നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തും; ഭരണവിരുദ്ധ വികാരം വോട്ടായി മാറും; ദേശീയ സര്‍വേ ഫലങ്ങളെല്ലാം യു.ഡി.എഫിന് അനുകൂലം: വോട്ടു രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു വി.ഡി സതീശന്‍
നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തും; ഭരണവിരുദ്ധ വികാരം വോട്ടായി മാറും
പറവൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നൂറിലധികം സീറ്റുകള്‍ നേടി കരുത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ദേശീയ സര്‍വേ ഫലങ്ങളെല്ലാം യു.ഡി.എഫിന് അനുകൂലമാണെന്നും ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. പറവൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ചില 'തട്ടിക്കൂട്ട്' സര്‍വേകള്‍ക്ക് യാതൊരു വിലയുമില്ല. ഇത്തരം സര്‍വേകള്‍ നടത്തുന്നവര്‍ സ്വന്തം വിശ്വാസ്യതയാണ് തകര്‍ക്കുന്നത്. നേരത്തെ കഷ്ടിച്ച് ഭൂരിപക്ഷം പ്രവചിച്ചവര്‍ പോലും ഇപ്പോള്‍ യുഡിഎഫിന്റെ വന്‍ വിജയം സമ്മതിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഗൗരവകരമാണ്. ബാലറ്റ് പേപ്പര്‍ ലഭിക്കാത്തതിനാല്‍ പലരും വോട്ട് ചെയ്യാതെ മടങ്ങേണ്ടി വരുന്നത് ജനാധിപത്യപരമായ വീഴ്ചയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ലോക്‌സഭയെന്ന ക്വാര്‍ട്ടര്‍ ഫൈനലിനും തദ്ദേശമെന്ന സെമി ഫൈനലിനും ശേഷം നിയമസഭയെന്ന ഫൈനലില്‍ യുഡിഎഫ് മികച്ച ഗോളുകള്‍ അടിച്ചുകൊണ്ടിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചു. രാവിലെ ആറര മുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് സംസ്ഥാനത്തെ പല ബൂത്തുകളിലും. വൈകീട്ട് ആറുമണി വരെയാണ് പോളിങ്.
മുഖ്യമന്ത്രി പിണറായി വിജയന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍, ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോന്‍, സുരേഷ് ഗോപി ഉള്‍പ്പെടെ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയതിനു പിന്നാലെ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എല്‍ഡിഎഫ് നേതാക്കളും ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ് നേതാക്കളും അവകാശപ്പെട്ടു.