നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ന്‍ കുപ്പികളും ആഡംബര പാര്‍ട്ടികളും; ബിക്കീനി ധരിച്ച് ലോഞ്ചില്‍ വിശ്രമിക്കുന്ന ചിത്രങ്ങളും; ഖാസിം സുലൈമാനിയുടെ ബന്ധുക്കള്‍ ലാസ് വേഗസില്‍ അടിച്ചുപൊളിച്ചത് അമേരിക്കന്‍ സൈനികരുടെ മരണം ആഘോഷിച്ച്; അഭയം ചോദിച്ചെത്തിയവര്‍ ജന്മനാട്ടിലേക്ക് പറന്നത് നാല് വട്ടം; ഗ്രീന്‍ കാര്‍ഡ് റദ്ദാക്കി മാര്‍ക്കോ റൂബിയോ; ഇറാനിയന്‍ സുന്ദരിമാരെ നാടുകടത്തും
ലാസ് വേഗസ്: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര യുദ്ധത്തിനിടയില്‍ അപ്രതീക്ഷിതമായ ചില നീക്കങ്ങളിലൂടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് രണ്ട് ഇറാനിയന്‍ വനിതകള്‍. ആഡംബരത്തിന്റെ നെറുകയില്‍ അമേരിക്കയില്‍ ജീവിച്ചുകൊണ്ട് തന്നെ അമേരിക്കന്‍ വിരുദ്ധത ആഘോഷിച്ചുവെന്ന ആരോപണമാണ് ഹമീദ് സുലൈമാനി അഫ്ഷറിനെയും (47) മകള്‍ സരിനസാദത്ത് ഹുസൈനിയെയും (25) ഇപ്പോള്‍ നിയമക്കുരുക്കിലാക്കിയിരിക്കുന്നത്. കൊല്ലപ്പെട്ട ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ അടുത്ത ബന്ധുക്കളായ ഇവരെ നാടുകടത്താനുള്ള നീക്കത്തിലാണ് യുഎസ് ഭരണകൂടം.
ഇറാനുമായുള്ള സംഘര്‍ഷങ്ങളില്‍ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുന്നത് ഇരുവരും ആഘോഷിച്ചുവെന്ന ഗൗരവകരമായ വെളിപ്പെടുത്തല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് നടത്തിയത്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇരുവരുടെയും ഗ്രീന്‍ കാര്‍ഡ് റദ്ദാക്കുകയും ലൊസാഞ്ചലസില്‍ വെച്ച് ഇമിഗ്രേഷന്‍ വിഭാഗം ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇറാനിലെ കടുത്ത ഇസ്ലാമിക നിയമങ്ങള്‍ക്ക് കീഴില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തിലുള്ള ആഡംബര ജീവിതമാണ് ഇവര്‍ അമേരിക്കയില്‍ നയിച്ചിരുന്നത്.
വിലകൂടിയ ഡിസൈനര്‍ വസ്ത്രങ്ങള്‍, ഷാംപെയ്ന്‍ പാര്‍ട്ടികള്‍, ആഡംബര കാറുകള്‍, ഹെലികോപ്റ്റര്‍ യാത്രകള്‍ എന്നിങ്ങനെ ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സമ്പന്നമായ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു. 2015-ല്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയ ഹമീദും പിന്നീട് സ്റ്റുഡന്റ് വിസയില്‍ എത്തിയ മകളും 2019-ല്‍ യുഎസില്‍ അഭയം തേടുകയായിരുന്നു. എന്നാല്‍ ഇതേ ഹമീദ് സുലൈമാനി തന്നെ ഗ്രീന്‍ കാര്‍ഡ് ലഭിച്ച ശേഷം നാലിലധികം തവണ ഇറാനിലേക്ക് യാത്ര നടത്തിയതായി പൗരത്വ അപേക്ഷയില്‍ വെളിപ്പെടുത്തിയത് അധികൃതരെ ഞെട്ടിച്ചു. ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി അഭയം ചോദിച്ചവര്‍ അതേ നാട്ടിലേക്ക് തന്നെ തുടര്‍ച്ചയായി യാത്ര ചെയ്യുന്നത് ഇവരുടെ അവകാശവാദങ്ങള്‍ വ്യാജമാണെന്ന നിഗമനത്തിലേക്ക് അധികൃതരെ എത്തിച്ചു.
നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ന്‍ കുപ്പികളും വിലകൂടിയ കാറുകളും ആഡംബര പാര്‍ട്ടികളുമെല്ലാം നിറഞ്ഞതായിരുന്നു ഇരുവരുടെയും യുഎസിലെ ജീവിതം. ഇതിന്റെ ചിത്രങ്ങള്‍ പതിവായി സമൂഹമാധ്യമത്തിലും പങ്കുവയ്ക്കുമായിരുന്നു. 2015 ജൂണില്‍ ടൂറിസ്റ്റ് വീസയിലാണ് ഹമീദ് സുലൈമാനി അഫ്ഷര്‍ യുഎസിലെത്തിയത്. വ്യത്യസ്തമായ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച ചിത്രങ്ങളും ഹെലികോപ്റ്ററുകളില്‍ വിശ്രമിക്കുന്ന ചിത്രങ്ങളും പതിവായി ഹമീദ് പങ്കുവയ്ക്കുമായിരുന്നു. സ്റ്റുഡന്റ് വീസയിലാണ് മകള്‍ യുഎസിലെത്തിയത്. ബിക്കീനി ധരിച്ച് കുളത്തിനരികിലെ ലോഞ്ചില്‍ വിശ്രമിക്കുന്ന സരിനസാദത്ത് ഹുസൈനിയുടെ സമൂഹമാധ്യമത്തിലെ ചിത്രങ്ങള്‍ വന്‍ വിവാദമായി മാറിയിരുന്നു. സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ കടുത്ത നിബന്ധനകളുള്ള ഇറാനിലെ നയത്തിന് വിരുദ്ധമാണ് അന്തരിച്ച ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ ബന്ധുവിന്റെ പ്രവര്‍ത്തനമെന്നായിരുന്നു വിവാദത്തിന് കാരണം.
2019ലാണ് യുഎസില്‍ ഇരുവരും അഭയം ലഭിച്ചത്. 2021ല്‍ അമ്മയ്ക്കും, 2023ല്‍ മകള്‍ക്കും ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍ ഗ്രീന്‍ കാര്‍ഡ് ലഭിച്ചിരുന്നു. 2025 ജൂലൈയില്‍ നാച്ചുറലൈസേഷനിനുള്ള (പൗരത്വത്തിനുള്ള) അപേക്ഷയില്‍, ഗ്രീന്‍ കാര്‍ഡ് കിട്ടിയ ശേഷം കുറഞ്ഞത് നാല് തവണയെങ്കിലും താന്‍ ഇറാനിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് ഹമീദ് വെളിപ്പെടുത്തിയെന്നും ഇത് അഭയാര്‍ഥിയാണെന്ന് അവകാശവാദം തള്ളിക്കൊണ്ടിരിക്കുകയാണ് അധികാരികള്‍. ഹമീദ് ഭര്‍ത്താവിന് യുഎസില്‍ പ്രവേശനത്തില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ഇറാനിലെ ഏറ്റവും ശക്തനായ സൈനിക നേതാക്കളിലൊരാളായിരുന്നു ഖാസിം സുലൈമാനി. 2020 ജനുവരിയില്‍ ബാഗ്ദാദ് വിമാനത്താവളത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ട യുഎസ് റീപ്പര്‍ ഡ്രോണ്‍ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. അക്കാലത്ത്, അന്തരിച്ച പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് ശേഷം രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള കമാന്‍ഡറായി ഖാസിം സുലൈമാനി കണക്കാക്കപ്പെട്ടിരുന്നു. 20കളുടെ തുടക്കത്തില്‍ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സില്‍ ചേര്‍ന്ന ശേഷം അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ നിരന്തരം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് കരുതപ്പെടുന്ന വ്യക്തിയാണ് ഖാസിം സുലൈമാനി.
ഇറാന്‍ സൈനിക കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയുടെ ബന്ധുവായ സരിനസാദത്ത് ഹുസൈനി ബിക്കിനി ധരിച്ച ചിത്രങ്ങള്‍ പങ്കുവെച്ചത് ഇറാനിലെ മതനേതൃത്വത്തിനും അമേരിക്കയിലെ പ്രതിഷേധക്കാര്‍ക്കും ഒരുപോലെ ചര്‍ച്ചാവിഷയമായി. ഇറാനില്‍ സ്ത്രീകള്‍ക്ക് കര്‍ശനമായ വസ്ത്രധാരണ ചട്ടങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഈ ഇരട്ടത്താപ്പെന്നാണ് ഉയരുന്ന വിമര്‍ശനം. 2020-ല്‍ ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്ന് വധിക്കപ്പെട്ട ഖാസിം സുലൈമാനിയുടെ കുടുംബാംഗങ്ങള്‍, അതേ അമേരിക്കയില്‍ തന്നെ സകല സൗകര്യങ്ങളും അനുഭവിച്ച് ജീവിക്കുകയും ഒപ്പം അമേരിക്കന്‍ വിരുദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് യുഎസ് അധികൃതര്‍. നിലവില്‍ ഇവരെ ഇറാനിലേക്ക് നാടുകടത്താനുള്ള നിയമനടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇതോടെ അമേരിക്കയിലെ ഇവരുടെ ആഡംബര ജീവിതത്തിന് തിരശ്ശീല വീഴുകയാണ്.
