കള്ള വോട്ട് ആരോപിച്ച് വാക്കുതര്‍ക്കം; തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; ബേക്കലില്‍ ഒളിക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ഏജന്റ് കുടുങ്ങി; മങ്കടയില്‍ ലീഗ് പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം; മഞ്ചേശ്വരത്ത് പ്രവാസിയുടെ പേരില്‍ കളളവോട്ടെന്ന് പരാതി; ഒരാള്‍ കസ്റ്റഡിയില്‍; ചട്ടലംഘനങ്ങള്‍ ഇങ്ങനെ

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Update: 2026-04-09 09:55 GMT

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ കള്ളവോട്ട് ആരോപണവും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തലും ഒളിക്യാമറ കണ്ണടയും അടക്കം നിരവധി തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ക്ക് ശ്രമം. വിവിധ ബൂത്തുകളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചിലയിടങ്ങളില്‍ പോലീസ് നടപടികളുണ്ടാവുകയും ചെയ്തു.

തൃക്കരിപ്പൂരിലെ പിലിക്കോട് പുത്തിലോട്ട് എയുപി സ്‌കൂളിലെ 137-ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാരിയര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നു. കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്ന് യുഡിഎഫ് ഏജന്റ് ആരോപിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം ആരംഭിച്ചത്. വോട്ട് ചെയ്യാനെത്തിയയാള്‍ തന്റേത് തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ വാക്കുതര്‍ക്കം രൂക്ഷമാവുകയായിരുന്നു. ഈ സമയത്ത് ബൂത്തിലെത്തിയ സന്ദീപ് വാരിയര്‍ പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകരും മറ്റ് ഏജന്റുമാരും പ്രതിഷേധവുമായി രംഗത്തെത്തി. ബൂത്തിലെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമം നടന്നതെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

അതേസമയം, ബേക്കല്‍ ഇസ്ലാമിയ എല്‍പി സ്‌കൂളിലെ 144-ാം നമ്പര്‍ ബൂത്തില്‍ പോളിങ് ബൂത്തില്‍ ഒളിക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഏജന്റ് ബി.എം. ജമാലിനെ പോലീസ് പിടികൂടി. അഭിഭാഷകന്‍ കൂടിയായ ഇദ്ദേഹത്തിന്റെ കണ്ണട പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. വോട്ടിംഗ് രഹസ്യം ചോര്‍ത്താനാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യത്തോടെയാണോ ഈ കണ്ണട ഉപയോഗിച്ചതെന്ന് വ്യക്തമല്ല. ഇയാളുടെ കണ്ണട അധികൃതര്‍ പിടിച്ചെടുത്തു. പിന്നീട് ജമാലിനെ വിട്ടയച്ചതായാണ് വിവരം.

അതേസമയം, മലപ്പുറം മങ്കടയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന് ക്രൂര മര്‍ദനമേറ്റു. തിരൂര്‍ക്കാട് സ്വദേശി ഷബീറിനാണ് മര്‍ദനമേറ്റത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കുന്നത്ത് മുഹമ്മദിന്റെ ഡ്രൈവര്‍ ഇക്ബാല്‍, സുഹൃത്ത് ആഷിഖ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.സ്ഥാനാര്‍ത്ഥി കുന്നത്ത് മുഹമ്മദിനെതിരെ ഷബീര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് മര്‍ദനത്തിന് കാരണമായതെന്ന് എഫ്ഐആറില്‍ പറയുന്നു. പരിക്കേറ്റ ഷബീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മഞ്ചേശ്വരത്തെ കയ്യാറയിലെ 128-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായി ബിജെപി ആരോപിച്ചു. ഗള്‍ഫിലുള്ള ഖാലിദിന്റെ വോട്ട് ജാഫര്‍ രേഖപ്പെടുത്തി എന്നാണ് ആരോപണം. വോട്ട് രേഖപ്പെടുത്തിയ ജാഫറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിരഞ്ഞെടുപ്പ് ചൂടിനിടെ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളും ശ്രദ്ധേയമായി. സിപിഎമ്മിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ എന്നും ശബ്ദമുയര്‍ത്തിയിരുന്നത് വി.എസ്. അച്യുതാനന്ദനായിരുന്നുവെന്ന് കെ.സി. വേണുഗോപാല്‍ എംപി അഭിപ്രായപ്പെട്ടു. വി.എസിന്റെ അഭാവത്തിലാണ് ജി. സുധാകരന്‍ അത്തരം കാര്യങ്ങള്‍ക്കെതിരെ രംഗത്തു വന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. വി.എസ്. ഉണ്ടായിരുന്നെങ്കില്‍ ജി. സുധാകരനു വോട്ടു ചെയ്യുമായിരുന്നോ എന്ന ചോദ്യത്തിന്, 'നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ദിവസം ഓര്‍മയില്ലേ' എന്നായിരുന്നു കെ.സിയുടെ മറുപടി. രേവന്ത് റെഡ്ഡിക്കെതിരായ ഡാഷ് മോന്‍ പരാമര്‍ശത്തിലെ 'ഡാഷ്' അവരവര്‍ പൂരിപ്പിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. നമ്മുടെ രാജ്യത്ത് ഒരു മുഖ്യമന്ത്രി അഴിമതി കാര്യത്തില്‍ അറസ്റ്റിലാകുന്നത്... എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News