്‍ഗീസ് വോട്ട് ചെയ്യാനെത്തിയത്. സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരം വെഞ്ഞാറമൂട് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു. അമ്മ, സഹോദരി, സഹോദരന്‍ എന്നിവരോടൊപ്പം കുടുംബസമേതമാണ് സുരാജ് വെഞ്ഞാറമൂട് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എത്തിയത്. ഭാര്യ ആനിയ്ക്കും മക്കള്‍ക്കുമൊപ്പം എത്തിയാണ് ഷാജി കൈലാസ് തന്റെ വോട്ട് രേഖപ്പെടുത്തിയത്.

നടനും സ്ഥാനാര്‍ത്ഥിയുമായ രമേഷ് പിഷാരടിയും വോട്ട് രേഖപ്പെടുത്തി. ''പെരുമാറ്റ ചട്ടങ്ങള്‍ നിലവിലിരിക്കെ മാധ്യമങ്ങളില്‍ പ്രചാരണ സ്വഭാവമുള്ള കാര്യങ്ങളോ ; മറ്റ് സ്ഥാനാര്‍ഥികളെ കുറിച്ചുള്ള പരാമര്‍ശങ്ങളോ തെറ്റാണ് എന്നാണ് എന്റെ അറിവ്. തിരഞ്ഞെടുപ്പ് പ്രക്രിയയെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയുന്ന ആളാണ് ഞാന്‍. എന്റെ മൂല്യബോധങ്ങളും മര്യാദകളും ബലഹീനതകള്‍ അല്ല.മറിച്ച് അവയെ മുറുകെ പിടിക്കുന്നതാണ് ശക്തി. പൗരവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വിലയിടുന്നവരോട് സന്ധിയില്ലാതെ സമരം ചെയ്യും. വ്യക്തിയധിക്ഷേപങ്ങള്‍ക്കും നുണപ്രചാരണങ്ങള്‍ക്കും എന്റെ മൗനം മറുപടിയാകുന്നത് ജനങ്ങളെ ഞാന്‍ അത്രക്കണ്ട് വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയുന്നത് കൊണ്ടാണ്. ജനങ്ങള്‍...ജനങ്ങള്‍...ജനങ്ങള്‍...ജനങ്ങളാണ് ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍.''-രമേഷ് പിഷാരടി കുറിച്ചു.

ഗവണ്‍മെന്റ് എല്‍പിഎസ് കാഞ്ഞിരംപാറയില്‍ സഹോദരി ഇഷാനിയ്ക്കും അച്ഛന്‍ കൃഷ്ണകുമാറിനുമൊപ്പമെത്തിയാണ് അഹാന കൃഷ്ണ വോട്ട് രേഖപ്പെടുത്തിയത്. വോട്ടര്‍മാര്‍ ബോധവാന്മാരാണെന്നും എല്ലാവരും ശരിയായ തീരുമാനമെടുക്കുമെന്നും അഹാന കൃഷ്ണ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിനുശേഷം നടി ശിവദയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. നടി അന്ന രാജന്‍ എറണാകുളം സ്‌കൂളിലെ ബൂത്തിലാണ് വോട്ട് ചെയ്തത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമ്മയോടൊപ്പമെത്തിയ അന്ന ഇക്കുറി തനിച്ചാണ് ബൂത്തിലെത്തിയത്. 'എന്റെ വോട്ട് അര്‍ഹതപ്പെട്ട ആള്‍ക്ക് തന്നെയാണ് ചെയ്തത്. നല്ല പ്രതീക്ഷയുണ്ട്. നമ്മുടെ നാട്ടില്‍ ഒരുപാട് വികസനമെത്തിച്ച ആള്‍ തന്നെയാണ്. വീണ്ടും വിശ്വസ്തതയോടെ അവര്‍ക്കുതന്നെ ഞാന്‍ വോട്ട് ചെയ്തു.' അന്ന വ്യക്തമാക്കി. 'മാറ്റമുണ്ടാകുമോ' എന്ന ചോദ്യത്തിന് 'അറിയില്ല' എന്നുമാത്രമായിരുന്നു താരത്തിന്റെ മറുപടി.

ഭാര്യയ്ക്ക് ഒപ്പമെത്തിയാണ് ഹരിശ്രീ അശോകന്‍ വോട്ട് രേഖപ്പെടുത്തിയത്. 'ആര് ജയിച്ചാലും നന്നായി ഭരിച്ചാല്‍ മതി,' എന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ഹരിശ്രീ അശോകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കൊല്ലം മണ്ഡലത്തിലെ വോട്ടറായ മുകേഷ് തങ്കശേരി ഇന്‍ഫന്റ് ജീസസ് സ്‌കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. സംവിധായകന്‍ വിനയനും തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 'ഞാന്‍ എന്റെ ഉത്തരവാദിത്വം നിറവേറ്റി... നിങ്ങളും തീര്‍ച്ചയായും വോട്ടു ചെയ്യണം.. എങ്കിലേ ജനാധിപത്യം വിജയിക്കൂ... യാതൊരു സമ്മര്‍ദ്ദവും ഇല്ലാതെ ഒരു പൗരനു കിട്ടുന്ന സ്വാതന്ത്ര്യം...,' എന്നാണ് വിനയന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

Tags:    

Similar News