പുതുപ്പള്ളിയില്‍ 'ഉമ്മന്‍ചാണ്ടി വികാരം'; കറുപ്പണിഞ്ഞ് പ്രതിഷേധവുമായി ചാണ്ടി ഉമ്മന്‍; 'വേട്ടയാടലിന് ജനം മറുപടി നല്‍കും'; ചാണ്ടി വികാരം ആളിക്കത്തിച്ച് മകന്‍
പുതുപ്പള്ളി: സമാനതകളില്ലാത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന പുതുപ്പള്ളിയില്‍, പിതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ സര്‍ക്കാര്‍ നടത്തിയ 'വേട്ടയാടലുകള്‍' എണ്ണിപ്പറഞ്ഞ് വികാരാധീനനായി ചാണ്ടി ഉമ്മന്‍. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താനെത്തിയത്. പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 140-ാം നമ്പര്‍ ബൂത്തില്‍ അമ്മ മറിയാമ്മ ഉമ്മന്‍, സഹോദരി മറിയ എന്നിവര്‍ക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പിതാവിനെ ഒന്‍പത് വര്‍ഷക്കാലം ഈ സര്‍ക്കാര്‍ അന്യായമായി വേട്ടയാടിയെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു. 'വേട്ടയാടുക മാത്രമല്ല, അതിന് നേതൃത്വം നല്‍കിയവരെ സംരക്ഷിക്കുകയും ചെയ്തു. പുതുപ്പള്ളിയുടെയും കേരളത്തിന്റെയും മനസ്സിലേറ്റ മുറിവാണത്. ആ വേദനയോടെയാണ് ഈ പ്രതിഷേധം അറിയിക്കുന്നത്. ഇല്ലാത്ത കഥകളുണ്ടാക്കി വേട്ടയാടിയിട്ടും ഒന്നും ചെയ്തില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല,' ചാണ്ടി ഉമ്മന്‍ പറഞ്ഞു. മരണശേഷവും ഉമ്മന്‍ചാണ്ടിയെ അപമാനിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും പുതുപ്പള്ളിയെ സര്‍ക്കാര്‍ അവഗണിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'പണി തീരാത്ത മിനി സിവില്‍ സ്റ്റേഷന് ഉമ്മന്‍ചാണ്ടിയുടെ പേരിട്ടു. ഇങ്ങനെ ഞങ്ങളെ അപമാനിക്കണോ? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍ത്തിയിടത്ത് തന്നെയാണ് പാലങ്ങളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുമൊക്കെ ഇപ്പോഴും നില്‍ക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കാതെ മണ്ഡലത്തെ വേട്ടയാടി,' ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്കെതിരെയുള്ള പരോക്ഷ പരിഹാസമായും ചാണ്ടി ഉമ്മന്റെ കറുപ്പണിഞ്ഞുള്ള വരവ് മാറി. 'കറുപ്പ് പ്രതിഷേധത്തിന്റേതാണ്. കറുപ്പ് കണ്ടാല്‍ ഇന്ന് പലര്‍ക്കും പ്രശ്നമാണ്. ഇത് വലിയ ആചാരത്തിന്റെ ഭാഗമാണെന്ന് കൂടി വിചാരിച്ചാല്‍ മതി,' അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുമെന്നും ചാണ്ടി ഉമ്മന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
