കാസര്‍കോട് ഉദുമയില്‍ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിംഗ് ബൂത്തിലെത്തി; യുഡിഎഫ് ഇലക്ഷന്‍ ഏജന്റ് പിടിയില്‍; കണ്ണട പിടിച്ചെടുത്തു, സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയെന്ന് വിശദീകരണം

Update: 2026-04-09 10:16 GMT

കാസര്‍കോട് : ഉദുമയില്‍ പോളിംഗ് ബൂത്തില്‍ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് പിടിയില്‍. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഇലക്ഷന്‍ ഏജന്റും അഭിഭാഷകനുമായ ബി.എം. ജമാലാണ് ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിലെത്തിയത്. ബേക്കല്‍ ഇസ്ലാമിയ എഎല്‍പി സ്‌കൂളിലെ 165-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. സിഐയുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കണ്ണട പൊലീസ് പിടിച്ചെടുത്തു.

ജമാല്‍ ധരിച്ച കണ്ണടയില്‍ ക്യാമറയുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ട എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ താന്‍ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയാണിതെന്നും ഇതില്‍ ക്യാമറയുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നുമാണ് ബി.എം. ജമാലിന്റെ വിശദീകരണം. ഇതേത്തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസറും പൊലീസും ഇടപെട്ട് കണ്ണട പിടിച്ചെടുക്കുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് ബൂത്തില്‍ നേരിയ സംഘര്‍ഷാവസ്ഥ ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി. എന്തിനാണ് ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച് ബൂത്തിനകത്തേക്ക് കയറിയത് എന്നത് വ്യക്തമല്ല. കണ്ണട കസ്റ്റഡിയിലെടുത്ത ശേഷം ബി എം ജമാലിനെ വിട്ടയച്ചു. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായതിനാല്‍ വിഷയത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്.

Tags:    

Similar News