ഒരു തരം, രണ്ടു തരം, മൂന്നു തരം; യുഡിഎഫ് ഭരണം ഉറപ്പിച്ചുവെന്ന് എ.കെ.ആന്റണി; യുഡിഎഫ് തൂത്തുവാരും, ഇന്ന് ആറ് മണി കഴിയുമ്പോള്‍ പിണറായി സര്‍ക്കാര്‍ അസ്തമിക്കും; പത്ത് വര്‍ഷത്തെ ജനദ്രോഹ നടപടികള്‍ക്ക് വോട്ടര്‍മാര്‍ കടുത്ത ശിക്ഷ നല്‍കാന്‍ പോവുന്നുവെന്ന് എ കെ ആന്റണി; ഉമ്മന്‍ ചാണ്ടിയെ സര്‍ക്കാര്‍ വേട്ടയാടിയത് ഓര്‍മ്മിപ്പിച്ച് പോളിംഗ് ദിനത്തില്‍ കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മനും
ഒരു തരം, രണ്ടു തരം, മൂന്നു തരം; യുഡിഎഫ് ഭരണം ഉറപ്പിച്ചുവെന്ന് എ.കെ.ആന്റണി
തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം ഇന്ന് ആറ് ണിയോടെ അവസാനിക്കുമെന്നും ആന്റണി വ്യക്തമാക്കി. പത്ത് വര്‍ഷത്തെ ജനദ്രോഹ നടപടികള്‍ക്ക് കേരളത്തിലെ വോട്ടര്‍മാര്‍ കടുത്ത ശിക്ഷ നല്‍കാന്‍ പോവുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ തന്നെ ദൃശ്യമായ ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിന്റെ അവസാന ഘട്ടമായപ്പോഴേക്കും വലിയൊരു ജനരോഷമായി മാറി. 2001ലെ ആന്റണി സര്‍ക്കാരിന്റെ വിജയത്തേക്കാള്‍ വലിയ വിജയമാണ് യുഡിഎഫിനെ കാത്തിരിക്കുന്നത്- അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന ഗണ്യമായ ഒരു വിഭാഗം ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യും. കേരളത്തില്‍ ഇടതുപക്ഷം നശിക്കാതിരിക്കണമെങ്കില്‍ 'തുടര്‍ഭരണം' ഉണ്ടാകാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന സിപിഎം അനുഭാവികള്‍ പോലും ഇത്തവണ യുഡിഎഫിനെ പിന്തുണയ്ക്കും. കേരളത്തിന്റെ മണ്ണില്‍ ബിജെപിക്ക് വേരോട്ടം കിട്ടാന്‍ പ്രയാസമാണെന്നും അവര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം പ്രതിഷേധ സൂചകമായി കറുപ്പണിഞ്ഞ് പോളിങ് ബൂത്തിലെത്തി ചാണ്ടി ഉമ്മന്‍. പിതാവ് ഉമ്മന്‍ ചാണ്ടിയെ സര്‍ക്കാര്‍ വേട്ടയാടിയെന്നും ഇന്ന് ഏറ്റവും വേദനയുള്ള ദിവസമാണെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. പണി തീരാത്ത മിനി സിവില്‍ സ്റ്റേഷന് ഉമ്മന്‍ ചാണ്ടിയുടെ പേരിട്ടു. ഇങ്ങനെ തങ്ങളെ അപമാനിക്കണോ എന്നും ചാണ്ടി ഉമ്മന്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 140-ാം നമ്പര്‍ ബൂത്തിലെത്തിയാണ് അമ്മ മറിയാമ്മ ഉമ്മന്‍, സഹോദരി മറിയ എന്നിവര്‍ക്കൊപ്പം ചാണ്ടി വോട്ടു രേഖപ്പെടുത്തിയത്.
പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സര്‍ക്കാരിനെതിരേ വോട്ട് രേഖപ്പെടുത്തുന്ന ദിവസമാണ് ഇന്ന്. പല പ്രതിഷേധങ്ങളും ഉണ്ട്. എന്റെ പിതാവിനെ അന്യായമായി ഒമ്പത് വര്‍ഷക്കാലം ഈ സര്‍ക്കാര്‍ വേട്ടയാടി. വേട്ടയാടിയത് മാത്രമല്ല, അതിന് നേതൃത്വം നല്‍കിയവരെ സംരക്ഷിച്ചു, സംരക്ഷിക്കുന്നു. അതിനെതിരായ പ്രതിഷേധമാണ് ഇത്. ഒരു സംശയവും വേണ്ട. പുതുപ്പള്ളിയുടെ മനസ്സില്‍, കേരളത്തിന്റെ മനസ്സിലേറ്റ മുറിവാണ്. ആ വേട്ടയാടല്‍ ഞങ്ങളോടും, മണ്ഡലത്തോടും ഉണ്ട്.
വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് തരാതെ വേട്ടയാടപ്പെട്ടിട്ടുണ്ട്. വികസനപ്രവര്‍ത്തനങ്ങള്‍ തടഞ്ഞിട്ടുണ്ട്. അതിനുള്ള പ്രതിഷേധം കൂടിയാണ് ഇത്. പാലങ്ങള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ഇപ്പോഴും അങ്ങനെ തന്നെ നില്‍ക്കുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിര്‍ത്തിയിടത്ത് തന്നെ ഇപ്പോഴും നില്‍ക്കുകയാണ്. പണി തീരാത്ത സിവില്‍ സ്റ്റേഷന് എന്റെ പിതാവിന്റെ പേരിട്ടു. ഇങ്ങനെ ഞങ്ങളെ അപമാനിക്കണോ? പണി തീരാത്ത സ്ഥാപനത്തിന് അദ്ദേഹത്തിന്റെ പേരിടണോ? അദ്ദേഹത്തിന്റെ മരണശേഷവും ഞങ്ങളെ വേട്ടയാടി.
ശബരിമല സ്വര്‍ണ്ണക്കള്ള, നാടിനെ ആകെ ബാധിച്ച പ്രശ്‌നങ്ങളിലെല്ലാം പ്രതിഷേധമുണ്ട്. ജനം പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ ആ പ്രതിഷേധം കാണിക്കും. കറുപ്പ് പ്രതിഷേധത്തിന്റേതാണ്. കറുപ്പ് കണ്ടാല്‍ ഇന്ന് പലര്‍ക്കും പ്രശ്‌നമാണ്. ഇത് വലിയ ആചാരത്തിന്റെ ഭാഗമാണെന്ന് കൂടി വിചാരിച്ചാല്‍ മതി.
ഇല്ലാത്ത കഥകളുണ്ടാക്കി മൂന്ന് വര്‍ഷക്കാലം വേട്ടയാടി. അതിന് ശേഷം സിബിഐ അന്വേഷണം. എങ്ങനെയൊക്കെ വേട്ടയാടാമോ അങ്ങനെയൊക്കെ ചെയ്തു കഴിഞ്ഞിട്ട് ഞങ്ങള്‍ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ പറ്റുമോ? കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദനയുള്ള ദിവസമാണ്. ആ വേദനയോടെയാണ് പ്രതിഷേധം അറിയിക്കുന്നത്- ചാണ്ടി ഉമ്മന്‍ പറഞ്ഞു.
വടക്കാഞ്ചേരിയില്‍ കള്ളവോട്ട് ആരോപണം
വോട്ട് രേഖപ്പെടുത്താന്‍ പോളിങ് സ്റ്റേഷനിലെത്തിയ വോട്ടറുടെ വോട്ട് നേരത്തെ തന്നെ 'പോസ്റ്റല്‍ വോട്ട്' ആയി രേഖപ്പെടുത്തിയതായി പരാതി. വടക്കാഞ്ചേരി ഗേള്‍സ് ഹൈസ്‌കൂളിലെ 49-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. വടക്കാഞ്ചേരി പാറപ്പറമ്പില്‍ സജീവ് (40) എന്ന വോട്ടര്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
സര്‍ക്കാര്‍ സര്‍വീസിലുള്ള സജീവ് ഇത്തവണ പോളിങ് സ്റ്റേഷനിലെത്തി നേരിട്ട് വോട്ട് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ബൂത്തിലെത്തി രേഖകള്‍ പരിശോധിച്ചപ്പോഴാണ് തന്റെ വോട്ട് നേരത്തെ തന്നെ പോസ്റ്റല്‍ ബാലറ്റായി രേഖപ്പെടുത്തിയ വിവരം ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. താന്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കുകയോ ബാലറ്റ് കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന് സജീവ് വ്യക്തമാക്കി.
സംഭവമറിഞ്ഞതോടെ ബൂത്തിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. അര്‍ഹതപ്പെട്ട വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും സാങ്കേതികമായി സജീവിന് വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
