പുതിയ പാര്‍ട്ടിയില്ല, കൂടുമാറ്റവുമില്ല! തിരഞ്ഞെടുപ്പ് ദിനത്തിലെ വമ്പന്‍ 'ബോംബ്' ചീറ്റിപ്പോയി; കോണ്‍ഗ്രസ് വിടുമെന്ന വാര്‍ത്ത വ്യാജം; നിയമനടപടിയെടുക്കുമെന്ന് കെ. സുധാകരന്‍ എംപി; യുഡിഎഫ് വിജയം ഉറപ്പെന്നും പ്രഖ്യാപനം

കോണ്‍ഗ്രസ് വിടുമെന്ന വാര്‍ത്ത വ്യാജം: കെ. സുധാകരന്‍ എംപി

Update: 2026-04-09 12:48 GMT

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ദിനത്തില്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് മുന്‍ കെപിസിസി അദ്ധ്യക്ഷനും എംപിയുമായ കെ. സുധാകരന്‍ വ്യക്തമാക്കി. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തോടുള്ള തന്റെ പ്രതിബദ്ധത അചഞ്ചലമായി തുടരുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചു.

ഒരു ചാനല്‍ ആദ്യം പടച്ചുവിട്ട അടിസ്ഥാനരഹിതമായ ഈ വാര്‍ത്ത ചില ഓണ്‍ലൈന്‍ ചാനലുകളും മുഖ്യധാരാ മാദ്ധ്യമങ്ങളുടെ ഓണ്‍ലൈന്‍ വിഭാഗങ്ങളും ഏറ്റുപിടിച്ച് നല്‍കുകയായിരുന്നു. സത്യം മറച്ചുവെച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നീക്കങ്ങള്‍ മാദ്ധ്യമധര്‍മ്മത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം ഇതിനകം രൂപപ്പെട്ടുകഴിഞ്ഞെന്നും യുഡിഎഫ് മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് മടങ്ങിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News