വിവാദങ്ങളും വാഗ്ദാനങ്ങളും കൊഴുപ്പേകിയ പ്രചാരണത്തിന് ഒടുവില്‍ നാളെ ജനങ്ങളുടെ വിധിയെഴുത്ത്; 140 മണ്ഡലങ്ങളിലായി സംസ്ഥാനത്ത് 2.71 കോടി വോട്ടര്‍മാര്‍; ആത്മവിശ്വാസത്തോടെ മുന്നണികളും; വോട്ടിങ്ങ് രാവിലെ 7 ന് തുടങ്ങും; സംസ്ഥാനത്ത് ആകെ 2500 പ്രശ്നബാധിത ബൂത്തുകള്‍; പൂര്‍ണ്ണസുരക്ഷയില്‍ കേരളം പോളിങ്ങ് ബൂത്തിലേക്ക്
വിവാദങ്ങളും വാഗ്ദാനങ്ങളും കൊഴുപ്പേകിയ പ്രചാരണത്തിന് ഒടുവില്‍ നാളെ ജനങ്ങളുടെ വിധിയെഴുത്ത്
തിരുവനന്തപുരം: കൊട്ടിക്കയറിയ ആവേശ പ്രചാരണത്തിന് സംസ്ഥാനത്ത് പിന്നാലെ സംസ്ഥാനത്ത് നിശബ്ദ പ്രചാരണവും സമാപിച്ചു. ഇനി ജനങ്ങളുടെ വിധിയെഴുത്ത്.ഒരുപക്ഷെ കേരളത്തിന്റെ സമീപകാല രാഷ്ട്രീയ ചരിത്രത്തില്‍ ഇത്രയേറേ ആകാംഷയുണ്ടാക്കിയ നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നുവെന്നുപോലും സംശയിക്കുംവിധമാണ് ഇത്തവണത്തെ കാര്യങ്ങള്‍.അതിനാല്‍ തന്നെ നിശബ്ദപ്രചരണത്തിലും മൂന്നു മുന്നണികളും സജീവമായിരുന്നു.വിട്ടു പോയ വോട്ടര്‍മാരെയും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലായിരുന്നു ഇന്ന് സ്ഥാനാര്‍ത്ഥികള്‍.
വ്യാഴാഴ്ച്ച രാവിലെ 7 നാണ് വോട്ടിങ്ങ് ആരംഭിക്കുക.വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.സംസ്ഥാനത്ത് 2.71 കോടി വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലേക്ക് എത്തുക.140 മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ വോട്ടിംഗ് മെഷീനില്‍ വിരല്‍ അമര്‍ത്തുന്നതോടെ സംസ്ഥാന ഭരണത്തിന്റെ വിധി നിര്‍ണയിക്കപ്പെടും.രണ്ടു ലക്ഷത്തോളം പേര്‍ ഇതിനകം വീട്ടിലിരുന്നു വോട്ട് ചെയ്തു.കണ്ണൂര്‍,കാസര്‍കോട്,മലപ്പുറം,പാലക്കാട്,എറണാകുളം ജില്ലകളില്‍ മാത്രമാണ് തിരക്ക് ക്രമീകരിക്കുന്നതിനു വേണ്ടിയുള്ള ഓക്സിലറി ബൂത്തുകളുള്ളത്.വനിത ഉദ്യോഗസ്ഥര്‍ മാത്രമുള്ള 352ഉം ഭിന്നശേഷി ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുന്ന 37ഉം ബൂത്തുകളുമുണ്ട്.884ബൂത്തുകള്‍ മാതൃകാബൂത്തുകളായിരിക്കും. സംസ്ഥാനത്ത് 140 പോളിംഗ് കളക്ഷന്‍ സെന്ററുകളും 43സ്ഥലങ്ങളിലായി 140 കൗണ്ടിംഗ് കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ പോളിംഗ് സാമഗ്രികളുടെ വിതരണവും ഇന്ന് പൂര്‍ത്തിയായി.സംസ്ഥാനത്ത് ആകെ 2500 പ്രശ്നബാധിത ബൂത്തുകള്‍ ഉണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.ഇവിടങ്ങളിലടക്കം സംസ്ഥാനത്തെ ആകെ 30,471 പോളിംഗ് ബൂത്തിലേക്കുമായി 28, 209 സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരടക്കം 76,203 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്.സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷന്‍ സബ്ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ലോക്കല്‍ യൂണിറ്റിന് പുറമെ സ്‌പെഷ്യല്‍ യൂണിറ്റുകള്‍, ബറ്റാലിയനുകള്‍, മറ്റ് ഡിപ്പാര്‍ട്‌മെന്റുകളിലെ സേനാംഗങ്ങള്‍ എന്നിവരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 140 കേന്ദ്രസേനാ അംഗങ്ങളും 20 കമ്പനി തമിഴ്‌നാട് പൊലീസും തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെത്തും. വോട്ടര്‍മാര്‍ക്ക് സമാധാനപരവും സ്വതന്ത്രവുമായ രീതിയില്‍ വോട്ട് രേഖപ്പെടുത്താന്‍ ആവശ്യമായ എല്ലാ സജീകരണങ്ങളും കേരളപൊലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.പ്രശ്‌നസാദ്ധ്യതയുള്ള മണ്ഡലങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
ആശങ്കകളും പ്രതീക്ഷകളുമായി മുന്നണികള്‍.. നാളെ വിധിയെഴുത്ത്
ഇനി ജനമനസിന്റെ വിധിയെഴുത്ത്.കഴിഞ്ഞ പത്തുവര്‍ഷത്തെ ഭരണനേട്ടത്തില്‍ മൂന്നാമൂഴം ഉറപ്പെന്ന പ്രതീക്ഷയില്‍ എല്‍.ഡി.എഫ്. ഭരണവിരുദ്ധ വികാരത്തില്‍ അധികാരം തിരിച്ചു പിടിക്കാമെന്ന പ്രത്യാശയില്‍ യു.ഡി.എഫ്.കേരളത്തില്‍ വിജയിക്കുന്ന മുന്നണിയാകാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ എന്‍.ഡി.എ.മൂന്നു മുന്നണികള്‍ക്കും ആത്മവിശ്വാസം വാനോളം.എന്നാല്‍, ഇതുവരെ നടത്തിയ പ്രചാരണം എത്രത്തോളം ഏശിയെന്ന ആകാംക്ഷ ബാക്കി.ജാതി, സമുദായ സമവാക്യങ്ങള്‍ സൃഷ്ടിക്കുന്ന അടിയൊഴുക്കുകള്‍ വിധി നിര്‍ണയത്തില്‍ സുപ്രധാന ഘടകമാകും. മധ്യകേരളത്തിലെ 50 മണ്ഡലങ്ങളില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഇടത്,വലത് മുന്നണികള്‍.തൃശ്ശൂരും മണലൂരും പിടിച്ചെടുക്കാമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് സര്‍ക്കാരെന്ന നിലയില്‍ ഭരണനഷ്ടം സംഭവിച്ചാല്‍ സി.പി.എമ്മിനും മുന്നണിക്കും കനത്ത ആഘാതമാകും.എന്നാല്‍, പത്തുവര്‍ഷത്തെ വികസനം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.2021ലെ പ്രകടനപത്രിയിലെ 900 വാഗ്ദാനങ്ങളില്‍ 874 എണ്ണവും നടപ്പാക്കാനായെന്ന് കാട്ടി പുറത്തിറക്കിയ പ്രോഗ്രസ് കാര്‍ഡ് അനുകൂലമാകുമെന്ന പ്രതീക്ഷ.പക്ഷെ പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിയ കലാപക്കൊടി പൊട്ടിത്തെറിയിലെത്തിയത് സി.പി.എം നേതൃത്വത്തെ തുടക്കത്തില്‍ അന്ധാളിപ്പിച്ചു.അവസാന ലാപ്പിലും എല്‍ഡുഎഫിന്റെ വലിയ തലവേദന ഇത് തന്നെയാണ്
യുഡിഎഫിലേക്ക് വന്നാല്‍ ഭരണവിരുദ്ധ വികാരം തന്നെയാണ് വലിയ പ്രതീക്ഷ. എന്നാല്‍,പത്തുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം വീണ്ടും പ്രതിപക്ഷത്തായാല്‍ പാര്‍ട്ടിയും മുന്നണിയും ശിഥിലമാവുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.ഭരണവിരുദ്ധ വികാരത്തിലൂടെ ഇത് മറികടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം.കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര,കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം ആയിരം രൂപയടക്കം ഇന്ദിര ഗ്യാരന്റിയിലാണ് യുഡിഎഫ് വോട്ട് തേടുന്നത്.എങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ വോട്ടെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന് ആശങ്കയും യുഡിഎഫ് കേന്ദ്രങ്ങളിലുണ്ട്.
എന്‍ഡിഎ കേരളത്തില്‍ അധികാരം പിടിക്കുന്നതിന് അടിത്തറ പാകാന്‍ ഒന്നിലേറെ സീറ്റുകളില്‍ വിജയം പ്രതീക്ഷിക്കുകയാണ്.മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അതിന് സഹായകമാകുമെന്നും കണക്കുകൂട്ടുന്നു.വികസിത കേരളമെന്ന മോദി ഗ്യാരന്റിയിലൂടെ ജനമനസില്‍ ഇടംനേടാനായെന്ന പ്രതീക്ഷ.ഒപ്പം കേരളത്തിലെ എല്‍ഡിഎഫ് യുഡിഎഫ് പതിവ് രീതിയില്‍ നിന്ന് ജനങ്ങള്‍ മാറിചിന്തിച്ചു തുടങ്ങിയെന്ന കണക്കുകൂട്ടലും.എങ്കിലും കോണ്‍ഗ്രസ് ഉയര്‍ത്തിയ സി.പി.എം- ബി.ജെ.പി ഡീല്‍ വിവാദം തിരിച്ചടിയാകുമോ എന്ന് ആശങ്കയും നേതൃത്വത്തിനുണ്ട്യ
പതിവിന് വിപരീതമായി തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും മുന്നണികള്‍ തമ്മിലുള്ള പരസ്പരം പഴിചാരലുകള്‍ക്ക് കുറവൊന്നുമില്ല.പാലക്കാട്ടെ വോട്ടിന് കാശ് ആരോപണമുള്‍പ്പടെ അവസാന മണിക്കൂറിലും തെരഞ്ഞടുപ്പിനെ ചുടുപിടിപ്പിക്കുകയാണ് മുന്നണികള്‍.ഇതിന് പുറമെ എസ്.ഡി.പി.ഐയുടെ പിന്തുണയുടെ പേരില്‍ എല്‍.ഡി.എഫിനെ യു.ഡി.എഫും, ജമാ അത്തെ ഇസ്ലാമിയുടെ പേരില്‍ യു.ഡി.എഫിനെ എല്‍.ഡി.എഫും പരസ്പരം കുറ്റപ്പെടുത്തുന്നു.യു.ഡി.എഫ് വന്നാല്‍ ഭരണത്തില്‍ മേധാവിത്വം മുസ്ലിംലീഗിനായിരിക്കുമെന്ന ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെയും സി.പി.എം നേതാവ് എ.വിജയരാഘവന്റെയും വാക്കുകളില്‍ യു.ഡി.എഫ് നേതൃത്വം കാണുന്നത് ഒരേസ്വരം.
വോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്
വോട്ടിങ്ങിന് പോകുംമുന്‍പ് വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്. വോട്ടര്‍ പട്ടികയിലെ പേര് ഉറപ്പാക്കുക. വോട്ട് ചെയ്യാന്‍ വോട്ടര്‍ ഐഡി മാത്രം പോരാ, വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടായിരിക്കണം. നിങ്ങളുടെ കൈവശം വോട്ടര്‍ ഐഡി കാര്‍ഡ് ഇല്ലെങ്കില്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച താഴെ പറയുന്ന 12 രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കാം: ആധാര്‍ കാര്‍ഡ് / പാന്‍ കാര്‍ഡ് / പാസ്‌പോര്‍ട്ട്, ബാങ്ക്/പോസ്റ്റ് ഓഫീസ് ഫോട്ടോ പാസ്ബുക്ക്, തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് കാര്‍ഡ്, പെന്‍ഷന്‍ രേഖകള്‍ (ഫോട്ടോ സഹിതം),സര്‍ക്കാര്‍ ജീവനക്കാരുടെ ഐഡി കാര്‍ഡ്, ഭിന്നശേഷിക്കാര്‍ക്കുള്ള യുഡിഐഡി കാര്‍ഡ്.
പോളിങ് ബൂത്തിലെ നടപടിക്രമങ്ങള്‍
ഒന്നാം പോളിങ് ഓഫീസര്‍: നിങ്ങളുടെ പേരും ക്രമനമ്പറും പരിശോധിച്ച് ഉറപ്പുവരുത്തും.രണ്ടാം പോളിങ് ഓഫീസര്‍: ഇടതുകൈ വിരലില്‍ മഷി പുരട്ടുകയും വോട്ടര്‍ രജിസ്റ്ററില്‍ ഒപ്പ്/വിരലടയാളം രേഖപ്പെടുത്തുകയും ചെയ്യും. തുടര്‍ന്ന് നിങ്ങള്‍ക്ക് ഒരു വോട്ടേഴ്സ് സ്ലിപ്പ് നല്‍കും.മൂന്നാം പോളിങ് ഓഫീസര്‍: നിങ്ങളുടെ വിരലിലെ മഷി പരിശോധിച്ച ശേഷം വോട്ടിംഗ് മെഷീന്‍ സജ്ജമാക്കും (ബാലറ്റ് ബട്ടണ്‍ അമര്‍ത്തും).
വോട്ട് രേഖപ്പെടുത്തുന്ന രീതി
മെഷീനില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള നീല ബട്ടണ്‍ അമര്‍ത്തുക. ഉടന്‍ തന്നെ ഒരു ബീപ് ശബ്ദം കേള്‍ക്കാം.ബട്ടണ്‍ അമര്‍ത്തിയ ശേഷം, വോട്ടിംഗ് മെഷീന് അടുത്തുള്ള വിവിപാറ്റ് ബോക്സിലെ ഗ്ലാസിലൂടെ നിങ്ങള്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും കാണാം. 7 സെക്കന്‍ഡ് നേരം ഈ സ്ലിപ്പ് ദൃശ്യമാകും.
ബൂത്തിലെ സൗകര്യങ്ങള്‍
മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാന്‍ റാംപ് സൗകര്യവും വോളണ്ടിയര്‍മാരുടെ സഹായവും ലഭിക്കും. പോളിംഗ് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കണിശമായി നിരോധിച്ചിരിക്കുന്നു.
വോട്ടുവിമാനം ഇല്ല! പ്രവാസി വോട്ടുകള്‍ കുറയുമോ?
തിരഞ്ഞെടുപ്പുകാലത്ത് നാട്ടിലേക്ക് ഗള്‍ഫില്‍ നിന്ന് പതിവായി പറക്കുന്ന 'വോട്ടുവിമാനങ്ങള്‍' ഇക്കുറിയില്ല.പശ്ചിമേഷ്യന്‍ സംഘര്‍ഷം ഈ ചാര്‍ട്ടേഡ് വിമാനങ്ങളുടെ ചിറകരിഞ്ഞു.അതിനാല്‍,പ്രവാസി വോട്ടുകളില്‍ കുത്തനെ ഇടിവുണ്ടാകും.15 വോട്ടുവിമാനങ്ങള്‍ വരെ എത്തിയിരുന്നു. ഇത്തവണ ഇത് വളരെ കുറവാണ്.അതിനുള്ള ശ്രമങ്ങള്‍ പല ഭാഗത്തുനിന്നും ഉണ്ടായിരുന്നെങ്കിലും കാര്യമാണ് പുരോഗതിയുണ്ടായില്ല.മലബാര്‍ മേഖലകളിലുള്ളവരാണ് ഏറ്റവും കൂടുതല്‍ എത്തിയിരുന്നത്.കേരള മുസ്ലിം കള്‍ചറല്‍ സെന്റര്‍ (കെ.എം.സി.സി) ഉള്‍പ്പെടെയുള്ള പ്രമുഖ സംഘടനകള്‍ ഏര്‍പ്പെടുത്തുന്ന വിമാനങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമായിരുന്നു.
യു.എ.ഇയില്‍ മാത്രം 18 ലക്ഷത്തോളം മലയാളികള്‍ ഉള്ളതായാണ് കണക്ക്.പ്രചാരണത്തിനും മറ്റും സ്വന്തം ചെലവില്‍ എത്തിയിരുന്നവരും യാത്ര വേണ്ടെന്നുവച്ചു. കുതിച്ചുയരുന്ന യാത്രാനിരക്കും ജോലിയിലെ അനിശ്ചിതത്വവും മൂലം സജീവപ്രവര്‍ത്തകരടക്കം വരവ് ഒഴിവാക്കുകയായിരുന്നു.
വോട്ടെടുപ്പില്‍ നിന്ന് പ്രവാസികള്‍ കൂട്ടത്തോടെ വിട്ടുനില്‍ക്കേണ്ടിവരുന്ന സാഹചര്യം ആദ്യമാണ്.പ്രചാരണത്തിനായി മുതിര്‍ന്ന നേതാക്കളടക്കം ഗള്‍ഫില്‍ എത്തുമായിരുന്നു. കാര്യമായ സംഭാവനകളും കിട്ടുമായിരുന്നു. ഇപ്പോഴത്തെ സാഹചര്യം വോട്ടര്‍മാര്‍ക്കും പാര്‍ട്ടികള്‍ക്കും ഒരുപോലെ വിനയായി.
